Image

പൊതുമരാമത്ത് കരാറുകാര്‍ക്ക് പിടിവീഴും ; വര്‍ക്കിംഗ് കലണ്ടറുമായി മന്ത്രി

Published on 25 October, 2021
പൊതുമരാമത്ത് കരാറുകാര്‍ക്ക് പിടിവീഴും ;  വര്‍ക്കിംഗ് കലണ്ടറുമായി മന്ത്രി
പൊതുമരാമത്ത് വകുപ്പില്‍ അടിമുടി മാറ്റമാണ് യുവമന്ത്രിയായ മുഹമ്മദ് റിയാസ് നടപ്പിലാക്കുന്നത്. ഇപ്പോള്‍ വര്‍ക്കിംഗ് കലണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് മന്ത്രിയുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ പണികള്‍ അനിശ്ചിതമായി നീണ്ടു പോകുന്നു എന്ന ആരോപണം കാലങ്ങളായി ശക്തമാണ്. 

ഈ സാഹചര്യത്തില്‍ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ക്കിംഗ് കലണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് . മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ കാരണങ്ങള്‍ പറഞ്ഞ പണികള്‍ അനിശ്ചിതമായി നീട്ടിക്കാൊണ്ടു പോകുന്ന കരാറുകാര്‍ക്കും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് വര്‍ക്കിംഗ് കലണ്ടര്‍ പണി കൊടുക്കുന്നത്. 

കരാറുകാര്‍ ഉള്‍പ്പെടെയുള്ള വര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസ് തന്നെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചുവടെ 

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് നേരിട്ട് സന്ദര്‍ശനവും വിലയിരുത്തല്‍ യോഗങ്ങളും സംഘടിപ്പിച്ചു വരുന്നത്. ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ക്ക് പുറമെ ഇനി ഓരോ മൂന്ന് മാസത്തിലും കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗവും വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്നലെ ഒരു യോഗം ചേര്‍ന്നു. 
വളരെ ഫലപ്രദമായ യോഗം ആയിരുന്നു. കരാറുകാരുടെ സംഘടനാ പ്രതിനിധികള്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചു. വികസനത്തിന് വേണ്ടി ഒപ്പം ഉണ്ടാകുമെന്ന് അവര്‍ ഉറപ്പ് നല്‍കി.  പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് പുതിയ കുറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളാനും സാധിച്ചു. 

പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കാനുള്ള തീരുമാനമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. കരാറുകാരുടെ സംഘടനാ പ്രതിനിധികള്‍ ഇരുകയ്യും നീട്ടി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. കേരളത്തിന്റെ  കാലാവസ്ഥക്ക് അനുസരിച്ച്  പ്രവൃത്തികള്‍ക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തില്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കാനാണ് ആലോചിക്കുന്നത്.
ഇതോടൊപ്പം റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ഓരോ റോഡിന്റേയും  അറ്റകുറ്റപ്പണി 
നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏല്‍പ്പിക്കുന്നതാണ് രീതി. റണ്ണിംഗ് കോണ്‍ട്രാക്ട്  നടപ്പാക്കുമ്പോള്‍ എല്ലാ കരാറുകാരുടേയും പിന്തുണ ഉണ്ടാകണമെന്ന് സംഘടനാ പ്രതിനിധികളോട് ആവശ്യപ്പെട്ടു.

പൊതുമരാമത്ത് മെയിന്റനന്‍സ് വിംഗ് ശക്തിപ്പെടുത്തുന്ന കാര്യം യോഗത്തില്‍ വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് നിലവില്‍ കേരള ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (KHRI) എന്നൊരു സ്ഥാപനം ഉണ്ട്. ഇത് വിപുലീകരിച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കും ആവശ്യമായ പരിശീലനം ഏര്‍പ്പെടുത്തുന്ന കാര്യവും യോഗത്തില്‍ സംസാരിച്ചു. 
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് എം എല്‍ എ, വി കെ സി മമ്മദ് കോയ എക്‌സ് എം എല്‍ എ, വര്‍ഗീസ് കണ്ണംപള്ളി,  കെ ജെ വര്‍ഗീസ്, സണ്ണി ചെന്നിക്കര, ദിനേശ് കുമാര്‍, സുനില്‍ പോള  തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കെ ആര്‍ എഫ് ബി സി ഇ ഓ ശ്രീറാം സാംബശിവറാവു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക