Image

മഴക്കെടുതി: കേന്ദ്ര സഹായം ഉറപ്പുനല്‍കി പ്രധാനമന്ത്രി; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു

Published on 17 October, 2021
 മഴക്കെടുതി: കേന്ദ്ര സഹായം ഉറപ്പുനല്‍കി പ്രധാനമന്ത്രി; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു


തിരുവനന്തപുരം: കനത്ത മഴയില്‍ ദുരിതത്തിലായ കേരളത്തിന് കേന്ദ്ര സഹായം ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണില്‍ സംസാരിച്ചു. ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെ ന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.  

കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ഥിക്കുന്നതായി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു. പരിക്കേറ്റവരേയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മോദി പറഞ്ഞു. 

സംസ്ഥാനത്തിന് കരകയറാന്‍ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. നിലവില്‍ എന്‍ഡിആര്‍എഫിന്റെ 11 സംഘത്തെയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. 


കഴിഞ്ഞ രണ്ട് ദിവസമായി തെക്കന്‍ ജില്ലകളില്‍ തുടരുന്ന മഴക്കെടുതിയില്‍ 23 പേരുടെ ജീവനാണ് നഷ്ടമായത്. തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഒക്ടോബര്‍ 21 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക