Image

വിനോദയാത്ര പോയ സംഘത്തിലെ രണ്ടുപേര്‍ കല്ലാറില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Published on 17 October, 2021
 വിനോദയാത്ര പോയ സംഘത്തിലെ രണ്ടുപേര്‍ കല്ലാറില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു



തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.  പൊന്‍മുടിയിലേക്ക് പോയതായിരുന്നു ഇവര്‍. എന്നാല്‍ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പൊന്‍മുടിയില്‍ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല. തുടര്‍ന്ന് അവിടെനിന്ന് തിരുച്ചുവരും വഴി കല്ലാര്‍ നെല്ലിക്കുന്ന് ചെക്ക് ഡാമിന്റെ പരിസരത്ത് ഇവര്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.  

രണ്ടു പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ അഭിലാഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അഭിലാഷിനോടൊപ്പം ഒഴുക്കില്‍ പെട്ടയാള്‍ അരക്കിലോമീറ്ററോളം ഒഴുകി ഒരു വള്ളിയില്‍ പിടിച്ചുനിന്നു. നാട്ടുകാരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.


ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്തേക്ക് പോകുന്നതിന് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പോലീസ് പട്രോളിഗും ഉണ്ടായിരുന്നു. .ഇവരുടെ ശ്രദ്ധയില്‍ പെടാതെ ആദിവാസി കോളനി വഴി ഇവര്‍ ഡാമിന്റെ പരിസരത്തേക്ക് പോയതെന്നാണ് വിവരം. വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക