Image

അതിര്‍ത്തി സുരക്ഷ ശക്തമാക്കണം; താലിബാന്‍ മാറിയാലും പാകിസ്താന്‍ മാറില്ല: മോഹന്‍ ഭഗവത്

Published on 15 October, 2021
 അതിര്‍ത്തി സുരക്ഷ ശക്തമാക്കണം; താലിബാന്‍ മാറിയാലും പാകിസ്താന്‍ മാറില്ല: മോഹന്‍ ഭഗവത്


നാഗ്പൂര്‍: അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. അഫ്ഗാനിസ്താനിലുണ്ടായിരിക്കുന്ന രാഷ്ട്രീയ മാറ്റവും താലിബാന്റെയും ചൈനയുടെയും പാകിസ്താന്റേയും ഉദ്ദേശശുദ്ധി ചോദ്യം ചെയ്തുമാണ് മോഹന്‍ ഭഗവത് അതിര്‍ത്തി കൂടുതല്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത്. വിജയ ദശമി ദിനത്തില്‍ നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'താലിബാന്റെ ചരിത്രം നമുക്കറിയാം. ചൈനയും പാകിസ്താനും ഈ ദിവസങ്ങളില്‍ അവരെ പിന്തുണയ്ക്കുന്നു. താലിബാന് മാറ്റം വന്നാലും പാകിസ്താനുണ്ടാവില്ല. ഇന്ത്യയോടുള്ള ചൈനയുടെ സമീപനത്തില്‍ മാറ്റം വന്നോ? ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ജാഗ്രതയും തയ്യാറെടുപ്പുകളും ഉണ്ടായിരിക്കണമെന്നും' മോഹന്‍ ഭഗവത് പറയുന്നു. 

ഇസ്ലാമിന്റെ പേരിലുള്ള അവരുടെ പക്ഷപാതം, മതഭ്രാന്ത്, ദുര്‍ഭരണം, ഭീകരവാദം എന്നിവയെല്ലാം താലിബാനെ എല്ലാവര്‍ക്കും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ചൈന, പാകിസ്താന്‍, തുര്‍ക്കി എന്നിവരെല്ലാം താലിബാനുമായി അവിശുദ്ധ ബന്ധത്തില്‍ ഒട്ടിച്ചേര്‍ന്നിരിക്കുകയാണ്. നമ്മുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ ഒരിക്കല്‍ കൂടി വലിയ ആശങ്കാ വിഷയമായിരിക്കുകയാണ്. 

അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടത് ഭൂമിയുടെ അതിര്‍ത്തികളില്‍ മാത്രമല്ല, സമുദ്രാതിര്‍ത്തികളിലും വേണം. അവിടെ നിശബ്ദ ആക്രമണങ്ങള്‍ നടക്കുകയാണ്. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കണം. ഇത്തരക്കാര്‍ക്ക് ഒരു പൗരാവകാശങ്ങളും നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആര്‍.എസ്.എസിന്റെ ഭാവി പരിപാടികളും ദര്‍ശനങ്ങളും വ്യക്തമാക്കുന്നതായാണ് വിജയദശമി നാളില്‍ സംഘടനയുശട അധ്യക്ഷന്‍ നടത്തുന്ന പ്രസംഗം കണക്കാക്കുക. ദേശീയ പ്രധാന്യമുള്ള പല വിഷയങ്ങളിലും ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കുന്നതാണ് ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗവും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക