Image

വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം

Published on 14 October, 2021
വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം
ചെന്നൈ: തമിഴ്‌നാട്ടിലെ സ്കൂളില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ ഗവര്‍മെന്‍റ് നന്ദനാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തിച്ച ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി കാലില്‍ ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്. സഹപാഠികളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചില കുട്ടികളെ ക്ലാസിലെ നിലത്ത് ഇരുത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണിത്. സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്ക് ധരിച്ചിട്ടില്ല. സ്കൂളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. അതിനാല്‍ കോവിഡ് ലോക്ഡൗണിന് മുമ്പ് നടന്ന സംഭവമാണോയെന്നും സംശയമുണ്ട്.

വിഷയത്തില്‍ ഇതുവരെ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല. അധ്യാപകനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എത്രയും വേഗം അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ കടലൂര്‍ കലക്ടര്‍ ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക