Image

അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്താന്‍ പുതിയ നിയമ നിര്‍മ്മാണം

Published on 13 October, 2021
അണ്‍എയ്ഡഡ്  സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്താന്‍ പുതിയ നിയമ നിര്‍മ്മാണം
തിരുവനന്തപുരം:അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്താന്‍ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചുള്ള ഉത്തരവനുസരിച്ച്‌ ഹെഡ്മാസ്റ്റര്‍-7,000/- രൂപ, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് -6,000/- രൂപ, പ്രൈമറി ടീച്ചര്‍-5,000/- രൂപ, ക്ലാര്‍ക്ക്-4,000/- രൂപ, പ്യൂണ്‍/ക്ലാസ്-IV-3,500/- രൂപ എന്നിങ്ങനെ മിനിമം വേതനം നിശ്ചയിക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ കേരളാ ഹൈക്കോടതി തുടര്‍ന്ന് ഇടപെടുകയും ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം രൂപ 20,000/-, 15,000/-, 10,000/- എന്നീ ക്രമത്തില്‍ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.

മേല്‍പറഞ്ഞ സര്‍ക്കാര്‍ ഉത്തരവിന്റേയും ഹൈക്കോടതി വിധിയുടേയും അടിസ്ഥാനത്തില്‍, സ്‌കൂളുകളില്‍ പൊതുവില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാര്‍ക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലും നടപടി എടുത്തുവരുന്നു.അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് നല്‍കേണ്ടതായ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക