Image

ജോലിസ്ഥലങ്ങളിലെ കൂട്ട അറസ്റ്റ് ബൈഡൻ ഭരണകൂടം അവസാനിപ്പിക്കുന്നു

Published on 12 October, 2021
ജോലിസ്ഥലങ്ങളിലെ കൂട്ട അറസ്റ്റ്  ബൈഡൻ ഭരണകൂടം അവസാനിപ്പിക്കുന്നു
വാഷിംഗ്ടൺ, ഡി.സി:  അനധികൃത  കുടിയേറ്റക്കാരെ നിയമിക്കുന്നതായി സംശയിക്കുന്ന  സ്ഥാപനങ്ങളിൽ പോയി  കൂട്ട അറസ്റ്റ്  നടത്തുന്നത്  അവസാനിപ്പിക്കാൻ  ഹോംലാൻഡ് സെക്യൂരിറ്റി  സെക്രട്ടറി അലജാൻഡ്രോ മയോർകാസ്   ഉത്തരവിട്ടു.

ഇത് സംബന്ധിച്ച് അന്തിമ തീരുമാനം  വരും വരെ ഈ നിർദേശം പാലിക്കാനാണ് ഉത്തരവിൽ പറയുന്നത്. അത് വരെ ജോലി സ്ഥലങ്ങളിൽ പോയി വലിയ തോതിൽ നടപടി എടുക്കുന്നത് നിർത്തണം. 

അതിനു പുറമെ അനധികൃത ജോലിക്കാർക്ക് കുറഞ്ഞ  വേതനം നൽകുക , സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ ഏർപ്പെടുത്തുക, മനുഷ്യക്കടത്ത് നടത്താൻ സാഹചര്യമുണ്ടാക്കുക എന്നിവ ഉൾപ്പെടെ അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന തൊഴിലുടമകൾക്കെതിരെ   നടപടി എടുക്കണം.

കുറഞ്ഞ വേതനം നൽകി  നിയമവിരുദ്ധ കുടിയേറ്റക്കാരെ തൊഴിലുടമകൾ ഉപയോഗിക്കുന്നത് തടയാനും   മറ്റു  ബിസിനസുകൾക്കും പൗരന്മാർക്കും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നത് ഒഴിവാക്കാനും  പുതിയ തന്ത്രം സഹായിക്കുമെന്ന് മയോർക്കസ് വിശദീകരിച്ചു.

സമൂഹത്തിനു ഗുണം ചെയ്യുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനൊപ്പം ദേശസുരക്ഷക്ക്   ദോഷം ചെയ്യുന്നവരെ  അറസ്റ്റ് ചെയ്യുന്നതിനും നാടുകടത്തുന്നതിനും മുൻഗണന നൽകാൻ മയോർക്കസ് നേരത്തെ  ഉത്തരവിട്ടിരുന്നു 

11 ദശലക്ഷത്തിലധികം രേഖകളില്ലാത്ത കുടിയേറ്റക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക