Image

ഇന്ത്യ മരിച്ചിട്ടില്ല (കളത്തിൽ വർഗ്ഗീസ്)

Published on 12 October, 2021
ഇന്ത്യ മരിച്ചിട്ടില്ല (കളത്തിൽ വർഗ്ഗീസ്)
ഇന്ത്യ മരിച്ചിട്ടില്ലെന്ന് ഒരു ചിത്രം തെളിയിക്കുന്നത് എങ്ങനെയാണെന്ന് ദിവസങ്ങൾക്ക് മുൻപ് പത്രമാധ്യമങ്ങൾ വഴി ലോകം കണ്ടിരുന്നു. ആക്രമണത്തിൽ സംഘപരിവാർ ശക്തികൾ കൊന്നൊടുക്കിയ കർഷകരുടെ കുടുംബത്തെ കെട്ടിപ്പിടിച്ചു കൊണ്ട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിൽക്കുന്ന ചിത്രം ഇന്നും ഓരോ ഇന്ത്യൻ ജനതയുടെയും കണ്ണിലുണ്ട്. എവിടെയൊക്കെയോ കോൺഗ്രസ്‌ എന്ന പാർട്ടി പരാജയപ്പെട്ടു പോയെങ്കിലും ഇന്ത്യയുടെ സമാധാനാന്തരീക്ഷ നിലനിർത്താൻ അത്‌ വീണ്ടും പുനർജനിക്കുകയാണ്. അന്നം തരുന്ന കർഷകർക്ക് വേണ്ടി നിലകൊള്ളാൻ കമ്മ്യൂണിസ്റ്റ്‌ പ്രതിനിധികളോ, ഇന്ത്യൻ ഗവണ്മെന്റിനെതിരെ ശബ്ദമുയർത്തുന്ന ഉവൈസി അടക്കമുള്ള നേതാക്കളോ ശബ്ദമുയർത്താതിരുന്നപ്പോൾ, ഗാന്ധി കുടുംബത്തിലെ രണ്ടുപേർ, സകല പ്രതിസന്ധികളെയും മറികടന്ന് ലഖിമ്പൂർ ഖേരിയിൽ എത്തി. ഇത് ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട ഒരേട് തന്നെയാണ് എന്നതിൽ സംശയിക്കാനൊന്നുമില്ല.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാദ് ഏർപ്പെടുത്തിയ എല്ലാ വിലക്കുകളെയും മറികടന്നാണ് രാഹുലും പ്രിയങ്കയും കർഷകരുടെ അടുത്തേക്കെത്തിയത്. ആ ചിത്രം കാണുമ്പോൾ ഇന്ത്യ ഇനിയും കോൺഗ്രസിന്റെ കൈകളിൽ സുരക്ഷിതമാണെന്ന ഒരു തോന്നൽ ഇവിടെയുള്ള ഓരോ ജനതയ്ക്കും ഉണ്ടായിരുന്നു. കളിയാക്കലുകൾക്കും, അതിക്ഷേപങ്ങൾക്കും മുകളിൽ രാഹുൽ ഗാന്ധിയിൽ നിറഞ്ഞ് നിൽക്കുന്ന മനുഷ്യത്വം നമ്മൾ ഓരോരുത്തരും എവിടെയെങ്കിലും അടയാളപ്പെടുത്തേണ്ടതുണ്ട്. പ്രിയപ്പെട്ടവരെല്ലാം തെരുവുകളിൽ വച്ച് കൊല്ലപ്പെടുന്നത് കണ്ട ഒരു കുട്ടി വീണ്ടും അതേ തെരുവിലേക്ക്, അതേ ജനങ്ങൾക്കിടയിലേക്ക് കടന്നുവരണമെങ്കിൽ അയാൾക്ക് ഈ രാജ്യത്തോടും ജനതയോടും എത്രത്തോളം അനുകമ്പയും കടപ്പാടുമുണ്ടെന്ന് നമുക്ക്‌ മനസ്സിലാക്കാൻ കഴിയും.

ഒരു ജനാധിപത്യ രാജ്യത്ത് അവിടെ ജീവിക്കുന്ന ജനങ്ങൾക്ക് ആവശ്യമില്ലാത്ത നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ പോരാടാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കുന്നത് തന്നെ വലിയ പ്രതീക്ഷയാണ്. അന്നം തരുന്ന കർഷകർക്ക് വേണ്ടി തെരുവിലിറങ്ങാൻ തൊഴിലാളി സംഘടനകളോ മറ്റോ ഇല്ലാത്തിരുന്നിട്ടും, കോൺഗ്രസ്‌ നിരന്തരമായി കർഷകർക്കൊപ്പം അണിനിരന്നു. രാഷ്ട്രീയപരമായി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം നടപടികൾ എന്ന് പറഞ്ഞ് മറ്റ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം കയ്യൊഴിയാമെങ്കിലും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഈ ആർജ്ജവം ഇന്ത്യയുടെ സമ്പത്ത് തന്നെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക