Image

മലയാളത്തിന്റെ മഹാനടന് കണ്ണീരോടെ വിട ചൊല്ലി കേരളം

Published on 12 October, 2021
മലയാളത്തിന്റെ മഹാനടന് കണ്ണീരോടെ വിട ചൊല്ലി കേരളം
തിരുവനന്തപുരം:  അരങ്ങിലും അഭ്രപാളിയിലും വിസ്മയങ്ങള് തീര്ത്ത മലയാളത്തിന്റെ മഹാനടന്‍  നെടുമുടി വേണു ഇനി ഓര്മ. മലയാളത്തിന്റെ പ്രിയ നടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാവിലെ പത്ത് മുതല് അയ്യങ്കാളി ഹാളില് മൃതദേഹം പൊതുദര്ശനത്തിന് വെച്ചതിന് ശേഷമായിരുന്നു തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകള്. 

വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുന്നന്‍പാറയിലെ നെടുമുടിയുടെ വസതിയായ 'തമ്ബില്‍' ഇന്നലെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ കനത്ത മഴയെ അവഗണിച്ചും  രാഷ്ട്രീയ-സാംസ്കാരിക- ചലച്ചിത്ര മേഖലകളിലെ നിരവധിപേര്   എത്തി.  തിങ്കളാഴ്ച രാത്രി തന്നെ മമ്മൂട്ടിയും മോഹന്ലാലും   വീട്ടിലെത്തി അന്തിമോപചാരം അര്പ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ ഒട്ടേറെ പേര്‍ മൃതദേഹത്തെ അനുഗമിച്ച്‌ അയ്യങ്കാളി  ഹാളിലെത്തിയിരുന്നു. സമുദായ-സാംസ്കാരിക നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍  അന്തിമോപചാരം അര്‍പ്പിച്ചു.

മമ്മൂട്ടി 40 വര്‍ഷക്കാലത്തെ അഭിനയ സഹവാസം ഓര്‍ത്തെടുത്തപ്പോള്‍ മോഹന്‍ലാല്‍ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങള്‍ പങ്കിട്ടു. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാല്‍, വികാരാധീനനായി. 

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ നെടുമുടി വേണുവിന്റെ വിയോഗം അതീവ ദുഃഖകരമാണെന്നു ഗവര്‍ണര്‍ പറഞ്ഞു.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ഉദരസംബന്ധമായ അസുഖത്തെത്തുടര്ന്ന് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക