Image

അരങ്ങൊഴിയുന്നത് അഭിനയത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ച ബഹുമുഖ പ്രതിഭ

Published on 11 October, 2021
അരങ്ങൊഴിയുന്നത് അഭിനയത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ  സമ്മാനിച്ച  ബഹുമുഖ പ്രതിഭ
  ഓരോ സിനിമയിലും  വേറിട്ട  അഭിനയത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ  മലയാളിക്ക്‌ കാഴ്ച്ചകളായി  സമ്മാനിച്ച  ബഹുമുഖ പ്രതിഭ നെടുമുടി വേണു ഇനി ഓര്‍മ്മ. നെടുമുടി വേണു എന്ന നടൻ തന്റെ ഭാവ പ്രകടനവും ശരീരവും  ശബ്ദവും  കൊണ്ട്  കഥാപാത്രങ്ങളിലേക്ക് നടത്തിയ പകർന്നാട്ടങ്ങൾ മലയാളി എന്നെന്നും നെഞ്ചോട് ചേർക്കാൻ ഇഷ്ടപ്പെടുന്നവയാണ് .

അഞ്ഞൂറോളം ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ഭാവം നൽകിയ, ഞാറ്റു പാട്ടിന്റെയും വള്ളംകളിയുടെയും നാട്ടിൽ ജനിച്ചുവളർന്ന ഈ കുട്ടനാട്ടുകാരനെ ജനങ്ങൾ ഹൃദയത്തിലേറ്റുക തന്നെ ചെയ്തു. 

ഭാരതപ്പുഴയോരത്തെ ഒരു പഴയ ക്ഷേത്രത്തിന്റെ ആൽമരച്ചുവട്ടിൽ കിടക്കുന്ന ഉണ്ണിയായിട്ടാണ് നെടുമുടി വേണുവിന്റെ  സിനിമാ അഭിനയ വഴികളിലെ തുടക്കം,  1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെ . ഭരതന്റെ 'ആരവ' ത്തിലെ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.  'വിടപറയും മുമ്പേ'യിലെ സേവ്യർ എന്ന അല്പബുദ്ധിയുടെ വേഷം  1981 ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു. ഭരതന്റെ ആരവം, പത്മരാജന്റെ ചാമരം തുടങ്ങി നന്മയുടെ അംശമുള്ള കഥാപാത്രങ്ങളിൽ   നിന്ന്  പിന്നീട് വില്ലൻ വേഷങ്ങളിലേയ്ക്കുള്ള പകർന്നാട്ടമാണ് കണ്ടത്. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാനിലെ ശിവൻപിള്ള, തകരയിലെ ചെല്ലപ്പനാശാരി  തുടങ്ങിയ വേഷങ്ങൾ ഉദാഹരണം. 
 
 പഞ്ചവടിപ്പാലത്തിലെ വൃദ്ധനെയും  ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ രാവുണ്ണി മാസ്റ്ററേയും   ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനെയുമെല്ലാം   നെടുമുടി അനായാസമായാണ് അവതരിപ്പിച്ചത്. വ്യത്യസ്തമായ ജീവിതപ്പകർച്ചകളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങളോരോന്നും .

ഇന്ത്യൻ, അന്യൻ ഉൾപ്പെടെ തമിഴ്‌ചിത്രങ്ങളിലും വേഷമിട്ടു. പൂരം” സിനിമ സംവിധാനം ചെയ്‌തു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതി. 

ചാമരം, ഒരിടൊത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, വിടപറയും മുമ്ബേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രമാത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, തണുത്തവെളുപ്പാന്‍ കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

1990-മികച്ച സഹനടനുള്ള ദേശീയ അവാർഡ്(ഹിസ്‌ഹൈനസ് അബ്‌ദുള്ള), 2003-ൽ ദേശീയ അവാർഡിൽ പ്രത്യേക പരാമർശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം . മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിലെ  പുരസ്‌കാരം. 

 ആണും പെണ്ണുമാണ് ഒടുവിൽ പുറത്ത് വന്ന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്‌ത 'മരക്കാർ അറബിക്കടലിന്റെ സിംഹ'മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 കുട്ടനാട്ടിൽ നിന്നു അഭിനയവഴികളിലേക്ക് പറിച്ചുനടപ്പെട്ടെങ്കിലും വിതയും  നടലും കൊയ്ത്തും കൊയ്ത്തുപാട്ടും വള്ളംകളി  ആരവങ്ങളും  അദ്ദേഹത്തിന്റെ മനസ്സില് ഉല്സവമേളം തീര്ത്തിരുന്നു.

മാതാപിതാക്കൾ അധ്യാപകരായിരുന്നെങ്കിലും  പഠനത്തേക്കാളേറെ കലയും സംഗീതവുമൊക്കെ നിറഞ്ഞുനിന്ന വീടായിരുന്നു നെടുമുടിയുടേത്. മക്കളെ വാദ്യവും സംഗീതവുമൊക്കെ പഠിപ്പിക്കാന് നെടുമുടിയുടെ പിതാവ്   പി കെ കേശവപിള്ള അധ്യാപകരെ വീട്ടില് താമസിപ്പിച്ചിരുന്നു. 

മൃദംഗത്തോടും ഘടത്തോടും ഇഷ്‌ടം കൂടിനടന്ന ചെറുപ്പകാലത്ത് തന്നെ  അഭിനയവും ഒപ്പമുണ്ടായിരുന്നു. 

ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി. നാടകാചാര്യൻ കാവാലം നാരായണപണിക്കർക്കൊപ്പം   ‘എനിക്ക്‌ ശേഷം, ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ സമൂഹ ശ്രദ്ധയാകർഷിച്ച നിരവധി നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങൾക്ക്‌ ജീവൻ പകർന്നു. പിന്നീട് കാവാലത്തിന്റെ  നാടക അരങ്ങിനൊപ്പം  നെടുമുടിയുടെ തട്ടകവും തിരുവനന്തപുരത്തേക്കു മാറ്റി.  

ഇടക്കാലത്ത്‌ പാരലൽ കോളേജ്‌ അധ്യാപകനും മാധ്യമപ്രവർത്തകനുമായതും 'തമ്ബി'ലൂടെ സിനിമയിലെത്തിയതുമൊക്കെ പില്ക്കാലചരിത്രം.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക