Image

എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നു; വില്‍പന 18,000 കോടി രൂപയ്ക്ക്

Published on 09 October, 2021
എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നു; വില്‍പന 18,000 കോടി രൂപയ്ക്ക്
ദേശീയ വിമാനക്കമ്ബനി- എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 18,000 കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ ലേലം വിജയിച്ചത്. ഡിസംബറില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. ഇതോടെ 68 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യ അതിന്റെ സ്ഥാപകനിലേക്ക് തിരിച്ചെത്തുന്നു.

എയര്‍ ഇന്ത്യ അഞ്ചുവര്‍ഷത്തേക്ക് ടാറ്റയ്ക്ക് മറ്റാര്‍ക്കും കൈമാറാന്‍ കഴിയില്ല. 1932ല്‍ ജെ.ആര്‍.ഡി. ടാറ്റ സ്ഥാപിച്ച വിമാനക്കമ്ബനിയാണ് എയര്‍ ഇന്ത്യയായത്. 1953ല്‍ ദേശസാല്‍ക്കരണത്തിലൂടെ കേന്ദ്രസര്‍ക്കാരിനു കീഴിലായതും. 2001ലും 2018ലും എയര്‍ ഇന്ത്യ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ഒടുവില്‍ ലക്ഷ്യംകണ്ടത്.

ദേശീയ വിമാനക്കമ്ബനി തുടര്‍ച്ചയായ നഷ്ടം നേരിടുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 68 വര്‍ഷം മുമ്ബാണ് എയര്‍ ഇന്ത്യ ടാറ്റയില്‍ നിന്ന് ഏറ്റെടുത്ത് ദേശസാല്‍ക്കരിക്കുന്നത്. ഇപ്പോള്‍ ടാറ്റ സണ്‍സ് ഏറ്റടുത്തതോടെ സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികള്‍ ടാറ്റ സ്വന്തമാക്കും.

എയര്‍ ഇന്ത്യയുടെ മൊത്തം കടം ഓഗസ്റ്റ് 31 വരെ 61,562 കോടി രൂപയായിരുന്നു. വിജയകരമായ ബിഡ്ഡിനായി ടാറ്റ ഗ്രൂപ്പ് 15,300 കോടി രൂപ കടം വാങ്ങും. ശേഷിക്കുന്ന 46,262 കോടി ബാക്കി കടം SPV- യ്ക്ക് നല്‍കും. 2009-10 മുതല്‍ 1,10,276 കോടി രൂപയാണ് എയര്‍ ഇന്ത്യയ്ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്.

നിലവിലെ എല്ലാ എയര്‍ ഇന്ത്യ ജീവനക്കാരെയും ടാറ്റ ഗ്രൂപ്പ് ആദ്യ വര്‍ഷം നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. നിലവിലെ ലേലവിജയിയായ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ നിലവിലുള്ള എല്ലാ ജീവനക്കാരെയും ആദ്യ വര്‍ഷം നില നിര്‍ത്താനാണ് തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക