Image

ഹിന്ദിയിൽ നിന്ന് മൊഴി മാറി എത്തിയ 'ഭ്രമം,' ചിരിക്കാനും ആവേശം കൊള്ളാനും (സൂരജ്‌ കെ.ആർ.)

Published on 08 October, 2021
ഹിന്ദിയിൽ നിന്ന് മൊഴി മാറി എത്തിയ 'ഭ്രമം,' ചിരിക്കാനും ആവേശം കൊള്ളാനും (സൂരജ്‌  കെ.ആർ.)
2018-ല്‍ ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത 'അന്ധാധുന്‍' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് പ്രിഥ്വിരാജ്, മംമ്താ മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഭ്രമം.' ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടുകയും, ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റാവുകയും ചെയ്ത അന്ധാധുനിന് മികച്ച നടന്‍, മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നിവയ്ക്ക് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ തിയറ്ററുകളിലും, ഇന്ത്യയില്‍ മാത്രമായി ആമസോണ്‍ പ്രൈം വഴിയും ഒക്ടോബര്‍ 7-നാണ് ചിത്രം റിലീസ് ചെയ്തത്.

അന്ധാധുന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ അതേപടി തന്നെ മലയാളത്തിലേയ്ക്ക് പകര്‍ത്തിയാണ് 'ഭ്രമം' നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം ചില കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും വിശ്വസനീയമാക്കാന്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന മാറ്റം, ഭ്രമം ഒരല്‍പ്പം കൂടി ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് തയ്യാറാക്കിയിരിക്കുന്നതെന്നതാണ്.

കണ്ണുകാണാത്ത ആളായി അഭിനയിച്ച് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ് റേ മാത്യൂസ് എന്ന ചെറുപ്പക്കാരന്‍. സംഗീതജ്ഞനും, പിയാനിസ്റ്റുമായ അയാള്‍ക്ക് അങ്ങനെ അഭിനയിക്കുന്നതില്‍ കൃത്യമായ ന്യായീകരണവുമുണ്ട്. ഇതിനിടെയാണ് അയാള്‍ സിനിമയിലെ മുന്‍കാല നായകനും, എന്നാല്‍ ഇപ്പോള്‍ ബിസിനസുകളുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന മോഹന്‍കുമാറിനെ പരിചയപ്പെടുന്നത്. മോഹന്‍കുമാര്‍ ഒരു ദിവസം പിയാനോ പ്ലേ ചെയ്യാനായി റേയെ തന്റെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിക്കുന്നതും, തുടര്‍ന്ന് നടക്കുന്ന അപ്രതീക്ഷിതവും, ഉദ്യേഗജനകവുമായ സംഭവങ്ങളുമാണ് ചിത്രം ആകെത്തുകയില്‍.

ഒരുപക്ഷേ അന്ധാധുന്‍ കണ്ട പ്രേക്ഷകര്‍ക്ക് 'ഭ്രമം' അത്രത്തോളം ദഹിച്ചില്ലെന്നു വരും. അതിന് കാരണം പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളുടെ പ്രകടനങ്ങളാണ്. തബു അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിന് പകരം മലയാളത്തില്‍ മംമ്ത എത്തിയപ്പോള്‍ വലിയൊരു തരത്തിലുള്ള താരതമ്യം തന്നെ നടന്നുവെന്ന് പറയാം. അന്ധാധുനിലെ കഥാപാത്രം തബുവിന്റെ കൈയില്‍ പല തരത്തിലും (തബുവിന്റെ പ്രായം ഉള്‍പ്പെടെ) ഭദ്രമായിരുന്നു എന്നതിനാലും, ഹിന്ദിയിലെ കഥാപാത്രം കുറച്ചുകൂടെ ആഴമുണ്ടായിരുന്നു എന്നതിനാലും ആകാം ആ കല്ലുകടി.

രണ്ടാമത് റാഷി ഖന്ന അവതരിപ്പിച്ച റേയുടെ കാമുകിയുടെ കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിച്ചത് രാധികാ ആപ്‌തേ ആയിരുന്നു. രാധികയുടെ കഥാപാത്രവും കൂടുതല്‍ മാനങ്ങളുള്ള തരത്തിലായിരുന്നു ഹിന്ദിയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നത്.

മലയാളത്തിലേക്കെത്തുമ്പോള്‍ നയാകനായ റേയിലേയ്ക്ക് മാത്രമായി ശ്രദ്ധ വല്ലാതെ ചുരുങ്ങിയോ എന്ന സംശയം ബലപ്പെടും. പ്രിഥ്വിരാജ് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അതിനൊപ്പം ആഴമില്ലാത്ത കഥാപാത്രങ്ങളാണ് ചുറ്റുമുള്ളത് എന്നതാണ് ചിത്രത്തെ പലപ്പോഴും വിരസമാക്കുന്നത്. അതേസമയം തിരക്കഥയുടെ ഉദ്വേഗജനകമായ പോക്ക് അതിനെ മറികടക്കാന്‍ ചിലപ്പോഴെല്ലാം സഹായിക്കുന്നുമുണ്ട്. ഉണ്ണി മുകുന്ദന്‍, അനന്യ എന്നിവരുടെ പ്രകടനം കൊള്ളാം.

മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു മേന്മ. ലൈറ്റിങ്ങിലടക്കം വളരെ മികവ് പുലര്‍ത്താന്‍ ഛായാഗ്രാഹകന്‍ കൂടിയായ രവി കെ. ചന്ദ്രന്‍ ശ്രദ്ധിച്ചിരിക്കുന്നു. കലാസംവിധാനവും മികച്ച ഛായാഗ്രഹണസംവിധാനത്തെ സഹായിച്ചിരിക്കുന്നു.

പശ്ചാത്തലസംഗീതം മികച്ചതാണെങ്കിലും പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള സിനിമയില്‍ വലിയ ശ്രവണസുഖമുള്ള പാട്ടുകളൊന്നുമില്ല. അവയുടെ വരികളും മേന്മയുള്ളതായി തോന്നിയില്ല.

കഥാപാത്രങ്ങളെ പുനഃസൃഷ്ടിച്ചതിലെ പാളിച്ച സിനിമയുടെ ന്യൂനതയാണെങ്കിലും, അന്ധാധുനിനെക്കാള്‍ ഹാസ്യരംഗങ്ങള്‍ ഭ്രമത്തിലുണ്ട്. അത് സാഹചര്യങ്ങള്‍ തീര്‍ക്കുന്ന ഹാസ്യം മാത്രമല്ല, കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ കൂടിയാണെന്നതിനാല്‍ അവ രസിപ്പിക്കുന്നതാണ്. അന്ധാധനില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവം ഈ സീനുകള്‍ക്ക് നല്‍കാന്‍ സാധിക്കും.

നേരത്തെ പറഞ്ഞതുപോലെ അന്ധാധുന്‍ കണ്ട് ഇഷ്ടപ്പെട്ടവര്‍ക്ക് ഭ്രമം പൂര്‍ണ്ണതൃപ്തി നല്‍കിയേക്കില്ല. അതിന് മറ്റൊരു കാരണം ഇതൊരു സസ്‌പെന്‍സ് ത്രില്ലര്‍ കൂടിയാണെന്നുള്ളതാണ്. ഏതൊരു സിനിമയും ആദ്യമായി കാണുന്ന പ്രേക്ഷകര്‍ക്ക് സസ്‌പെന്‍സ് വെളിപ്പെട്ട് വരുമ്പോഴുള്ള അനുഭൂതി, സസ്‌പെന്‍സും ട്വിസ്റ്റും അറിഞ്ഞുകൊണ്ട് സിനിമ കാണുന്ന ഒരാള്‍ക്ക് കിട്ടില്ലെന്ന കാര്യം ഉറപ്പാണ്. പക്ഷേ അന്ധാന്ധുന്‍ കാണാതെ ആദ്യമായി കാണുന്നത് ഭ്രമമാണെങ്കില്‍ തീര്‍ച്ചയായും വലിയൊരു പരിധി വരെ ചിത്രം നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക