Image

വ്യാജസമ്മതപത്രം മൂലം ജോലി പോയ ശ്രീജക്ക് ഇന്ന് നിയമന ഉത്തരവ് പി.എസ്.സി കൈമാറി

Published on 08 October, 2021
 വ്യാജസമ്മതപത്രം മൂലം ജോലി പോയ ശ്രീജക്ക് ഇന്ന് നിയമന ഉത്തരവ് പി.എസ്.സി കൈമാറി

കോട്ടയം: വ്യാജ സമ്മതപത്രം മൂലം സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്.ശ്രീജയ്ക്ക് ഒടുവില്‍ നീതി. ശ്രീജയ്ക്ക് നിയമന ഉത്തരവ് പി.എസ്.സി കൈമാറി. ഇന്ന് കോട്ടയം പി.എസ്.സി ഓഫീസില്‍ എത്തിയാണ് ശ്രീജ ഉത്തരവ് കൈപ്പറ്റിയത്. 

സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമനം. സമ്മതപത്രം നല്‍കിയത് എസ്.ശ്രീജയല്ലെന്ന് പി.എസ്.സി നല്‍കിയ പ്രാഥമിക അമന്വഷണത്തില്‍ കണ്ടെത്തിയതോടെയാണ് നിയമന ഉത്തരവ് നല്‍കിയത്. 


ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും ഇപ്പോള്‍ ജോലി കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും ശ്രീജ പറഞ്ഞു. തന്റെ 
വിഷമം പുറത്തെത്തിച്ച മാധ്യമങ്ങളടക്കം കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു. 

കൊല്ലം സ്വദേശിനിയും കുന്നത്തൂരില്‍  റവന്യൂവകുപ്പില്‍ ജീവനക്കാരിയുമായ മറ്റൊരു ശ്രീജയായിരുന്നു ജോലി ആവശ്യമില്ലെന്ന് കാണിച്ച് പി.എസ്.സിക്ക് കത്തയച്ചത്. റാങ്ക് പട്ടികയിലുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നല്‍കിയതെന്നും തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ചിലര്‍ നടത്തിയ ഗൂഢാലോചന ഇതിലൂടെ പുറത്ത് വന്നിരുന്നു. വ്യാജസമ്മത പത്രം നല്‍കി അര്‍ഹതപ്പെട്ടയാളുടെ ജോലി ഇല്ലാതാക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ശ്രീജ നടത്തിയ നിയമപോരാട്ടവും സ്വന്തം നിലയില്‍ നടത്തിയ അന്വേഷണവുമാണ് ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക