Image

ശ്രീനഗറിലെ അദ്ധ്യാപകരെ വെടിവച്ച് കൊന്ന സംഭവം: വ്യാപക പ്രതിഷേധം

Published on 08 October, 2021
ശ്രീനഗറിലെ അദ്ധ്യാപകരെ വെടിവച്ച് കൊന്ന സംഭവം: വ്യാപക പ്രതിഷേധം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ സഫ മേഖലയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ വനിതാ പ്രിന്‍സിപ്പലും അദ്ധ്യാപകനും കൊല്ലപ്പെട്ടു. സംഭവത്തില്‍ വ്യാപക പ്രതിഷേധം.

ശ്രീനഗര്‍ ഈദ്ഗാഹ് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 11.15ഓടെ എത്തിയ ഭീകരര്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരെ വെടിവച്ചുകൊല്ലുകയായിരുന്നു. ഇരുവരും ശ്രീനഗര്‍ സ്വദേശികളാണ്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതിനാല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നില്ല.

ഭീകരരെ കണ്ടെത്താനായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറില്‍ മാത്രം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.

ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ദ റസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്) ആണെന്ന് ജമ്മുകാശ്മീര്‍ പൊലീസ് പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍ ഇക്ബാല്‍ പാര്‍ക്കിലെ മെഡിക്കല്‍ ഷോപ്പ് ഉടമ മക്കാന്‍ ലാല്‍ ബിന്ദ്രു അടക്കം മൂന്നു പേരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക