America

കഥകളുടെ കാണാപ്പുറങ്ങളുമായി പാർശ്വ വീഥികൾ പറഞ്ഞു തുടങ്ങുന്നു (അനിൽ പെണ്ണുക്കര)

Published

on

കഥകള്‍ എപ്പോഴും കാണാപ്പുറങ്ങള്‍ തന്നെയാണ്. ഞാന്‍ കാണുന്ന മനുഷ്യരോ വഴികളോ സന്ദര്‍ഭങ്ങളോ സംസ്കാരമോ അല്ല മറ്റൊരാള്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെ എഴുത്തുകള്‍ക്കും  വ്യത്യസ്ത മുഖങ്ങളും ഭാവങ്ങളുമാണുള്ളത്. മുഖം ബുക്സ്  മലപ്പുറം പുറത്തിറക്കിയ "പാർശ്വവീഥികൾ പറഞ്ഞു തുടങ്ങുന്നു "എന്ന  സമാഹാരത്തില്‍  ഇരുപത്തിയാറ്  കഥകളാണുള്ളത് .  ഒന്നിനൊന്ന് മികച്ച കഥകള്‍ തന്നെയാണ് അവയെല്ലാം . നാളെകളുടെ ഏറ്റവും വലിയ സമ്പാദ്യമായി മാറും  ഈ എഴുത്തുകാരെല്ലാം എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും സ്വാംശീകരിച്ചെടുത്ത കഥാസന്ദര്‍ഭങ്ങളിലൂടെ, വേരുകളില്‍ നിന്ന് ഊറ്റിയെടുത്ത വ്യത്യസ്തമായ നദികളിലെ ജലം പോലെ 'പാര്‍ശ്വവീഥികള്‍ പറഞ്ഞു തുടങ്ങുന്നു' എന്ന കഥാസമാഹാരത്തിലെ കഥകളും വായനക്കാരന് വ്യത്യസ്തമായ തലങ്ങള്‍ സമ്മാനിക്കും. ഇത് കഥയല്ല ജീവിതം അല്ലേ എന്നു തോന്നുന്ന മട്ടിലാണ് പലരും എഴുതിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ഓരോ  കഥയും ഓരോ അടയാളപ്പെടുത്തലുകളാണ്.

ആ കഥകളെക്കുറിച്ച് ....
ധൂപക്കൂടുകള്‍ എന്ന സുലേഖ ജോര്‍ജിന്‍റെ കഥയില്‍ ജന്മങ്ങളുടെ വിടുതലില്ലാത്ത ശാപഭാരങ്ങളും, വിധി നല്‍കിയ ദുരിതങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഈ കഥയുടെ അവതരണ ശൈലിക്ക് ഒരു പ്രത്യേകത ഉണ്ട്.  മോക്ഷങ്ങളുടെ അനിവാര്യത ചര്‍ച്ചചെയ്യുന്ന ഒരുകഥ. മനുഷ്യന്‍റെ യൗവ്വനവും കൗമാരവും വാര്‍ദ്ധക്യവുമെല്ലാം ഇവിടെ എത്ര വ്യക്തത യോടെയാണ് കഥാകാരി അടയാളപ്പെടുത്തുന്നത്.
പത്മയുടെ മനോരാജ്യങ്ങളിലെ വിഷാദവും, കാടും, തീവണ്ടികളും, കോടതിമുറിയും, കേസ് ഫയലുകളുമെല്ലാം രണ്ടാമത്തെ കഥയായ മുക്തിയിലൂടെ വായനക്കാരനിലേക്ക് പ്രവഹിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ലഭ്യമാകുന്നത്. ഒരു പെണ്‍ജീവിതത്തിന്‍റെ വേറിട്ട വഴികളും മാനസിക വ്യാപാരങ്ങളും കഥയില്‍ കഥാകൃത്ത് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. നീതി ലഭിക്കാത്ത മനുഷ്യരുടെ അട്ടഹാസങ്ങളും, അടക്കിപ്പിടിച്ച കണ്ണുനീരുമെല്ലാം മുഖക്തിയിലൂടെ സുലേഖ അടയാളപ്പെടുത്തുന്നു. കോടതിമുറിയിലെ കേസ് ഫയലുകളെപ്പോലെ പൊടിപിടിച്ചു പോയ പത്മയെന്ന സ്ത്രീയുടെ മനസ്സിന് ഒരു മോക്ഷം അനിവാര്യമായിരുന്നിരിക്കാം.

എന്തെ പെട്ടന്ന് അവസാനിച്ചു പോയത് എന്ന് തോന്നിയ ഒരു കഥയാണ് മിനി എസ്. എസ്. കഥ  കൂടെവിടെ. മീനു എങ്ങോട്ട് പോയിട്ടുണ്ടായിരിക്കാം? അവള്‍ക്ക് വേണ്ട കരുതലും, സ്നേഹവും, ശരികളും ആ പെണ്‍കുട്ടി ആരില്‍ നിന്ന് സ്വീകരിച്ചിരിക്കാം? അങ്ങനെ അനേകം ചോദ്യങ്ങളാണ് ഈ കഥ വായനക്കാരനില്‍ അവശേഷിപ്പിക്കുന്നത്. വിവാഹബന്ധങ്ങള്‍ അവസാനിക്കുമ്പോള്‍ യുദ്ധമുഖത്തെന്ന പോലെ ബലിയാടുകളാവുന്നത് നമ്മുടെ കുട്ടികളാണ്. പലരും പറയാത്തതും അറിയാത്തതുമായ പെണ്‍ ജീവിതങ്ങളുടെ തുറന്നെഴുത്താണ് കൂടെവിടെ.
സാമൂഹികമായ അരക്ഷിതാവസ്തകളെയും ജാതിപ്പേരുകളില്‍ കുരുങ്ങിക്കിടക്കുന്ന കേരളീയരുടെ ജീവിത സാഹചര്യത്തെയും പൊളിച്ചെഴുതിയ  രണ്ടാമത്തെ കഥയും പുതുതലമുറ വായിച്ചറിയേണ്ടതുണ്ട്. ജാതി വെറികളുടെ പേരില്‍ മനുഷ്യത്വം മരവിച്ചു പോയ ഒരുപാട് മനുഷ്യരുള്ള നാടാണ് നമ്മുടേത്. ആ സമൂഹത്തിന്‍റെ ജീര്‍ണ്ണതയാണ് അക്ഷരത്തെറ്റ് എന്ന  കഥയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

മിനി വിശ്വനാഥന്‍റെ രണ്ടു കഥകളും വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്നവയാണ്. രഹസ്യപ്പൊന്‍പൊടികള്‍, മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍, എന്നീ കഥകള്‍ അനുഭവങ്ങളുടെ രണ്ടു വ്യത്യസ്തമായ തലങ്ങളെ പ്രദര്‍ശിപ്പിക്കുന്നു. നാടോടിക്കഥകളില്‍ കേട്ടു മറന്ന മന്ത്രവാദികളെപ്പോലെ ആ കോമാളികഥ തീരുമ്പോഴും വായനക്കാരന്‍റെ ചിന്തകളില്‍ തുടരുന്നു. നിഷ്കളങ്കമായ ബാല്യത്തിലേക്ക് കടന്നുവരുന്ന മാന്ത്രികമായൊരു കയ്യൊപ്പായി ഈ കഥ മാറുന്നുണ്ട് പലപ്പോഴും. മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ എന്ന കഥയും പുതിയൊരു ചിന്തയെത്തന്നെ പ്രേക്ഷകന്‍റെ മനസ്സില്‍ അവശേഷിപ്പിച്ചേക്കാം. ചില സന്ദര്‍ഭങ്ങളെ വായിച്ചറിയുമ്പോഴും അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അത് കഥാകാരിയുടെ ഭാഷാപരമായ വഴക്കത്തിന്‍റെ ഭംഗിയാണ് എന്ന് പ്രത്യേകം പറയട്ടെ

സ്നേഹവും സാമിപ്യവും മൂല്യമുള്ളതാകുന്നത് അത് യഥാര്‍ത്ഥ ഇടങ്ങളിലേക്ക് എത്തിപ്പെടുമ്പോഴാണ്. തമ്പി ആന്‍റണിയുടെ ചുവാവ ഓരോ മനുഷ്യന്‍റെയും അനാഥത്വങ്ങളെക്കുറിച്ചും, ജീവിതത്തിന്‍റെ ശൂന്യതകളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. ഓരോരുത്തരും ജീവിത്തേക്കുറിച്ച് പുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ എത്രയെത്ര സ്വാര്‍ത്ഥതയുടേതാണ്. അപ്പുണ്ണി നായരെ വൃദ്ധ സദനത്തിലാക്കിയ മക്കളും, ജോജോയെ വിട്ടുപോയ ഭാര്യയുമെല്ലാം ഒരേ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തുമ്പോള്‍ അപ്പുണ്ണിയും, ജോജോയും, ബെല്ലിയും മറ്റൊരു വിശാലമായ ലോകത്തെക്കുറിച്ച് ചിന്തിക്കുന്നു.
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്, ഇത്താക്കിനെപോലെ. ഭൂമിയില്‍ നടക്കുന്ന ഓരോ ചലനങ്ങളും അവനെ സ്വാധീനിക്കും. ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോ മലയാളം ബി.എ. എന്ന കഥ ഒരു ബട്ടര്‍ഫ്ളൈ തിയറിപോലെയാണ്. മനുഷ്യന്‍റെ ജീവചരിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഈ കഥയിലുണ്ട്.

ജീവിതത്തിന്‍റെ കാണാപ്പുറങ്ങളെയും, നമ്മളറിയാത്ത മനുഷ്യരുടെ മാനസിക വ്യാപരങ്ങളെയും കൂട്ടിയിണക്കുന്നതാണ് രാജീവ് പഴുവിലിന്‍റെ ദൈവത്തിന്‍റെ പ്രതിരൂപങ്ങള്‍. മനുഷ്യന്‍ പലപ്പോഴും ദൈവമാകാറുണ്ട്. അത്തരത്തില്‍ ദൈവമായ ഒരു മനുഷ്യനെക്കുറിച്ചാണ് രാജീവിന്‍റെ ദൈവത്തിന്‍റെ പ്രതിരൂപങ്ങള്‍ എന്ന കഥ സംസാരിക്കുന്നത്.
അദ്ദേഹത്തിന്‍റെ  രണ്ടാമത്തെ കഥയായ അശോകമര്‍മ്മരം. നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടുമ്പോള്‍ മനുഷ്യനുണ്ടാകുന്ന സന്തോഷത്തിന്‍റെ നിര്‍വചനങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒരു മനുഷ്യനെ കേന്ദ്രീകരിച്ചു ജീവിക്കുന്ന കുടുംബം, കുട്ടികള്‍, നാട്, മരങ്ങള്‍, പക്ഷികള്‍ അങ്ങനെ എല്ലാം കഥയില്‍ തെളിഞ്ഞുകിടക്കുന്നു. സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെപ്പോലെ അശോകനെ ചുറ്റി നില്‍ക്കുന്ന ഒരു നാടിന്‍റെ കഥയാണ് അശോകമര്‍മരം. അവിടെ നന്മയുണ്ട്, സ്നേഹമുണ്ട്, പങ്കുവയ്ക്കലുകളുണ്ട്, ഗ്രാമീണതയുടെ ഭംഗിയുണ്ട്.

ശങ്കരനാരായണന്‍ ശംഭുവിന്‍റെ കുഞ്ഞോന്‍ എന്ന കഥ നമ്മളൊക്കെ കേട്ടുമറന്ന ഒരുപാട് അനുഭവങ്ങളുടെ ബാക്കിപ്പത്രമാണ്. ഒരുപക്ഷെ ബഷീറിന്‍റെ നീലവെളിച്ചം പോലെ, അതുമല്ലെങ്കില്‍ ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമ പോലെ. പുതുമകളിലൂടെ സഞ്ചരിക്കുന്നില്ലെങ്കിലും കഥ പറയുന്നതിലെ ഭംഗി നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കുഞ്ഞോന്‍ എന്ന പേരിനോട് പ്രേക്ഷകന് മമത സൃഷ്ടിക്കാനും ആ കഥാപാത്രത്തിന്‍റെ ജീവിതത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മറ്റൊരു കഥയായ പത്തരയ്ക്കുള്ള വണ്ടിയില്‍ ഒരു നഷ്ടബോധത്തിന്‍റെ നിഴല്‍ വീണ് കിടക്കുന്നുണ്ടെന്ന് തോന്നും. കോവിഡ് കാലഘട്ടത്തിലെ കഥയില്‍ മനുഷ്യന്‍റെ അതിജീവന സാധ്യതകളും, ഓണ്‍ലൈന്‍ വിപ്ലവങ്ങളുമെല്ലാം വന്നുപോകുന്നു. അതിനുമപ്പുറം ജീവിതവും, അതിന്‍റെ തിരക്കിട്ട ഓട്ടവുമെല്ലാം  വ്യക്തമായി കാണാം.

ശ്രീജ പ്രവീണിന്‍റെ കഥകളായ മാസ്ക്കുകള്‍ പറയാത്തതും, മൂടുപടമണിഞ്ഞ ചിരികളും രണ്ട് കാലഘട്ടങ്ങളെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകളാണ്. കഥയിലേക്ക് വരെ ഒരു മഹാമാരി കടന്നു വന്നതിന്‍റെ പുതിയകാല പരീക്ഷണങ്ങളാണ് മാസ്ക്കുകള്‍ പറയാത്തത്. ഒരു സമൂഹത്തെയും, ജീവിതത്തെയും, ശൈലികളെയും എന്തിന് സംസ്കാരത്തെയും വരെ ഒരു രോഗം എങ്ങനെ മാറ്റി എന്നുള്ളതിന്‍റെ നേര്‍രേഖയാണ് ഈ കഥ. എന്നാല്‍ മൂടുപടമണിഞ്ഞ ചിരികളില്‍ പ്രിയപ്പെട്ട ഒരാളുടെ മരണവാര്‍ത്തയില്‍ എന്തെന്നില്ലാതെ അകപ്പെട്ടു പോകുന്ന ഒരു സഹപ്രവര്‍ത്തകയുടെ, സുഹൃത്തിന്‍റെ ആധികളാണ് നിറഞ്ഞു നില്‍ക്കുന്നത്. സുബൈദ എന്ന കഥാപാത്രത്തിന്‍റെ മരണത്തെ അത്രത്തോളം വായനക്കാരനെയും ബാധിക്കുന്ന മട്ടിലാണ് കഥാകാരി കൈകാര്യം ചെയ്തിരിക്കുന്നത്.

ആഖ്യാനശൈലിയിലെ പുതുമ കൊണ്ട് വ്യത്യസ്തമായി തോന്നിയ ഒരു കഥയാണ് ഗീത നെന്‍മിനിയുടെ സഹായാത്രികന്‍. ഒരു ത്രില്ലര്‍ സിനിമ പോലെ വായിച്ചു പോകാന്‍ കഴിയുന്ന കഥ. വാക്കുകള്‍ എവിടെയൊക്കെയോ കഥയുടെ ആഖ്യാനത്തെ ബാധിക്കുന്നതായി ഒരുപക്ഷെ അനുഭവപ്പെട്ടേക്കാം. ഈ ഭൂമിയിലെ ഓരോ ഇടങ്ങളും ഓരോ കുഞ്ഞ് കുഞ്ഞ് ഭൂമികളാണ് എന്ന കാഴ്ചപ്പാട് ട്രെയിന്‍ യാത്രയിലൂടെ കഥയിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ മനോഹരമായി അനുഭവപ്പെട്ടു. ഒരു പുതിയ പരീക്ഷണമാണ് സഹയാത്രികന്‍.
ഗീത നെന്‍മിനിയുടെ ഒരു ശാസ്ത്രജ്ഞ എഴുതിയ കഥയിലും കഥാകാരിയുടെ തിരക്കിട്ട ജീവിത വീക്ഷണങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. മറ്റു കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഗീത നെന്‍മിനിയുടെ കഥകള്‍ക്ക് പുതിയൊരു ആഖ്യാന ശൈലിയുടെ പരീക്ഷണ മുഖഭാവമുണ്ട്.

മായാ കൃഷ്ണന്‍റെ മൂന്ന് കുട്ടിക്കഥകളിലും പെണ്‍ജീവിതത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ തെളിഞ്ഞു കിടക്കുന്നുണ്ട്. ആരൊക്കെയോ പറയാന്‍ ബാക്കി വച്ചത് പറഞ്ഞുതീര്‍ക്കാന്‍ നിയോഗിക്കപ്പെട്ടത് പോലെ മൂന്ന് കഥകളും മൂന്ന് ലോകങ്ങളെ സൃഷ്ടിക്കുന്നു. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം ഒരവിഭാജ്യ ഘടകമാണ്, ആദ്യത്തെ രണ്ടു കഥകളിലും അത് കൃത്യമായി കഥാകാരി പറഞ്ഞുവയ്ക്കുന്നുമുണ്ട്. ഒരു വിവാഹം ജീവിതത്തെ എങ്ങനെ ചുരുക്കുന്നുവെന്നും, പെണ്‍ലോകങ്ങളെ എങ്ങനെ വീടുകളിലേക്ക്, കുടുംബത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നും ഈ കഥകള്‍ ചര്‍ച്ച ചെയ്യുന്നു. പെണ്ണെഴുത്തിന്‍റെ ഒരു വലിയ സാധ്യത തന്നെയുണ്ട് മായാകൃഷ്ണന്‍റെ കഥകളില്‍. രണ്ടാമത്തെ കഥയായ തീണ്ടാരിപ്പാത്രത്തിലും അത് വ്യക്തമാണ്. നിലനില്‍ക്കുന്ന സാമൂഹിക ചുറ്റുപാടില്‍ നിന്ന് പുറത്തു കടക്കാന്‍ പാടുപെടുന്ന, ആരൊക്കെയോ അടിച്ചേല്‍പ്പിച്ച സ്വത്വ ബോധങ്ങളില്‍ നിന്ന് അവനവനിലേക്കുണരാന്‍ ശ്രമം നടത്തുന്നു ഈ കഥാപരിസരങ്ങള്‍.

ഓര്‍മ്മകളുടെ മധുരമുള്ളൊരു നോവറിയാതെ ഒരിക്കലും നമുക്ക് പാര്‍വതി പ്രവീണിന്‍റെ 'കപ്പലണ്ടി മിഠായി' എന്ന കഥ വായിച്ചുപോകാന്‍ കഴിയില്ല. നഷ്ടപ്പെട്ട ജീവിത സാഹചര്യങ്ങളുടെയും, പ്രിയപ്പെട്ട ഇടങ്ങളുടെയുമെല്ലാം ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമാണ് കപ്പലണ്ടി മിഠായി. പേരുപോലെ തന്നെ എത്ര മുതിര്‍ന്നാലും കുട്ടികളിലേക്ക് തിരിച്ചുപോകുന്ന മനുഷ്യന്‍റെ മധുരപ്രണയങ്ങള്‍. പാര്‍വതിയുടെ കഥകള്‍ മനുഷ്യന്‍റെ വേരുകളിലേക്ക് സഞ്ചരിക്കുന്നവയാണ്. അമ്മയും കുഞ്ഞുങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധവും, അതിന്‍റെ ആഴവും, ഓര്‍മ്മയുടെ നിലയ്ക്കാത്ത തേടലുമെല്ലാം മുന്‍കഥയില്‍ പോലെത്തന്നെ കര്‍മ്മബന്ധത്തിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.

അമ്മയെന്ന സ്നേഹത്തെ അതിമനോഹരമായിത്തന്നെ ജീവിതം കൊണ്ട് വരച്ചിട്ടിട്ടുണ്ട് 'ദി ഗ്രേറ്റ് ആര്‍ട്ടിസ്റ്റ്' എന്ന കഥയിലൂടെ സുനി ഷാജി. ഒരു കുടുംബത്തിനും, ഒരു സമൂഹത്തിനും, അതുവഴി ലോകത്തിനു തന്നെ മാതൃകയാകുന്ന ഒരമ്മയുടെ ത്യാഗത്തെയാണ് ഈ കഥ ചര്‍ച്ച ചെയ്യുന്നത്. ഒരുപാട് സാധ്യതകള്‍ ഉള്ള കഥാപരിസരമാണ് ദി ഗ്രേറ്റ് ആര്‍ട്ടിസ്റ്റിന്‍റേത്. എങ്കിലും എവിടെയൊക്കെയോ കണ്ടുമറന്ന കഥകളുടെ ആവര്‍ത്തനങ്ങളും കടന്നുവരുന്നുണ്ട്. പുറമെ കാണുന്നതൊന്നുമല്ല മനുഷ്യനെന്ന കണ്ടെത്തല്‍ ഊട്ടിയുറപ്പിക്കുകയാണ് സുനി ഷാജിയുടെ ആന്‍റപ്പന്‍ എന്ന കഥയും കഥാപാത്രവും. ഒരു മനുഷ്യനെ കാഴ്ചകൊണ്ട് അടയാളപ്പെടുത്തരുതെന്നും, ആരെക്കുറിച്ചും മുന്‍ധാരണകള്‍ പുലര്‍ത്തരുതെന്നുമുള്ള പാഠങ്ങള്‍ ഈ കഥയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ജീന രാജേഷിന്‍റെ കഥകള്‍ വളരെ അത്ഭുതത്തോടെ മാത്രമേ ഒരു വായനക്കാരന് സമീപിക്കാനാവൂ. അത്രത്തോളം നിഗൂഢമാണ് അതിന്‍റെ അര്‍ത്ഥതലങ്ങള്‍. വെളുത്ത വാന്‍ എന്ന കഥ വായിക്കുമ്പോള്‍ ഒരു സിനിമയിലൂടെ സഞ്ചരിച്ചതുപോലെ നമുക്ക് അനുഭവപ്പെട്ടേക്കാം. വാക്കുകള്‍ കൊണ്ട് സന്ദര്‍ഭങ്ങളെ മൂടി വയ്ക്കാതെ, എളുപ്പത്തില്‍ തന്നെ കഥ പറഞ്ഞു പോകുന്ന രീതി തന്നെയാണ് അതിന്‍റെ ഭംഗി. കഥ മുന്നോട്ട് വയ്ക്കുന്ന ശരികളെ തന്നെയാണ് അഭിനന്ദിക്കേണ്ടത്. ആണ്‍ മേല്‍ക്കോയ്മയില്‍ വേരുകളാഴ്ത്തിയ സമൂഹത്തിന്‍റെ ചിന്തകളെ തിരുത്തുകയാണ് ജീന രാജേഷിന്‍റെ വെളുത്ത വാന്‍. കഥാപരിസരം കൊണ്ട് ബീനയുടെ രണ്ടാമത്തെ കഥയായ ജോണിക്കുട്ടിയുടെ സങ്കീര്‍ത്തനവും മികച്ചു തന്നെ നില്‍ക്കുന്നുണ്ട്. ജീവിതത്തിലേക്കും, മനുഷ്യന്‍റെ മാനസികാവസ്ഥകളിലേക്കും വന്നു ചേരുന്ന മാറ്റങ്ങള്‍ കഥയില്‍ വ്യക്തമാണ്. കഥാപാത്രങ്ങളെ കൂടുതല്‍ വായനക്കാരന് പരിചിതരാക്കുക എന്നതും ജീനയുടെ കഥകളുടെ പ്രത്യേകതയാണ്.

സജിത വിവേകിന്‍റെ ആധീനമെന്ന കഥ വായിക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് വായനക്കാരന് ഓര്‍മ്മകളുടെ കാതടപ്പിയ്ക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയും. എം ടി യുടെ കഥകളിലെ തറവാട്ടു മുറ്റവും, ഓര്‍മ്മയുടെ ഭൂതകാലക്കുളിരുമെല്ലാം ഒരുമിച്ചു ചേരുന്നത് പോലെ. ആധീനം സംസാരിക്കുന്നത് ഓര്‍മ്മകളെക്കുറിച്ചാണ്. അതിന്‍റെ നരബാധിച്ച വേരുകളെക്കുറിച്ചാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എടുക്കാന്‍ മറന്ന എന്തൊക്കെയോ ആ കഥയിലുണ്ട്. സ്നേഹമോ, കരുതലോ, അങ്ങനെ ഒരുപാട് മാനസിക വ്യാപരങ്ങള്‍ കഥാപാത്രങ്ങളിലൂടെ കടന്നു പോകുന്നുന്നു. തന്‍റെ വേരുകളിലേക്ക് തിരികെ വരുന്ന കഥാപാത്രത്തിന്‍റെ നഷ്ടബോധങ്ങളും ഓര്‍മ്മയുടെ ചുഴികളില്‍ അകപ്പെട്ട വെപ്രാളവും നല്ല ഭാഷയില്‍ തന്നെ സജിത അവതരിപ്പിച്ചിട്ടുണ്ട്. പുറം
ചട്ടയെന്ന സജിതയുടെ രണ്ടാമത്തെ കഥയും ആദ്യത്തേത് പോലെ തന്നെ ഓര്‍മ്മകളെ ബന്ധപ്പെട്ടു നിലനില്‍ക്കുന്നതാണ്. ഓര്‍മ്മകള്‍ ഇല്ലാതെ ജീവിതമെങ്ങനെ പൂര്‍ണ്ണമാകാനാണ് എന്ന് കഥാകൃത്ത് പറഞ്ഞു വയ്ക്കുന്നു.

കഥകള്‍ കാഴ്ചകളാണ്. ജീവിതത്തില്‍ നിങ്ങളെക്കടന്നുപോകുന്ന ഓരോ ഇടങ്ങളിലും ഓരോ മനുഷ്യരിലും ഓരോ അണുവിലും കഥകളുണ്ട്. ഒരു കഥകളുമില്ലാത്ത മനുഷ്യരെ പിന്നെന്തിന് കൊള്ളാം അല്ലെ.
ഇതൊരു ചെറുത്തുനില്‍പ്പാണ്. പാര്‍ശ്വവീഥികളിലൂടെ  പരിചിതരല്ലാത്ത ചില മനുഷ്യര്‍ നടത്തുന്ന നാളേക്ക് വേണ്ടിയുള്ള ചെറുത്തുനില്‍പ്പ്. ഈ വഴികളില്‍ നിറയെ പൂത്തകായ്കള്‍ നിറഞ്ഞ മരങ്ങളും, ഇലകള്‍ കരിഞ്ഞു ദ്രവിച്ച ചെടികളും, വിരിയാനൊരുങ്ങി നില്‍ക്കുന്ന പൂക്കളും കണ്ടേക്കാം. പാതയെ നോവിക്കാതെ കടന്നുപോവുക. ഇതൊരനക്കമാണ്.. ജീവിച്ചിരിക്കുന്നുവെന്നതിന്‍റെ അടയാളപ്പെടുത്തലുകളാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)

കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

View More