America

വായിക്കാത്ത കത്ത്: (കഥ, നജാ ഹുസൈൻ)

Published

on

 
ഓർമ്മ പുസ്തകത്തിൽ ഒരു മയിൽപ്പീലി പോലെ സൂക്ഷിക്കാനുതകും വിധം സുന്ദര സുരഭിലമായിരുന്നു സേതുമാധവൻ്റെ ജീവിതത്തിലെ ആ ദിവസം.
അതിന് തലേന്നു വരെ ഖത്തറിലെ തൻ്റെ ജോലി സ്ഥലത്ത് സുരക്ഷിതമായി തിരിച്ചെത്തുന്ന ആകുലതകളും, ലക്ഷമിയേയും മക്കളേയും തൽക്കാലത്തേക്കെങ്കിലും പിരിയുന്നതിൻ്റെ വ്യാകുലതകളും മാത്രമാണ് ആ ഹൃദയത്തെ അലട്ടിയിരുന്നത്. അതുവരെയില്ലാത്ത അഭൗമവും അലൗകികവുമായ ഒരു മധുര നൊമ്പരം സേതുവിനനുഭവപ്പെടാൻ കാരണമെന്താവും?

കോവിഡ്- 19 എന്ന വൈറസ് അക്ഷരാർത്ഥത്തിൽ കീഴ്പ്പെടുത്തിയ പ്രവാസികളിലെ ഒരു പ്രതിനിധിയായി കോവി ഷീൽഡ് എന്ന വാക്സിൻ സ്വീകരിക്കാൻ, പഠിച്ച സ്കൂളിലേക്ക് തിരികെ നടന്ന ദിവസമായിരുന്നു അത്. മാസ്ക് ധരിച്ച് സെയ്ഫ് ഡിസ്റ്റൻസ് കീപ്പ് ചെയ്ത് അസംബ്ലിയിലെന്ന പോലെ കാത്തു നിൽക്കുന്നതിനിടയിലാണ് മറുവരിയിൽ ഷീൽഡ് ധരിച്ച ഒരു രൂപം കണ്ണിൽ പെട്ടത്. കണ്ണുകൾ തൻ്റെ നേരെ പലവുരു പായുന്നതു കണ്ടപ്പോൾ സേതു ഓർമ്മ പുസ്തകം വെറുതെ തുറന്നു നോക്കി.
'സുഭദ്രയല്ലേ അത്?'
വാക്സിനേഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ അയാളെക്കാത്ത് ആ സ്ത്രീരൂപം സ്കൂൾ മുറ്റത്ത് തൂണും ചാരി നിൽപ്പുണ്ടായിരുന്നു.
'സേതുവല്ലേ?'
'അതെ. സുഭദ്രയ്ക്കെന്നെ മനസ്സിലായല്ലോ '
'എന്താണ് മാഷേ, നിങ്ങളെയൊക്കെ മറക്കാനോ ?'
സമയത്തിൻ്റെ വേലിയേറ്റങ്ങളിൽ ഒലിച്ചു പോകുമ്പോൾ മനുഷ്യൻ മറവിയുടെ കാവൽക്കാരനാകും. സ്വാഭാവികം. എന്നിരുന്നാലും സുഭദ്രയെ അയാൾ മറക്കുന്നതെങ്ങനെ? കവിത തിരുത്തി കൊടുക്കണമെന്ന് പറഞ്ഞ് വരുന്ന കുട്ടികളിൽ എന്തു കൊണ്ടോ സുഭദ്രയെ മാത്രം രാത്രി സ്വപ്നങ്ങളിൽ കൂടെ കൂട്ടി.
മലയാള സാഹിത്യത്തിൽ ബിരുദമെടുക്കാൻ വന്നപ്പോൾ കുറച്ചൊക്കെ കുത്തിക്കുറിക്കുന്ന, ആനുകാലികങ്ങളിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന സേതുവിനോട് പ്രണയം കലർന്ന ആരാധന ഒട്ടുമിക്ക പെൺകുട്ടികൾക്കും ഉണ്ടായിരുന്നു.എന്നാലും എന്തുകൊണ്ടോ സുഭദ്ര മാത്രം ഒരു പിടിയും തന്നില്ല.
പിന്നീട് വർഷങ്ങൾക്കിപ്പുറം കാണുമ്പോഴും ആ കണ്ണുകൾക്ക് അതേ നിസ്സംഗതയാണെന്നയാൾ തിരിച്ചറിഞ്ഞു.

ഓർമ്മകളെ തട്ടിയുണർത്തിക്കൊണ്ട് സുഭദ്രയുടെ ചോദ്യമെത്തി.

'ഇപ്പോഴും എഴുതാറുണ്ടോ?'

'ഹേയ്.ജോലിത്തിരക്കിനിടയിൽ എവിടെ സമയം? വല്ലപ്പോഴും കുത്തി വരക്കുന്നത് റൂം മേറ്റ്സ് വായിച്ച് അഭിപ്രായം പറയും.പിന്നെ ഒന്നു രണ്ട് ഫ്രണ്ട്സ് ഗ്രൂപ്പിലും തട്ടും. ഇത്ര തന്നെ എഴുത്ത് .ആട്ടെ താനോ?'

'കുറച്ചൊക്കെ. ഒരു പുസ്തകമാക്കിയിട്ടുണ്ട്;
ഏട്ടൻ്റെ നിർബന്ധപ്രകാരം '.
'അഹാ. അപ്പോൾ വലിയ കവിയായി' .
'പാവങ്ങളെ കളിയാക്കാതെ '

അത്രയും പറഞ്ഞ് തന്നെ കാത്തിരുന്ന ഡ്രൈവറുടെ അപായമണിക്ക് കാതോർത്ത് തിരിഞ്ഞു നടക്കുമ്പോഴവൾ തിരിഞ്ഞു നോക്കി പറഞ്ഞു.
'കാണാം'.

തിരികെയെത്തിയിട്ടും ആ ചുണ്ടുകളുടെ കോണുകളിലൊളിപ്പിച്ച മന്ദസ്മിതത്തിൻ്റെ രഹസ്യമന്വേഷിക്കാൻ അയാൾ ശ്രമിക്കുകയായിരുന്നു.
..................................................................
സുവർണ്ണക്കരയുള്ള സെറ്റു സാരിയിലും നെറ്റിയിലെ ചന്ദനക്കുറിയിലും സീമന്തരേഖയിലെ സിന്ദൂരത്തിലും ചുറ്റമ്പലത്തിൽ പ്രദക്ഷിണം കഴിഞ്ഞു വരുന്ന സുഭദ്ര ഒരിക്കൽക്കൂടി സുന്ദരിയായതുപോലെ സേതുവിന് തോന്നി.
ഇന്നലെ സന്ധ്യയ്ക്കു വന്ന ആ ഫോൺ കോൾ അയാളെ ശരിക്കും ഞെട്ടിച്ചു.
ലക്ഷമിയായിരുന്നു ഫോണെടുത്തത്. മറുതലയ്ക്കലെ സ്ത്രീ ശബ്ദം കേട്ടിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ അവൾ സേതുവിനെ വിളിച്ചു.
' ആരോ വിളിക്കുന്നു ' .
അവളിൽ നിന്നും ഫോൺ വാങ്ങി ശബ്ദം ശ്രവിച്ചതും ഒരു പരുങ്ങലോടെ നല്ല പാതിയെ നോക്കി. അവളാകട്ടെ മറ്റേതോ ജോലിത്തിരക്കിൽ വല്ലാതെ മുഴുകിയിരിക്കുന്നതു പോലെ. സുഹൃത്തുക്കളായി സ്ത്രീകൾ നന്നേ കുറവായ, അതിൽ തന്നെ ഫോൺ ചെയ്യുന്നവർ വിരളമായ സേതുവിന് സുഭദ്രയുടെ മധുമൊഴി തിരിച്ചറിയാൻ അധികം സമയമെടുത്തില്ല. അങ്ങനെയാണ് പിറ്റേന്ന് അമ്പലത്തിൽ വച്ച് കാണണമെന്ന അവളുടെ ആവശ്യപ്രകാരം ഇവിടെയെത്തിയത്.
'എന്താ കാണണമെന്ന് പറഞ്ഞത് ?'
'എന്താണിത്ര ധൃതി. വിളിച്ചത് ബുദ്ധിമുട്ടായോ'?
'ഏയ്. കാര്യം അറിയാത്തതുകൊണ്ടുള്ള ടെൻഷൻ'.
സേതു തെല്ലു സങ്കോചത്തോടെ അവളെ നോക്കി.
ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് അയാൾക്കു നേരെ നീട്ടുമ്പോൾ എങ്ങോ നഷ്ടപ്പെട്ട മയിൽപ്പീലി തുണ്ടുകൾ കണ്ടു കിട്ടിയ കുട്ടിയുടെ മുഖഭാവമായിരുന്നു ,അവൾക്ക്.
പുസ്തകം വാങ്ങി ഒന്നും മനസ്സിലാകാതെ നിൽക്കുന്ന സേതുവിനെ കണ്ട് പകുതി തമാശയും പകുതി കാര്യവുമായി അവൾ പറഞ്ഞു.

'എൻ്റെ കുത്തിക്കുറുപ്പുകൾ, ഏട്ടൻ്റെ നിർബന്ധപ്രകാരം സമാഹാരമാക്കി..'
കൗതുകത്തോടെ സേതു, അത് വാങ്ങി മറിച്ചു നോക്കാനൊരുങ്ങുമ്പോൾ സുഭദ്ര കൂട്ടിച്ചേർത്തു.

'സേതു, ഇത് വായിച്ച് കഴിഞ്ഞ് അഭിപ്രായം പറയണം. എൻ്റെ വാട്ട്സ്ആപ് നമ്പർ ബുക്കിലുണ്ട്.'

ഖത്തറിലേക്കുള്ള മടക്ക ടിക്കറ്റെടുക്കാൻ പാസ്പോർട്ട് തിരയുന്നതിനിടയിലാണ്, സേതു ആ ബുക്ക് വീണ്ടും കാണുന്നത്. അന്നത് ഭദ്രമായി അലമാരയിൽ പൂട്ടി വയ്ക്കുകയായിരുന്നു. ബുക്ക് തറയിലേക്ക് വീണപ്പോൾ കൂടെയൊരു മടക്കിയ വെള്ള പേപ്പറും പുറത്തേക്ക് ചാടി. സമയമില്ലാത്തതിനാൽ ബുക്കെടുത്ത് മേശപ്പുറത്ത് വച്ചിട്ട് പേപ്പർ അവിടെ കിടന്ന ഷർട്ടിൻ്റെ പോക്കറ്റിലിട്ടു.
പിറ്റേന്ന് കൊണ്ടു പോകാനുള്ള സ്നേഹപ്പൊതികളുടെ ലിസ്റ്റുമായി ലക്ഷമി യും എത്തി. മേശപ്പുറത്ത് അന്നുവരെ കാണാതിരുന്ന അപരിചിതയെ കണ്ട് അവൾ ചോദിച്ചു.
'ഇതാരുടെ ബുക്കാ സേതുവേട്ടാ '
' ഒരു ഫ്രണ്ടിൻ്റെയാടോ. വായിച്ചിട്ട് അഭിപ്രായം പറയാൻ തന്നതാ'.

'എന്നിട്ട്, വായിച്ചോ?'
'എവിടെ സമയം. ഇനി പോയിട്ട് റൂമിലിരുന്ന് വായിക്കാം.'

അന്ന് രാത്രി വൈകിയാണെത്തിയത്. യാത്രയിലുടനീളം സുഭദ്രയുടെ ബുക്കിലുണ്ടായിരുന്ന പേപ്പറായിരുന്നു മനസ്സിൽ. സുഭദ്ര ഒരു കവിത മാത്രം പ്രത്യേക മെഴുതി ബുക്കിൽ വച്ചതെന്തിനായിരിക്കും? സമാഹാരത്തിനു ശേഷമെഴുതിയതാകാം.എത്തിയ പാടെ ആ കടലാസാണ് തിരക്കിയത്. എന്നാൽ കടലാസിട്ടിരുന്ന ഷർട്ട് കാണുന്നില്ല.
അങ്ങോട്ടേക്ക് ചായയുമായി വന്ന ലക്ഷമിയോട് തട്ടിക്കയറി.
'ഇവിടെക്കിടന്ന ഷർട്ടെവിടെ?'
'അത് കഴുകിയിട്ടു. നാളെ കൊണ്ടു പോകേണ്ടതല്ലേ.'
'എന്തായിരുന്നൂ ഇത്ര അത്യാവശ്യം, അത് കഴുകാൻ?'

സൗമ്യതയുടെ ആൾരൂപമായ പ്രിയതമൻ്റെ അന്നുവരെ കാണാത്ത കലുഷിതമായ മിഴികളിലേക്കുറ്റു നോക്കിക്കൊണ്ട് അവൾ പിറകിൽ ഒതുക്കിപ്പിടിച്ചിരുന്ന പേപ്പർ അയാൾക്ക് നേരെ നീട്ടി.
'ഈ കത്താണോ നിങ്ങളന്വേഷിക്കുന്നത്?'
അതിശയത്തോടെയും തെല്ല് പരിഭ്രമത്തോടെയും സേതു അവളെ നോക്കി.

'കത്തോ?. അതൊരു കവിതയല്ലേ?'

ഒട്ടും സങ്കോചപ്പെടാതെ നിർവ്വികാരയായി അവളാ കത്ത് പല പല കഷണങ്ങളാക്കി തറയിലേക്കിട്ടു.
ഒന്നും മനസ്സിലാകാതെ പേപ്പർ കഷണങ്ങളിലേക്കുറ്റു നോക്കി നിന്ന പ്രിയതമനോടായി അവൾ പറഞ്ഞു.

'ഇനിയത് ചേർത്തു വച്ച് വായിച്ചോളൂ. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി കിട്ടും.'

കാറ്റിൽ അങ്ങിങ്ങായി പറന്നു നടക്കുന്ന കടലാസ് തുണ്ടുകളിൽ എന്നോ വായിക്കാൻ മറന്ന അക്ഷരങ്ങളെ മനസ്സുകൊണ്ട് അയാൾ ചേർത്തു വായിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദേവ പ്രകാശിനി (കഥ : രമണി അമ്മാൾ)

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

View More