Image

മൈക്കിൾ മാളിയേക്കലും ശോഭാ നാരായണും നായകരായി  'അലാദീൻ' ബ്രോഡ് വേയിൽ പ്രദർശനത്തിന്  

Published on 18 September, 2021
മൈക്കിൾ മാളിയേക്കലും ശോഭാ നാരായണും നായകരായി  'അലാദീൻ' ബ്രോഡ് വേയിൽ പ്രദർശനത്തിന്  

ഡിസ്‌നി ഹിറ്റ്  ഷോ 'അലാദീൻ' ബ്രോഡ്‍വേയിൽ പ്രദർശനത്തിനെത്തുന്നു . ഇന്ത്യൻ അമേരിക്കൻ അഭിനേതാക്കൾ  മൈക്കിൾ  മാളിയേക്കലും , ശോഭ നാരായണും  പ്രധാന  റോളുകളിലെത്തുന്ന മ്യൂസിക്കലിനെ  ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . സെപ്റ്റംബർ 28 ന് ന്യൂയോർക്കിലെ  ന്യൂ ആംസ്റ്റർഡാം തീയേറ്ററിൽ  ആവേശം വിതച്ച് എത്തുന്ന  'അലാദീനി'ലെ  പ്രിയ അഭിനേതാക്കൾ  അലാദീനും ജാസ്മിനും  ദക്ഷിണേഷ്യക്കാരാണെന്നത്  ഈ ആകാംക്ഷയെ വാനോളമുയർത്തുന്നു. 1992 ലെ ആനിമേറ്റഡ് ഹിറ്റ് ചിത്രത്തെ   അടിസ്ഥാനമാക്കി  ബ്രോഡ്‌വേയിൽ ന്യൂ ആംസ്റ്റർഡാം തിയേറ്ററിൽ 2014 മാർച്ചിൽ അവതരിപ്പിച്ച ഷോയും ഏറെ  നിരൂപക പ്രശംസ നേടിയിരുന്നു .

 മൈക്കിൾ  മാളിയേക്കൽ ടൈറ്റിൽ റോളിലെത്തുമ്പോൾ ശോഭ നാരായൺ ജാസ്മിൻ രാജകുമാരിയായി വേഷമിടുന്നു. മൈക്കിൾ ജെയിംസ് സ്കോട്ട് ജെനിയായും  ജൊനാഥൻ ഫ്രീമാൻ ജാഫറായും  സാക്ക് ബെൻകാൽ ബാബ്കാക്കായും മിലോ അലോസി കാസിമായും ഷോയുടെ മനം കവരുന്നു  .

അലാദീനിലൂടെ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുന്ന മാളിയേക്കൽ, അടുത്തിടെ "ദി ഫാന്റം ഓഫ് ദി ഓപ്പറ" യുടെ 25 -ാം വാർഷികത്തിൽ പങ്കെടുത്തിരുന്നു.

 "എൻ‌വൈ‌സി: എനി തിങ് ക്യാൻ ഹാപ്പെൻ," "ദി സോംഗ്സ് ഓഫ് മൗറി യെസ്റ്റൺ," മീരാ നായരുടെ "മൺസൂൺ വെഡ്ഡിംഗ്" സിബിഎസ് ഷോകൾ 'ബുൾ', 'എഫ്ബിഐ" എന്നിവയും മൈക്കിൾ മാളിയേക്കലിന്റെ അഭിനയ വഴികളിൽ  ശ്രദ്ധേയ മുഹൂർത്തങ്ങളെഴുതിയ ചിത്രങ്ങളിൽ പെടുന്നു.

''നതാഷ, പിയറി ആൻഡ്‌ ദ ഗ്രേറ്റ് കോമറ്റ് ഓഫ് 1812" ലൂടെ   ബ്രോഡ്‌വേയിൽ  അരങ്ങേറ്റം കുറിച്ച ശോഭ നാരായൺ ഒരു പതിറ്റാണ്ടിനിടെ ബ്രോഡ്‌വേയിൽ  പ്രധാന വേഷത്തിലെത്തിയ ആദ്യ ദക്ഷിണേഷ്യൻ വനിതയുമായി .  മുമ്പ് "ഹാമിൽട്ടണിൽ"  എലിസയായും "വിക്കഡ്" (ബ്രോഡ്‌വേ) ൽ നെസ്സ റോസായും വേഷമിട്ടു .   "ഗ്രോവിങ്  അപ് സ്മിത്ത്," "ക്വാണ്ടിക്കോ," "ഹലാൽ ഇൻ ഫാമിലി," "ഗോസിപ്പ് ഗേൾ", "മിസ്ട്രസ് അമേരിക്ക" എന്നിവയിലും    തിളങ്ങിയ ചരിത്രമുണ്ട് ശോഭാ  നാരായണ്   .
അമേരിക്കയിലും ഇന്ത്യയിലുമായി  നിരവധി പ്രകടനങ്ങൾ  കാഴ്ചവച്ച  ഭരതനാട്യം നർത്തകിയും അധ്യാപികയുമാണ് ശോഭ .

''ഈ നിമിഷങ്ങളെ വർണിക്കാൻ  യോജിച്ച  വാക്കുകൾ കണ്ടെത്താനാകാതെ  ഞാൻ ഉഴലുകയാ''ണെന്നാണ്  ഓഗസ്റ്റ് 23 ന് റിഹേഴ്സലിന്റെ ആദ്യ ദിവസം, നാരായൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്
"ചിലപ്പോഴെങ്കിലും വാക്കുകൾക്ക് വികാരങ്ങളോട് നീതി പുലർത്താനായെന്ന് വരില്ല, എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാൻ അവസരം ഒരുങ്ങിയതിൽ   അവിശ്വസനീയമാംവിധം നന്ദിയുണ്ട്. ഇത് സംഭവിക്കുന്ന മുറിയിൽ ഏറ്റവും ടാലന്റഡ് ആയ വ്യക്തികൾക്കൊപ്പം  ആയിരിക്കാൻ കഴിയുന്നതിൽ എനിക്ക്  നന്ദിയുണ്ട്''. ശോഭ കുറിച്ചു .
ഒരു കൊച്ചു പെൺകുട്ടിയായിരിക്കെ , ജാസ്മിൻ രാജകുമാരിയാണ് അമേരിക്കൻ മീഡിയയിൽ തന്നെ സ്വാധീനിച്ച  കഥാപാത്രമെന്ന് അവൾ മനസ് തുറന്നു .

“ ജാസ്മിൻ രാജകുമാരി എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ളവളായിരുന്നു. നിശ്ചയ ദാർഡ്ഡ്യവും പുരോഗമന ചിന്തകളും  പരമ്പരാഗതമായി പുരുഷന്മാർ ഭരിക്കുന്ന ഒരു രാജ്യത്തെ  നയിക്കാനുള്ള മോഹവുമായി അവൾ വേറിട്ടു നിന്നു.  ഈ സിനിമ പ്രേക്ഷകർക്ക്  ദക്ഷിണേഷ്യൻ, മിഡിൽ ഈസ്റ്റ് സംസ്കാരങ്ങളെ കുറിച്ച്  അവയിൽ വസിക്കുന്നവരെക്കുറിച്ച്   വ്യക്തമായൊരു കാഴ്ചപ്പാട്  നൽകി.  ബ്രോഡ്‌വേയിൽ അവളുടെ കഥയുമായി എത്തുമ്പോൾ  എനിക്ക് അതൊരു ആദരമാകുന്നു . ”ശോഭ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക