Image

ക്ഷ്യക്ഷാമത്തിനൊപ്പം കടുത്ത പണക്ഷാമവും; അഫ്ഗാന് 2 കോടി ഡോളര്‍ യുഎന്‍ സഹായം

Published on 14 September, 2021
ക്ഷ്യക്ഷാമത്തിനൊപ്പം കടുത്ത പണക്ഷാമവും; അഫ്ഗാന് 2 കോടി ഡോളര്‍ യുഎന്‍ സഹായം
ജനീവ : അഫ്ഗാനിസ്ഥാനിലെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് 2 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടില്‍നിന്നാണു തുക അനുവദിച്ചത്. 60 കോടി ഡോളര്‍ രാജ്യാന്തര സഹായം വേണമെന്നും യുഎന്‍ അഭ്യര്‍ഥിച്ചു.  

ഭക്ഷ്യക്ഷാമത്തിനൊപ്പം കടുത്ത പണക്ഷാമവും നേരിടുന്ന അഫ്ഗാനി!ല്‍ പലരും വീട്ടുസാധനങ്ങള്‍ വരെ വിറ്റുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടേത് അടക്കം വിദേശസഹായങ്ങള്‍ നിലച്ചതു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. യുഎന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ യുഎന്‍ റിലീഫ് മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് കഴിഞ്ഞയാഴ്ച കാബൂളിലെത്തിയിരുന്നു.

അതേസമയം, സ്ത്രീഅവകാശകളുമായി ബന്ധപ്പെട്ടു നേരത്തേ താലിബാന്‍ നേതാക്കള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നുവെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മീഷേല്‍ ബച്ച്‌ലെ പറഞ്ഞു. അഫ്ഗാനിലെ പുതിയ സര്‍ക്കാരില്‍ സ്ത്രീ പ്രാതിനിധ്യമില്ല. പല പ്രവിശ്യകളിലും 12 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നു വിലക്കിയെന്നും സ്ത്രീകളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടെന്നു മീഷേല്‍ ബച്ച്‌ലെ പറഞ്ഞു. മുന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരെയും സൈനികരെയും തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്.

സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കണമെന്നും താലിബാന്‍ സര്‍ക്കാരിന് അംഗീകാരം നല്‍കാന്‍ സമയമായിട്ടില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ത്താനി ദോഹയില്‍ പറഞ്ഞു. ഞായറാഴ്ച കാബൂളില്‍ സന്ദര്‍ശിച്ച ഷെയ്ഖ് മുഹമ്മദ് താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

താലിബാന്‍ വന്നശേഷമുള്ള, പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈനിന്റെ ആദ്യ വിമാനം ഇന്നലെ കാബൂളില്‍ ഇറങ്ങി. കാബൂള്‍ രാജ്യാന്തര വിമാനത്താവളം പൂര്‍ണനിലയില്‍ സജ്ജമായിട്ടില്ല. ഖത്തര്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നൂറുകണക്കിനു വിദേശികള്‍ക്കൊപ്പം അഫ്ഗാന്‍ പൗരന്മാരും കഴിഞ്ഞ ആഴ്ചയില്‍ കാബൂള്‍ വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക