Image

കാഴ്ചകൾ (കഥ: ഡോ. അജയ് നാരായണൻ)

Published on 30 August, 2021
കാഴ്ചകൾ (കഥ: ഡോ. അജയ് നാരായണൻ)
ഒക്കത്തിരിക്കുന്ന ഇളയകുഞ്ഞിനെ വലതുകൈകൊണ്ട് താങ്ങി, മറ്റേ കയ്യിൽ ഒരു ഭാണ്ഡവുമായി ദേവി കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ ബസ്സിൽ വന്നിറങ്ങി. രണ്ടാമത്തെ കുട്ടിയാണു ഗോപൻ. അവന്റെ കൊലുന്നനെയുള്ള വലതുകൈ ബലമായിപ്പിടിച്ചുകൊണ്ട് മൂത്തമകൾ സുമതി, അമ്മയുടെ വാലുപോലെ പിന്നാലെ ഇറങ്ങി.
ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോൾ ചൂടുകാറ്റ് സുമതിയെ പൊതിഞ്ഞു. മുകളിലെ സൂര്യൻ കൂടുതൽ ജ്വലിച്ചു. ഭൂമി ചൂടിനെ ഛർദിച്ചു. സുമതിയുടെ കാലുകൾ പൊള്ളി. അവൾക്ക് നൊന്തു.
അവളുടെ വിടർന്ന കണ്ണുകൾ ഒന്നുകൂടി വിടർന്നുവന്നു. പുതിയ നാട്, പുതിയ വഴികൾ, പുതിയ മുഖങ്ങൾ!
അവൾ അമ്മയോട് ഒട്ടിച്ചേർന്നു നിന്നു. ഉള്ളിലെ ചൂട് ഒന്നുകുറഞ്ഞു. പേടിച്ചരണ്ട മുഖത്തോടെ ഗോപനും അവളെ പറ്റിച്ചേർന്നു നിന്നു. അവന്റെയുള്ളിലും ചൂടുണ്ടായിരുന്നുവോ? സുമതി വെറുതെ ആലോചിച്ചു. അവൾ ഗോപൂനെ ചേർത്തുപിടിച്ചു.
അവൾക്ക് വിശക്കുന്നുണ്ടായിരുന്നു. പക്ഷെ അമ്മയുടെ വിളർത്ത മുഖത്തേക്കു നോക്കിയപ്പോൾ വിശപ്പ്‌കെട്ടു! പകരം ഉള്ളിലൊരു പേടി കത്തിപ്പടർന്നു.
അവൾ ഒരിക്കൽകൂടി ചുറ്റും നോക്കി. അച്ഛനെങ്ങാനും കാത്തുനിൽപ്പുണ്ടാവുമോ!
തൃശൂർന്ന് ബസ്സുകേറിയതാ, രാവിലെ. ഇപ്പൊ, ഉച്ച കഴിഞ്ഞുകാണും. സുമതിക്ക് ആകെയൊരു പരിഭ്രമം ആയിരുന്നു.
തറവാട്ടീന്ന് വഴക്കിട്ടു വന്നതാണമ്മ! കയ്യില്കിട്ടിയ തുണിയൊക്കെ വാരിക്കെട്ടി ഒരു ഭാണ്ഡമാക്കി, എളേകുട്ടിയെ ഒക്കത്തിരുത്തി മുറ്റത്തേക്ക് നോക്കി, ശക്തിയായിട്ടൊന്നു കാറിത്തുപ്പി, ഗോപന്റേം സുമതീടേം കൈകൾ കോർത്തുപിടിച്ചു അമ്മ ഇറങ്ങിയപ്പോൾ അമ്മയുടെ മേലാകെ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. എങ്ങും നോക്കാതെ ആഞ്ഞുനടന്നു ദേവി.
സുമതി കരഞ്ഞില്ല. അവൾക്ക് കരയാനും പറ്റില്ലല്ലോ, മൂത്തകുട്ടിയല്ലേ. ഗോപൂന്റെ കൈ പതുക്കെ അമ്മയിൽ നിന്നും വിടുവിച്ചു അവൾ കൂടെനടത്തി. അമ്മയോട് ഒന്നും ചോദിച്ചില്ല അവൾ.
എന്തിനാണ് അച്ഛമ്മയുമായി വഴക്കുണ്ടായത്?
“എടീ മൂധേവീ… നീയെന്റെ മോനെ മയക്കീലേ… താണജാതീന്ന് ഒരുത്തീനെ കൊണ്ടുവന്നു അവനെന്റെ തറവാട് മുടിച്ചു. പെറ്റുകൂട്ടീയിരിക്കുണു പന്നി പെറുമ്പോലെ. നശൂലം പിടിച്ച ഈ ജന്തുക്കളെയുംകൊണ്ടു പോ എങ്ങോട്ടെങ്കിലും…”
ഇങ്ങനെയെന്നും ഓരോ പിരാക്കുകൾ കേട്ടാണ് സുമതി എഴുന്നേൽക്കുക. അച്ഛമ്മ അങ്ങനെയാണ്, പെട്ടെന്ന് ദേഷ്യം വരും. പലതും മനസ്സിലാവില്ല. താണജാതീ ന്ന് വച്ചാൽ എന്തേലും ചീത്തവാക്കാവും.
അമ്മ ഒന്നും മിണ്ടാറില്ല. നിവൃത്തിയില്ലാതെ വരുമ്പോൾ അമ്മയും എന്തെങ്കിലും പറയും. പിന്നെ ആകെ ബഹളമാണ്.
അച്ഛൻ ആഴ്ചയിലൊരിക്കലേ കളമശ്ശേരീന്ന് ജോലി കഴിഞ്ഞു വരുള്ളൂ. ഒരു തുണിമില്ലിലാണ് ജോലി. അച്ഛൻ വരുമ്പോൾ മിഠായി കിട്ടും. എത്ര രാത്രിയാണെങ്കിലും കാത്തിരിക്കും. ഗോപനും വാവേം ഉറങ്ങിയിരിക്കും. അമ്മയും ഒന്നും മിണ്ടാതെ അവരുടെ കൂടെ കിടപ്പുണ്ടാകും.
അവരുടേത് ഒരു കൊച്ചുവീടാണ്. അപ്പുറത്തു തറവാടാണ്. വലിയ വീടാണ്. അവിടെ എല്ലാരും ഉണ്ട്. വലിയച്ഛന്മാരും ഇളയച്ഛന്മാരും കൊറേ പിള്ളാരും ഒക്കെ. അങ്ങോട്ട് അമ്മ കളിക്കാൻ വിടൂലാ. എന്നാലും ഇടയ്ക്ക് പോകും. അപ്പോൾ അച്ഛമ്മയും മുഖം കറുപ്പിക്കും. എന്തിനെന്നറിയില്ല.
അവിടെ ചേട്ടന്മാരൊക്കെയുണ്ട്. കണ്ടാൽ നോക്കിച്ചിരിക്കും. താനും ചിരിക്കും. വല്യച്ഛന്മാരുമൊക്കെ കണ്ടാലും ഒന്നും മിണ്ടൂല. അമ്മായിമാരും കണ്ടാൽ തിരിഞ്ഞു നടക്കും. അതൊക്കെ ശീലമായതുകൊണ്ട് സുമതിയും ഗൗനിക്കാറില്ല. അവൾക്ക് പക്ഷെ അച്ഛമ്മയെ പേടിയായിരുന്നു, എന്തോ…
അവൾക്കോർമ്മയുണ്ട്, മിനിഞ്ഞാന്ന് അമ്മ പുട്ടിനു അരി ഇടിച്ചു വറത്തുവച്ചു. സുമതിക്കും ഉത്സാഹമായിരുന്നു.
രാവിലെ അവളെ എഴുന്നേൽപ്പിച്ചു അമ്മ പറഞ്ഞു,
“മോളേ, ആരും കാണാതെ വല്ല്യമ്മായിയോട് പുട്ടുകുറ്റിയും കൊടോം വാങ്ങിക്കൊണ്ടുവാ വേഗം വാ. അച്ഛമ്മ കാണണ്ടാ ട്ടോ…”
സുമതിക്ക് പേടിയായിരുന്നു. അവൾ തറവാട്ടിലേക്ക് നടന്നു. ഭാഗ്യം, ആരും ഇല്ല. മുൻവശത്തൂടെ കേറാൻ പാടില്ല. എന്താണാവോ കാര്യം.
പിന്നാമ്പുറത്തേക്കവൾ വേഗം നടന്നു. അവിടെ ആഴമുള്ള ഒരു കിണറുണ്ട്, അടുക്കളയുടെ വശത്തായിട്ട്. നല്ല തണുത്ത വെള്ളം എപ്പോഴും കിട്ടും. അവൾ എത്തിനോക്കി. ചെറിയ ഒരു കല്ലിട്ടുനോക്കി. കാതിൽ ചിലമ്പിച്ച സ്വരം കിണറിന്റെ ഉള്ളീന്ന് കേട്ടു. ആരോ വഴക്കിടുംപോലെ. സുമതി പേടിച്ചു പിൻമാറി. വല്യമ്മായി അടുക്കളേലുണ്ടായിരുന്നു.
 
“വല്യമ്മായീ, അമ്മ പറഞ്ഞു പുട്ടുകുറ്റീം കൊടോം തരാൻ”.
സുമതി ഉത്സാഹത്തോടെ പറഞ്ഞു, “ഇന്ന് ഞങ്ങക്ക് പുട്ടാണല്ലോ. കടലേം ഇണ്ട്”. വല്യമ്മായി വാത്സല്യത്തോടെ ചിരിച്ചു. കുടവും കുറ്റിയും എടുത്തു. അന്നേരമാണ് അച്ഛമ്മ അടുക്കളയിലേക്ക് വന്നത്.
സുമതി നടുങ്ങി. വിറച്ചു. വല്യമ്മായീടെ സാരിത്തുമ്പിൽ പിടിച്ചു. അച്ഛമ്മ അലറി.
“ശ്രീദേവീ, ഈ ജന്തു എന്താ ഇവിടെ…? “
എന്നിട്ടവളോടായി ചോദിച്ചു, “ആരോട് ചോദിച്ചാടീ അകത്തു കേറിയേ… ആകെ അശുദ്ധാക്കീലോ കൃഷ്ണാ, ഗുരുവായൂരപ്പാ… പുറത്ത്, പുറത്തു പോ… അവിടെ നിന്ന് പറഞ്ഞാമതി, എന്തിനാ വന്നേ…”
സുമതിയുടെ കാലുകൾ ആഴമുള്ള കിണറ്റിലേക്ക് വീണു. അനങ്ങാൻ പറ്റിയില്ല. വല്യമ്മായി അവളെ പതുക്കെ തള്ളി, പുറത്തേയ്ക്ക്. എന്നിട്ട് അച്ഛമ്മയോടായി ശാന്തസ്വരത്തിൽ പറഞ്ഞു, “സുമതി പുട്ടുകുറ്റി വാങ്ങാൻ വന്നതാമ്മേ…”
അച്ഛമ്മയുടെ സ്വരം കിണറ്റിൽ നിന്നും പൊങ്ങിവന്നത്പോലെ തോന്നി.
“ഇല്ല്യ, ഇബടന്ന് ഒരു സാധനോം ആ ഒരുമ്പെട്ടോൾക്കും ഓൾടെ സന്തതിയോൾക്കും കൊടുക്കൂല്ല. എല്ലാം നശിപ്പിച്ചൂലോ കൃഷ്ണാ. പൊയ്ക്കോ ഇബടന്ന്…”
സുമതി വല്ലാതെ പേടിച്ചു. അവളുടെ കണ്ണുകൾ ചോർന്നു. നിറഞ്ഞ കണ്ണുകളിലൂടെ പേടി ഒഴുകിവീണു. വീണവഴിയാകെ പേടി ചുളുങ്ങിക്കൂടി. ഒരു തുള്ളി മണ്ണിലും വീണു. ഭൂമി കരഞ്ഞു, വല്ലാതെ വിറച്ചു.
ശബ്ദം കേട്ടാവണം മറ്റു അമ്മായിമാരും കുട്ട്യോളും എത്തിനോക്കി. ആരും ഒന്നും മിണ്ടീല.
അവർക്കും പേടിയാവും!
ഒഴിഞ്ഞകയ്യും വിങ്ങിയ മനസ്സുമായി അവൾ വീട്ടിലേക്കോടി. അവളെക്കണ്ടു ദേവി ഒന്നും മിണ്ടിയില്ല. എന്തിനു മിണ്ടണം. സുമതിയുടെ ഒഴിഞ്ഞ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചകത്തേക്ക് കൊണ്ടുപോയി ദേവി.
അന്നാണ് സുമതി ആദ്യമായി അവലോസ്പൊടി കഴിച്ചത്… നാളികേരം ചെരവീത് അരിപ്പൊടിയിൽ കുഴച്ചുകൊണ്ടിരുന്നു അമ്മ. ഇടയ്ക്ക് കണ്ണുനനഞ്ഞു കുതിർന്നു ചുവന്നത് പുറംകൈകൊണ്ടു തടുത്തും പൊടി കുഴച്ചും അമ്മ കൊറേനേരം അങ്ങനെയിരുന്നപ്പോൾ സുമതിക്ക് ശ്വാസംമുട്ടി.
കുഴച്ചശേഷം അമ്മ പൊടി വറക്കണതും നോക്കി സുമതി ഇരുന്നു. ഗോപനും എത്തിനോക്കുന്നുണ്ടായിരുന്നു. വാവ ഉറക്കത്തിലാണ്.
വറുത്ത പൊടിയിൽ പഞ്ചസാരയിട്ട് അമ്മ തന്നു. നല്ല സ്വാദ്!
സുമതി നിറഞ്ഞമനസ്സോടെ ചിരിച്ചു.
“നല്ല സ്വാദ്ണ്ടമ്മേ, ഇനീം വേണം…”
ദേവി കൊടുത്തു. വാരിക്കോരി കൊടുത്തു മോൾക്ക്. മതിവരുവോളം. ഗോപനും വാരിക്കഴിച്ചു. തൃപ്തിയായി രണ്ടാൾക്കും.
ദേവീടെ വയറും നെറഞ്ഞു.
പിന്നെയാ സംഭവം സുമതിയെ അലട്ടിയതേയില്ല. ആ ദിവസം വലിയ അല്ലലില്ലാതെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ അവൾ ഉറക്കം എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. ഏതോ ബഹളം കേട്ടാണ് ഉണർന്നത്.
അമ്മയെ മുറിയിൽ കണ്ടില്ല. വാവ കരയുന്നു. ഗോപനും എണീറ്റു. അവരെയും പിടിച്ചുകൊണ്ടു അവൾ വാതിൽ തുറന്നു പുറത്തെത്തി. അച്ഛമ്മയുടെ ശബ്ദം കേൾക്കണത് കിണറ്റുംകരേന്ന്. അമ്മയെ ഒരു മിന്നായം പോലെ കണ്ടു. വെള്ളം കോരാൻ പോയതാവും.
കുട്ടികളെയും കൊണ്ടു സുമതി അമ്മയുടെ അടുത്തേക്ക് ചെന്നു. ഗോപൻ കരയാൻ തുടങ്ങി. വാവയെ അമ്മ ഒക്കത്തിരുത്തി.
അച്ഛമ്മ പിന്നേം ഒച്ചയെടുത്തു, “തീണ്ടാരിയായിട്ട് നീ കെണറ് അശുദ്ധാക്കീലോ അശ്രീകരം. അതെങ്ങനാ, വെവരോം വകതിരിവും ഇല്ലാത്ത ജാതി! ചത്തൂടെ നെനക്ക്, എന്നാലേ ഈ കുടുംബോം ന്റെ മോനും ഗതി പിടിക്കൂ “.
അച്ഛമ്മ തലയിൽ കൈവച്ചു പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാരും നോക്കിനിന്നു. ഒന്നും മിണ്ടീല. അമ്മയുടെ പിറകിലേക്കവൾ പതുങ്ങിനിന്നു. ചുട്ടുപഴുത്ത ഇരുമ്പുപോലെ അമ്മേടെ മേലാകെ പൊള്ളുന്നു എന്ന് അവൾക്ക് തോന്നി. തൊടാൻ പേടി.
അവളുടെ തൊണ്ട വരണ്ടു… ഇത്തിരി വെള്ളം കിട്ടീരുന്നെങ്കിൽ! അവളുടെ മനസ്സറിഞ്ഞെന്നവണ്ണം അമ്മ അവളെയും ഗോപനെയും ചേർത്തുപിടിച്ചു ഒക്കത്തിരുന്ന വാവേനെ ഒന്നുകൂടി ഒതുക്കി കിണറ്റിൻകരയിലേക്ക് തിരിഞ്ഞു. അച്ഛമ്മയെ നോക്കി അലറി.
“ഈ കെണറും ഈ തറവാടും നശിഞ്ഞു പോട്ടെ, ഞങ്ങള് ഈ കെണറ്റിൽ കെടന്നോളാം…”
ദേവിയുടെ സ്വരം കിണറ്റിലേക്ക്‌ കുത്തിയൊലിച്ചു.
ദേവി കുട്ടികളെ ചേർത്തുനിർത്തി കിണറ്റിൻ വക്കിലെത്തിയതും ഒരുൾവിളി പോലെ ശ്രീദേവി വലിയമ്മ ഉച്ചത്തിൽ വിളിച്ചു, “ദേവീ…”.
മച്ചിലോട്ട് ഭഗവതി പിടിച്ചുവലിച്ചതുപോലെ അമ്മ കിണറ്റിന്റെ വക്കത്തു നിന്നു. ശ്രീദേവിവലിയമ്മ ഒരൊറ്റപിടുത്തമായിരുന്നു. അമ്മയും സുമതിയും മണ്ണിൽ വീണു. ഗോപനും വാവേം അമ്മേടെമേലും കിടന്നുകരഞ്ഞു. വലിയമ്മ എല്ലാരേം ഒതുക്കിപിടിച്ചു. കിണറ്റീന്ന് എന്തൊക്കെയോ അലർച്ചകൾ സുമതി കേട്ടു. അച്ഛമ്മ ശകാരവും പിരാക്കും നിറുത്തിയില്ല.
ഭഗോതി പിടിവിട്ടു. അമ്മ വാവിട്ടുകരഞ്ഞു, വല്യമ്മയുടെ തോളിൽ തലതല്ലികരഞ്ഞു.
“ഞാൻ പോണൂ ഏടത്തീ ഇബടുന്ന്. മടുത്തു. ഇനി വയ്യ. ഇവരുടെ കൺവെട്ടത്തൂന്ന് എബടേങ്കിലും പോകാം… എനിക്ക് മതിയായി…” ദേവി കരഞ്ഞു. കിണറും കരഞ്ഞു. ശ്രീദേവി അവരെ തലോടി.
അവർ എഴുന്നേറ്റു. കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളംകോരി കൈകുമ്പിളിൽ വാരിയെടുത്തു ദേവിയുടെ മുഖം കഴുകി. അടുത്തുണ്ടായിരുന്നു കുടത്തിൽ വെള്ളം നിറച്ചു അതുമായി നടന്നു. പിന്നാലെ ദേവിയും മൂന്നു കുട്ടികളും.
യാത്ര തുടങ്ങി… സുമതിയുടെ യാത്ര!
പിറ്റേദിവസം രാവിലെ അവർ വീട്ടിൽ നിന്നിറങ്ങുമ്പോൾ കുറെയേറെ കണ്ണുകൾ ഒഴിഞ്ഞമുഖങ്ങളോടെ നോക്കിനിന്നു.
“പൊക്കോ, എങ്ങോട്ടെങ്കിലും പോ, ഒരു ബാധ ഒഴിഞ്ഞു, എന്റെ ഈശ്വരന്മാരെ…”
അച്ഛമ്മ എല്ലാരും കേൾക്കാൻവേണ്ടി പറഞ്ഞു. എല്ലാരും കേട്ടു. ദേവിയും കേട്ടു. മച്ചിമ്പുറത്തു കുടിയിരിക്കണ ഭഗോതിയും കേട്ടു, ആകാശങ്ങളിൽ ഒളിച്ചിരിക്കണ ദൈവങ്ങളും കേട്ടു.
“ത്ഫൂ…” എല്ലാ ദൈവങ്ങളും കാറിത്തുപ്പി, മണ്ണിലേക്ക്. ഒപ്പം ദേവിയും. വീണ്ടും വീണ്ടും…
ഒരന്ത്യവാക്യം ചൊല്ലിയതുപോലെ ഒന്നൂടെ കാറിത്തുപ്പി മക്കളുടെ കൈകൾ കൂട്ടിപിടിച്ചു ദേവി പടിയിറങ്ങി. ഇനി പിൻനടത്തമില്ല…
ബസ്സിറങ്ങി അമ്മയുടെ പിന്നാലെ സുമതി ഗോപൂന്റെ കൈപിടിച്ചു പുതിയ പടിവാതുക്കൽ അവൾ കാത്തുനിന്നു. കമ്പനീന്ന് സൈറൺ കേട്ടു. ഓരോരുത്തരായി ഇറങ്ങിവരുന്നു.
സുമതി കാത്തുനിന്നു, വിടർന്ന കണ്ണുകളോടെ, തുടിച്ച മനസ്സോടെ…
നിറഞ്ഞ പുഴയൊഴുകും പോലെ, കാറ്റടരുംപോലെ, ഇരുട്ട് പരക്കുംപോലെ അവൾ കാത്തുനിന്നു!
ദൂരേ, അവൾ കണ്ടു…
സുമതി കരഞ്ഞു. പൊട്ടിപ്പൊട്ടി കരഞ്ഞു.
അവളുടെ നെഞ്ചിൽനിന്നും ഒഴുകിയ ആശ്വാസധാര ചെറുചാലായി പെരിയാറിൽ ലയിച്ചു!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക