Image

ശ്രീനാരായണഗുരു എന്ന യുക്തിവാദി (ലേഖനം: പി.റ്റി. പൗലോസ്‌)

പി.റ്റി. പൗലോസ്‌ Published on 23 August, 2021
ശ്രീനാരായണഗുരു എന്ന യുക്തിവാദി (ലേഖനം: പി.റ്റി. പൗലോസ്‌)
സ്വതന്ത്ര ചിന്ത ഇന്നിന്റെ മാത്രം സന്തതിയല്ല. കേരള സംസ്‌കാരത്തിന്റേയും ചരിത്രത്തിന്റേയും ആരംഭകാലം മുതല്‍ സ്വതന്ത്രചിന്തയുടെ ഒരു കൈവഴിയും വ്യക്തമായി കാണപ്പെട്ടിരുന്നു. ജാതിവ്യവസ്ഥിതിയില്‍ അധിഷ്‌ഠിതമായ ആര്യന്മാരുടെ ഹിന്ദുമതം കേരളത്തില്‍ എത്തുന്നത്‌ എ.ഡി. ആറാം നൂറ്റാണ്ടോടുകൂടിയാണ്‌. അതിനു മുമ്പുതന്നെ കേരളത്തില്‍ നാസ്‌തിക ചിന്താഗതി പ്രചരിച്ചിരുന്നു. ബി.സി നാലാം ശതകത്തിലും മൂന്നാം ശതകത്തിലും അതായത്‌ ചന്ദ്രഗുപ്‌ത മൗര്യന്റെ കാലത്ത്‌ ജൈനമതവും അശോകന്റെ കാലത്ത്‌ ബുദ്ധമതവും കേരളത്തില്‍ എത്തിയിരുന്നു. ആദ്യകാലത്ത്‌ ഈ രണ്ടു മതങ്ങളും നിരീശ്വരവാദത്തില്‍ അധിഷ്‌ഠിതമായിരുന്നു.

ഇന്‍ഡ്യയിലും മറ്റു ഭാഗങ്ങളിലുമെന്നപോലെ ആര്യന്മാരുടെ കടന്നാക്രമണമാണ്‌ ജൈന-ബുദ്ധ മതങ്ങളേയും സതന്ത്ര ചിന്തയേയും ഇവിടെ നശിപ്പിച്ചത്‌. എ.ഡി. ആറാം നൂറ്റാണ്ട്‌ മുതല്‍ എട്ടാം നൂറ്റാണ്ടുവരെയുള്ള കാലത്ത്‌ അവര്‍ കേരളത്തില്‍ ആധിപത്യം നേടി. വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ അധിഷ്‌ഠിതമായ ജാതി സമ്പ്രദായം സ്ഥാപിക്കപ്പെട്ടു. ബൗദ്ധ-ജൈന സന്യാസിമാര്‍ കൂട്ടത്തോടെ വധിക്കപ്പെടുകയും അവരുടെ വിഹാരങ്ങള്‍ ഹൈന്ദവ ക്ഷേത്രങ്ങളായി മാറ്റപ്പെടുകയും ചെയ്‌തു. ഇങ്ങനെ സംഘടിതവും രൂക്ഷവുമായ ഹിന്ദുമതം എല്ലാവിധ അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കേന്ദ്രമായി മാറി. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ, യാതൊരുവിധ സ്വതന്ത്രചിന്തയും അനുവദിക്കപ്പെടാത്ത ഒരു കാലത്തിന്റെ തുടക്കമായിരുന്നു അത്‌.

സമൂഹത്തിലെ ഭൂരിപക്ഷത്തിനും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ബ്രാഹ്‌മണര്‍ക്കും അവരോട്‌ ചേര്‍ന്നു നിന്ന സവര്‍ണ്ണര്‍ക്കുമല്ലാതെ മറ്റാര്‍ക്കും വിദ്യാഭ്യാസം ലഭിക്കുവാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അടിമക്കച്ചവടം സര്‍വ്വസാധാരണമായി. ഈ കര്‍ശന നിയമങ്ങള്‍ മൂലം പലരും പുതുതായി വന്ന ക്രിസ്‌തുമതത്തിലും, ഇസ്ലാം മതത്തിലും അഭയം തേടി. അതിനു കഴിയാതെ വന്നവര്‍ അടിമകളോ, ചണ്‌ഡാളരോ ആയി. എട്ടാം ശതകതത്‌#ില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച അദൈ്വത മതം തത്വചിന്താരംഗത്ത്‌ കൊടുങ്കാറ്റഴിച്ചുവിട്ടെങ്കിലും ചാതുര്‍വര്‍ണ്ണ്യത്തിന്റെ അടിത്തറയിളക്കാന്‍ അതിനായില്ല.

സവര്‍ണ്ണമേധിത്വം സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരുന്ന കാലത്താണ്‌ 1854-ല്‍ പിന്നോക്ക വിഭാഗമായിരുന്ന ഈഴവ സമൂദായത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ജനനം. ക്ഷേത്രത്തില്‍ പോയി പൂജ നടത്താന്‍ സവര്‍ണ്ണര്‍ക്ക്‌ മാത്രമേ അന്ന്‌ അധികാരമുണ്ടായിരുന്നുള്ളൂ. ഈഴവര്‍ക്കുപോലും ക്ഷേത്രത്തിനടുത്തുള്ള വഴികളില്‍ക്കൂടി നടക്കുവാന്‍ പോലും സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ശ്രീനാരായണ ഗുരു അക്കാലത്ത്‌ ധീരമായ ഒരു കാല്‍വെയ്‌പ്‌ നടത്തി. തിരുവനന്തപുരത്തിനടുത്ത്‌ അരുവിപ്പുറത്ത്‌ 1888-ല്‍ അദ്ദേഹമൊരു ക്ഷേത്രം സ്ഥാപിച്ചു. ബ്രാഹ്‌മണര്‍ക്കല്ലാതെ മറ്റാര്‍ക്കും ക്ഷേത്ര പ്രതിഷ്‌ഠ നടത്താന്‍ പാടില്ലെന്ന നിയമമുണ്ടായിരുന്ന കാലത്താണത്‌. സവര്‍ണ്ണര്‍ അദ്ദേഹത്തിനെതിരേ കേസ്‌ കൊടുത്തു. താന്‍ ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന്‌ പറഞ്ഞ്‌ അദ്ദേഹം രക്ഷപെട്ടു. തുടര്‍ന്ന്‌ കേരളത്തിന്റെ പല ഭാഗത്തും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. സവര്‍ണ്ണ ഹിന്ദുമതത്തിനെതിരായി ഒരു സമാന്തര വിപ്ലവത്തിന്‌ അദ്ദേഹം തുടക്കംകുറിച്ചു. ഇത്‌ യാഥാസ്ഥിതിക ഹിന്ദുമതത്തെ പിടിച്ചുകുലുക്കി. പല അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ശ്രീനാരായണ ഗുരു ശബ്‌ദമുയര്‍ത്തി. ഈ കാലഘട്ടത്തെ ഒരു നവോത്ഥാന കാലഘട്ടമെന്ന്‌ വിശേഷിപ്പിക്കാം.

സംസ്‌കാരസമ്പന്നനായ ഗുരുവിന്‌ വിഭാവനം ചെയ്യാന്‍ കഴിഞ്ഞ, ഉദാത്തമായ മാനവമൂല്യങ്ങളില്‍ അടിയുറച്ച ഒരു ആദര്‍ശ ലോകത്തെ സൃഷ്‌ടിക്കാനുള്ള ശ്രമമാണ്‌ അദ്ദേഹം നടത്തിയത്‌. വ്യക്തിപരവും സാമൂഹികവും രാഷ്‌ട്രീയവുമായ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന പരിതസ്ഥിതിയായിരുന്നില്ല അന്നുണ്ടായിരുന്നത്‌. മനുഷ്യന്റെ സാര്‍വത്രികമായ ഐക്യത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള യാതൊരു സ്ഥാപനവും പ്രസ്ഥാനവും അന്ന്‌ നിലവിലില്ലായിരുന്നു. മനുഷ്യസമൂഹത്തിന്റെ വിമോചനത്തിന്‌, ജനങ്ങളെ മാനസീകമായും ബുദ്ധിപരമായും വൈകാരികമായും കെട്ടിവരിഞ്ഞ്‌ നിര്‍ത്തിയിരുന്ന വിശ്വാസങ്ങളെ പൊളിച്ചുകളയണമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. വ്യക്തികള്‍ പ്രബുദ്ധരാകാതെ യാതൊരു പരിവര്‍ത്തനവും സാദ്ധ്യമാകുകയില്ലെന്നും ആ പ്രബുദ്ധതയാകട്ടെ സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തില്‍ മാത്രം ഉണ്ടാകുന്നതാണെന്നും അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. ഇവിടുത്തെ ക്രിസ്‌ത്യാനിയുടേയും മുസ്ലീമിന്റേയും ബ്രാഹ്‌മണരുടേയും പറയന്റേയും നായരുടേയും ഈഴവന്റേയും സ്ഥാനത്ത്‌ `മനുഷ്യന്‍' എന്ന വിശിഷ്‌ട വ്യക്തിയെ സൃഷ്‌ടിച്ചാല്‍ മാത്രമേ മാനുഷികത എന്ന ഉദാത്തമായ ഗുണവിശേഷം ജനങ്ങളില്‍ ആനന്ദ കുളിര്‍മഴ പെയ്യിക്കുകയുള്ളുവെന്ന്‌ അദ്ദേഹം മനസിലാക്കിയിരുന്നു. ഇങ്ങനെ അത്യന്തം മഹത്തായ ചിന്ത നാരായണഗുരുവില്‍ ഉളവായത്‌ അന്ന്‌ നിലവിലിരുന്ന അന്ധവിശ്വാസങ്ങളെ യുക്തിയുടെ മൂര്‍ച്ഛയുള്ള വാളിനാല്‍ അരിഞ്ഞുതള്ളിയതിന്റെ ഫലമായാണ്‌.

ഭാരതീയ ദര്‍ശനത്തിന്‌ കോട്ടംതട്ടാതെ അതിവിദഗ്‌ധമായി അദ്ദേഹം ജനങ്ങളെ യുക്തിവാദത്തിന്റെ ആദര്‍ശലോകത്തേക്ക്‌ നയിക്കുകയാണുണ്ടായത്‌. വിദ്യയുടെ, അറിവിന്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ മനുഷ്യമനസുകളില്‍ നിന്ന്‌ അന്ധമായ സകല വിശ്വാസങ്ങളും സങ്കല്‍പങ്ങളും ധാരണകളും പരിപൂര്‍ണമായി തുടച്ചുമാറ്റാന്‍ അജ്‌ഞാപിക്കുകയാണ്‌ ചെയ്‌തത്‌. ദൈവത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ച്‌ കാണുന്നത്‌ മനുഷ്യമനസ്സ്‌ സ്വതന്ത്രമാകാത്തതിലാണ്‌ എന്ന്‌ ഗുരു ജനങ്ങളെ മനസ്സിലാക്കി. `നാം ജാതിയും മതവും വിട്ടിരിക്കുന്നു' എന്ന ഗുരുവിന്റെ ഒരു പ്രഖ്യാപനമുണ്ട്‌. മനുഷ്യന്‍ നന്നാകണമെങ്കില്‍, മനുഷ്യന്‍ എന്ന ആ സുന്ദരമായ, ഉന്നതമായ, ഉജ്വലമായ അഭിധാനത്തിന്‌ അര്‍ഹനാകണമെങ്കില്‍, അവന്‍ ജാതിയും മതവും വിടുകതന്നെ വേണമെന്നു തന്നെയല്ലേ അതിന്റെ അര്‍ത്ഥം? മതം വിട്ടാല്‍ പിന്നെ ദൈവമെവിടെ? `ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്‌. ഇനി ക്ഷേത്രങ്ങള്‍ വേണ്ട. പള്ളിക്കൂടങ്ങളും വ്യവസായശാലകളും ഉണ്ടാക്കുക' എന്നൊക്കെ ഗുരു പ്രസ്‌താവിച്ചതിന്റെ സാരം, ഈശ്വരന്‍ എന്നുപറയുന്നത്‌ കേവലം സങ്കല്‍പമാണെന്നും അത്‌ മാനവപുരോഗതിക്ക്‌ തടസ്സമായി നില്‍ക്കുന്നതാണെന്നും തന്നെയാണ്‌. `മതമേതായാലും മനുഷ്യന്‍ നന്നാകണമെന്നും' അതിനുശേഷം `മനുഷ്യന്‍ നന്നാകുമ്പോള്‍ മതം മാറിയല്ലോ' എന്നും ഗുരു പറഞ്ഞതിന്റെ സാരം നാം ശരിയായി മനസിലാക്കേണ്ടതുണ്ട്‌. മനുഷ്യന്‍ നന്നാകണമെങ്കില്‍ മതം പോകണം, അഥവാ മതമുള്ളിടത്തോളം കാലം മനുഷ്യന്‍ നന്നാകില്ല എന്നുതന്നെയാണ്‌.

എസ്‌.എന്‍.ഡി.പി യോഗത്തിന്റെ രജിസ്‌ട്രേഷനു മുമ്പായി അതിന്റെ കരട്‌ രൂപരേഖ കുമാരനാശാനാണ്‌ ഗുരുവിനെ വായിച്ചു കേള്‍പിച്ചത്‌. അതില്‍ `സമുദായം' എന്നതിന്റെ നിര്‍വചനം `ഈഴവര്‍, ചേകവര്‍, തിയ്യര്‍, ബില്ലവര്‍' എന്നറിയപ്പെടുന്ന `സമുദായം' എന്നു വായിച്ചപ്പോള്‍ ഗുരു പറഞ്ഞു: `മനുഷ്യസമുദായം' എന്നൊരു സമുദായമേ ഉള്ളൂ. ജാതിയുണ്ടെന്ന്‌ നാം വിശ്വസിക്കുന്നില്ല. അതു തെറ്റാണ്‌. അതുകൊണ്ട്‌ അതില്‍ മനുഷ്യസമുദായം എന്നു തന്നെ എഴുതി ചേര്‍ക്കണം.' അതിനെ വിനയാന്വിതനായി ആശാന്‍ എതിര്‍ത്തു. `ഇങ്ങനെ എഴുതിയാലേ സര്‍ക്കാര്‍ സമ്മതിക്കുകയുള്ളൂ. ഈഴവര്‍ക്ക്‌ ഒരു സംഘടനയുണ്ടാക്കുന്നതായിട്ടാണ്‌ ഞാന്‍ ദിവാനോട്‌ പറഞ്ഞു സമ്മതം വാങ്ങിയത്‌. ഇനി തിരുത്താന്‍ സാധിക്കുയില്ല.' എന്നു പറഞ്ഞു. അതിനു ഗുരു കൊടുത്ത മറുപടി: `നിയമം മനുഷ്യന്‍ ഉണ്ടാക്കുന്നതാണല്ലോ. അതുകൊണ്ട്‌ മനുഷ്യന്‌ അത്‌ തിരുത്താനും കഴിയും. ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ നിയമം രജിസ്‌ട്രേഷന്‌ തടസ്സമാണെങ്കില്‍ നിയമം തിരുത്തിയിട്ട്‌ സംഘം രജിസ്റ്റര്‍ ചെയ്‌താല്‍ മതി.' എന്നായിരുന്നു. അതും ആശാന്‍ എതിര്‍ത്തു. `എല്ലാ ഏര്‍പ്പാടുകളും ചെയ്‌തുപോയി. ഇനി പിന്മാറാന്‍ സാധ്യമല്ല'. അപ്പോള്‍ ഗുരു പറഞ്ഞു: നീ നമ്മെ ഗുരുവെന്ന്‌ വിളിക്കുകയും ഇങ്ങോട്ട്‌ ഉപദേശിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇനിമേല്‍ നാം നിന്നെ `ആശാന്‍' എന്നു വിളിക്കാം. അതിനുശേഷം `കുമാരു' എന്നു വിളിക്കുന്നതിനു പകരം ആശാന്‍ മരിക്കുന്നതുവരേയും `കുമാരനാശാന്‍' എന്നു തന്നെ വിളിച്ചു.

കേരളത്തില്‍ നിലനിന്നിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ നിന്ന്‌ പ്രബുദ്ധമായ ഒരു യുഗത്തിലേക്ക്‌ കേരളത്തെ തിരിച്ചുവിട്ട നാരായണ ഗുരുവിന്റെ സന്ദേശങ്ങളിലെ യുക്തിചിന്തയുടെ മൂല്യമാണ്‌ അദ്ദേഹത്തിന്റെ തലമുറയേയും അനന്തരതലമുറകളേയും യഥാര്‍ത്ഥ സംസ്‌കാരത്തിന്റെ വെളിച്ചത്തിലേക്ക്‌ നയിച്ചത്‌, നയിച്ചുകൊണ്ടിരിക്കുന്നത്‌. ഉത്തരവാദ ഭരണത്തിനും ജനകീയ പുരോഗമന- വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും വിത്തുപാകിയതും ആ സന്ദേശങ്ങളിലെ വിപ്ലവാത്മകതയാണ്‌.

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയ സംഘടനകളുമായി ഇണചേര്‍ന്ന്‌ രാഷ്‌ട്രീയ കൂട്ടുകെട്ടുകളുണ്ടാക്കി അധികാരത്തിന്റെ അകത്തളങ്ങളിലേക്ക്‌ എത്തിനോക്കുന്ന ഈ വര്‍ത്തമാനകാലത്ത്‌, ശ്രീനാരായണ സന്ദേശങ്ങള്‍ക്ക്‌ എക്കാലത്തേക്കാളും പ്രസക്തിയുണ്ട്‌.




പി.റ്റി. പൗലോസ്‌
Join WhatsApp News
Sudhir Panikkaveetil 2021-08-23 14:34:10
നല്ലൊരു ലേഖനത്തിനു ശ്രീ പൗലോസ് സാറിനു നന്ദി. വല്ലവരും എഴുതിയത് പകർത്തുന്നതിനേക്കാൾ സ്വന്തം അറിവും അഭിപ്രായവും പ്രകടിപ്പിക്കുമ്പോൾ വായനക്കാർ ശ്രദ്ധിക്കുന്നു. ശ്രീ പൗലോസ് അദ്ദേഹത്തിന്റെ അറിവുകൾ പകരുന്നു. ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണു സാനു മാഷ് പറയുന്നത്. "ശിവനെ ഒരു ജാതിയുമായി ഗുരു ഒരിക്കലും ബന്ധപ്പെടുത്തുകയില്ല" ഈശ്വരന്മാരെ കല്ല് രൂപത്തിൽ ഒരു അമ്പലത്തിൽ ഇരുത്തുന്നതിനുള്ള അവകാശം ബ്രാഹ്മണരക്കായിരുന്നു. ഗുരു ശിവലിംഗം പ്രതിഷ്ഠിച്ചപ്പോൾ ബ്രാഹ്മണർ ചോദ്യം ചെയ്തു. അപ്പോഴാണ് ഗുരു പറഞ്ഞത് ഞാൻ ഈശ്വരനെ ആരാധിക്കുന്നതിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അതെന്റെ ഈശ്വരനായി കരുതുക. ഗുരു ഈഴവനായതുകൊണ്ട് ഈഴവ ശിവൻ എന്നവ്യാഖാനം വന്നതാകാം. വാക്കുകൾ, വാചകങ്ങൾ , കേൾക്കുന്നതും, മനസ്സിലാക്കുന്നതും ആവർത്തിക്കുന്നതും ശ്രദ്ധിച്ചില്ലെങ്കിൽ പിഴവ് പറ്റാം. ആവർത്തനത്തിലൂടെ മൂലാർത്ഥം നഷപെടുന്നത് സ്വാഭാവികം. ഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഉപദേശം അദ്ദേഹത്തിന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പന് സ്വീകാര്യമായിരുന്നില്ല. അദ്ദേഹം അതിനെ നമുക്ക് ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്നാക്കി. ജനങ്ങൾ അതേപ്പറ്റി ഗുരുവിനോട് പറഞ്ഞപ്പോൾ ഗുരു പറഞ്ഞത് അയ്യപ്പൻറെ പ്രവർത്തികളിൽ ഈശ്വരനുണ്ടെന്നാണ്. ജാതിവ്യവസ്ഥ ഗുരുവിന്റെ കാലത്തേക്കാൾ ഇപ്പോൾ ഗുരുതരമാണ്. ഗുരുവിന്റെ ആശയങ്ങൾ വളരെ കുറച്ച്പേർ ഓർക്കുന്നുവെന്നതും മഹാത്ഭുതം. കാരണം ഗുരുവിനെ ഈഴവ സ്വാമിയായാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ജാതിവ്യവസ്ഥ മനുഷ്യരുളേടത്തോളം നില നിൽക്കും. ഇനി ഒരു ഗുരുവും ജനിക്കാൻ പോകുന്നില്ല.
വിദ്യാധരൻ 2021-08-26 02:43:55
ഒരു മനുഷ്യൻ അവന്റെ അല്ലെങ്കിൽ അവളുടെ വ്യക്തിത്വരൂപീകരണം ആഗ്രഹിക്കുന്നെങ്കിൽ ശ്രീനാരായണഗുരുവിനെ മാതൃക അയക്കാവുന്നതാണ്. പക്ഷെ ഇന്നത്തെ മനുഷ്യർക്ക് അത് ആവശ്യമില്ല . അവർ ഗുരുവിനെ ദേവനാക്കി മാറ്റി നിറുത്തിയിരിക്കുകയാണ് . യേശു എന്ന ഗുരുവിനെ ദൈവ പുത്രനാക്കി മാറ്റി നിറുത്തിയിരിക്കുന്നത് പോലെ . ദൈവം ഒരു സങ്കല്പമാണെങ്കിലും , ആ സാങ്കൽപ്പിക ദൈവത്തെ ആർക്കും ആവശ്യമില്ല . അവർക്കു വേണ്ടത് ആകാശത്തിനപ്പുറത്ത് സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവത്തെയാണ് ആവശ്യം . അവിടെ മാലാഖമാരോടും കന്യകമാരോടും ഒത്തു സുഖ ജീവിതം നയിക്കാൻ അവർ ആഗ്രഹിക്കുന്നു . അതിനു വേണ്ടി തല വെട്ടാനും കയ്യ് വെട്ടാനും ആർക്കും മടിയില്ല. സ്വന്ത ദൈവത്തെ പ്രീതിപ്പെടുത്താൻ സഹജീവികളെ നിഷ്ക്കരുണം കൊന്നൊടുക്കാൻ ആർക്കും ഒട്ടും മടിയില്ല . ഇങ്ങനെയുള്ള സന്ദർഭത്തിൽ വർഷത്തിൽ ഒരിക്കെലെങ്കിലും നല്ല ചിന്തകളിലൂടെ വായനക്കാരെ ഉദ്ധീപിപ്പിക്കുന്ന താങ്കൾക്ക് നന്ദി . അദ്ദേഹത്തിന്റ ആത്മോപദേശശതകം 56 -ൽ ഇങ്ങനെ പറയുന്നു . "കടലിലെഴും തിരപോലെ കായമോരോ - ന്നുടനുടനേറിയുയർന്നമറന്നിടുന്നു ; മുടിവതിനെങ്ങിതു ഹന്ത മൂലസംവിത് - കടലിലജസ്രവമുള്ള കർമ്മമത്രേ !" കടലിൽ തിരകൾ പൊന്തി മറയുന്നതുപോലെ പ്രപഞ്ചഘടകങ്ങൾ പൊന്തി വന്നു മറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതവസാനിക്കുന്നതല്ല . ഇത് ആധികാരണമായ ബോധസമുദ്രത്തിൽ അനാദിയായി സംഭിച്ചുകൊണ്ടിരിക്കുന്ന കർമമാണ് . "കേരളത്തില്‍ നിലനിന്നിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ നിന്ന്‌ പ്രബുദ്ധമായ ഒരു യുഗത്തിലേക്ക്‌ കേരളത്തെ തിരിച്ചുവിട്ട നാരായണ ഗുരുവിന്റെ സന്ദേശങ്ങളിലെ യുക്തിചിന്തയുടെ മൂല്യമാണ്‌ അദ്ദേഹത്തിന്റെ തലമുറയേയും അനന്തരതലമുറകളേയും യഥാര്‍ത്ഥ സംസ്‌കാരത്തിന്റെ വെളിച്ചത്തിലേക്ക്‌ നയിച്ചത്‌" എന്നതിനോട് ഞാൻ യോചിക്കുന്നു . 'നയിച്ച്കൊണ്ടിരിക്കുന്നത്' എന്നതിന്നോട് ഒരിക്കലും യോചിക്കാനാവില്ല. മനുഷ്യർ മനുഷ്യരെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കാതെ അടിമകളാക്കി ചൂഷണം ചെയ്യപ്പെടുന്ന ഒരു സംസ്കാരമാണ് മതങ്ങളിലും രാഷ്ട്രീയത്തിലും കാണുന്നത് . ഈശ്വരൻ ഒരു സങ്കൽപ്പമാണെങ്കിൽ നാസ്തികൻ നാം സ്വപ്നം കാണുന്ന സ്വഭാവ വിശേഷങ്ങൾ ഉള്ളവരല്ലേ ? അവർക്ക് മതത്തിന്റെ അതിർ വരമ്പുകൾ ഇല്ലാതെ മനുഷ്യ വർഗ്ഗത്തെ സ്നേഹിക്കാൻ കഴിയുന്നു . 'ഒരു ജാതി ഒരു മതം ' അതാണവരുടെ മതം . അത് എന്ന് സാധിക്കുമോ ആവോ ? "രക്തമാംസങ്ങൾക്കുള്ളിൽ ക്രൂരമാം മതത്തിന്റെ ചിത്തരോഗാണുക്കളുമായി" (ആയിഷ -വയലാർ) മനുഷ്യർ ഇവിടെ തമ്മിതല്ലി മരിക്കുന്നു- ശ്രീ നാരായണഗുരുവും ,യേശുവും , കൃഷ്‌ണനും , അള്ളായും , യെഹോവയും , ബുദ്ധനും എല്ലാം കൂടി ഒരുമിച്ചൊന്നവതരരിച്ചിരുന്നെങ്കിൽ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടായിരുന്നു . ആ സ്വാപനങ്ങളുമായി ഞാൻ കഴിയുന്നു . നല്ലൊരു ലേഖനത്തിന് നന്ദി .വീണ്ടും വരിക .
Thomas K Varghese 2021-08-29 03:57:56
നല്ല ലേഖനം മാഷെ! നന്ദിയുണ്ട് , ഇത്രയും തുറന്നു എഴുതിയതിൽ. യേശു ക്രിസ്തു വിന്റെ ഉപദേശങ്ങൾക്കു സമാന്തരമായി ഞാൻ ബഹുമാനിക്കുന്ന അനേകം തത്വങ്ങൾ പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിനെ, മലയാളത്തിന്റെ മഹാ ഭാഗ്യമായി ഞാൻ കാണുന്നു. മതങ്ങൾ തത്വങ്ങളെ വളച്ചൊടിച്ചു, പണവും ശക്തിയും അധികാരവും ആക്കി മാറ്റുന്ന ദുർവിധിയെ ആണ് മനുക്ഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്നതു. സത്യ സന്ധതയും, പ്രേതീകരണ ശേഷിയും ഉള്ള നേതാക്കളും അവർക്കു ശക്തി നൽകുന്ന ഒരു കൂട്ടവും മുന്നോട്ടിറങ്ങാതെ, നന്മയിലേക്ക് ചലിക്കാനാവില്ല. ഒരു മനുക്ഷ്യ മതവും ഒരു ദൈവവും.... നിയമങ്ങൾക്കു സ്വാധീ നിക്കാൻ ആവാത്ത ധാര്മീകതയെയും സദാചാരങ്ങളെയും പഠിപ്പിക്കാനും പരിചായിപ്പിക്കാനുമായി. ഉദാഹരണമായി, സ്നേഹം നിയമ പരമാക്കാൻ സാദ്ധ്യ മാവില്ല..(ഉള്ളു തുറന്ന സ്നേഹം). അത് മതത്തിൽകൂടെ നടക്കും. പക്ഷെ പണവും അധികാരങ്ങളും ദൂരെ...ദൂരെ.. മാറ്റി വയ്ക്കണം. ഒരു പ്രത്യേക പരിഗണനയ്ക്കും ആവകാശ മില്ലാതെ.... യുക്തി ഭദ്രമായ വിശ്വാസങ്ങളെ മാത്രമേ അനുവദിക്കാവൂ ......... ഇതെല്ലാം നിയന്ത്രിക്കേണ്ട ഗവണ്മെന്റും ഉദ്യോഗസ്ഥരും ഒക്കെ അഴിമതിയിൽ മുങ്ങി കിടന്നാൽ ........ഈശ്വരോ.....രക്ഷതു .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക