Image

ചരിത്രമായ രക്‌തസാക്ഷിത്വം

Published on 29 June, 2012
ചരിത്രമായ രക്‌തസാക്ഷിത്വം
മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ വിശ്വസ്‌തനായിരുന്ന നീലകണ്‌ഠപ്പിള്ളയെപ്പറ്റി അധികമാരും അറിയില്ല. ചരിത്രരേഖകളിലും നീലകണ്‌ഠപ്പിള്ളയെപ്പറ്റി അധികമൊന്നും കണ്ടെന്നുവരില്ല. എന്നാല്‍ അദ്ദേഹം ക്രിസ്‌തുമത വിശ്വാസിയായി ദേവസഹായം പിള്ളയെന്ന പേരു സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ ലോകം അറിയുകയാണ്‌. ദൈവദാസന്‍ ദേവസഹായം പിള്ളയെ രക്‌തസാക്ഷി വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്താനുള്ള നടപടികള്‍ക്ക്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രശസ്‌തി ഒരു പടി കൂടി മുന്നിലെത്തി.

നട്ടാലത്ത്‌ 1712 ഏപ്രില്‍ 23നു ജനിച്ച നീലകണ്‌ഠപ്പിള്ള തിരുവിതാംകൂര്‍ കൊട്ടാരം കാര്യദര്‍ശിയുമായിരുന്നു. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച്‌ സൈന്യത്തെ പരാജയപ്പെടുത്തിയപ്പോള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ഡച്ച്‌ സൈന്യാധിപന്‍ ഡിലനോയിയെ തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഡിലനോയിയുടെ സഹായിയായി നീലകണ്‌ഠപ്പിള്ളയെ മഹാരാജാവ്‌ നിയമിച്ചു. ഡിലനോയിയുടെ വേദോപദേശത്തെ തുടര്‍ന്ന്‌ 1745 മേയ്‌ 17ന്‌ ഫാ. ജെ.പി. പട്ടാരി നീലകണ്‌ഠപ്പിള്ളയെ ജ്‌ഞാനസ്‌നാനം ചെയ്യിച്ചു ദേവസഹായം പിള്ളയെന്ന പേരും നല്‍കി. തുടര്‍ന്ന്‌ തടവിലാക്കപ്പെട്ട ദേവസഹായം പിള്ള വെടിയേറ്റു മരിക്കുകയായിരുന്നു.

നായര്‍ പടത്തലവന്റെ നാമധേയത്തിലുള്ള കുരിശടിയിലേക്ക്‌ തീര്‍ഥാടകപ്രവാഹമാണിപ്പോള്‍. നാഗര്‍കോവില്‍ പുലിയൂര്‍കുറിച്ചിയിലെ കൈമുട്ടിപ്പാറ എന്ന സ്‌ഥലത്ത്‌ ഇപ്പോള്‍ ദേവാലയം പണിതിട്ടുണ്ട്‌. ഭടന്മാരാല്‍ തടവിലാക്കപ്പെട്ട ദേവസഹായം പിള്ള ദാഹജലത്തിനായി കൈ മുട്ടിയപ്പോള്‍ പാറ പിളര്‍ന്നു ജലം വന്നു എന്നാണു വിശ്വാസം. കൈ മുട്ടിയ സ്‌ഥലം കമ്പിവേലി കൊണ്ടു തിരിച്ചിരിക്കുന്നു. അവിടെ എപ്പോഴും വെള്ളം നിറഞ്ഞുനില്‍ക്കും. ഈ വെള്ളം ഭക്‌തജനങ്ങള്‍ പ്രസാദം പോലെ കൊണ്ടുപോകുന്നുണ്ട്‌.

ഇവിടെ നിന്നു പിള്ളയെ ആരുവായ്‌മൊഴിക്കടുത്തുള്ള കാറ്റാടിമലയില്‍ കൊണ്ടുപോയി വധിക്കുകയായിരുന്നത്രെ. പുലിയൂര്‍ കുറിച്ചി, പെരുവിള, ആശാരിപ്പള്ളം, തിരുവിതാംകോട്‌, കാറ്റാടിമല, നട്ടാലം എന്നിവിടങ്ങളില്‍ ദേവസഹായം പിള്ളയുടെ ഓര്‍മയ്‌ക്കായി കുരിശടികളും പ്രാര്‍ഥനാലയങ്ങളുമുണ്ട്‌.

1752 ജനുവരി 14ന്‌ ദേവസഹായം പിള്ള വെടിയേറ്റു മരിച്ചെന്നാണു ചരിത്രം. രക്‌തസാക്ഷിത്വവിവരമറിഞ്ഞ്‌ വരാപ്പുഴ കത്തീഡ്രല്‍ പള്ളിയില്‍ പൊന്തിഫിക്കല്‍ കുര്‍ബാന ചൊല്ലിയതായും നന്ദികീര്‍ത്തനമായ `തദേവും പാടിയതായും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഡച്ച്‌, ഇറ്റാലിയന്‍, ലത്തീന്‍, ഫ്രഞ്ച്‌, ഇംഗ്ലിഷ്‌, ഹിന്ദി, തമിഴ്‌, മലയാളം ഭാഷകളില്‍ ദേവസഹായത്തിന്റെ ചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ചരിത്രമായ രക്‌തസാക്ഷിത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക