Image

ഇസ്രായേലിൽ  മുതിർന്ന പൗരന്മാർക്ക്   ഫൈസറിന്റെ  മൂന്നാം ഡോസ്  വാക്സിൻ നൽകും 

Published on 29 July, 2021
ഇസ്രായേലിൽ  മുതിർന്ന പൗരന്മാർക്ക്   ഫൈസറിന്റെ  മൂന്നാം ഡോസ്  വാക്സിൻ നൽകും 

ടെൽ അവീവ്: ഇസ്രായേലിൽ  മുതിർന്ന പൗരന്മാർക്ക്  കോവിഡിനെതീരെ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഫൈസറിന്റെ  മൂന്നാം ഡോസ്  വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്‌ച പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.പകർച്ചവ്യാധികലെ സംബന്ധിച്ച് രാജ്യത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധ സംഘം മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്തതിനെ തുടർന്നാണ് ഇസ്രായേലിന്റെ  ഈ തീരുമാനം. എന്നാൽ, 60 വയസ്സുമുതൽ  ഉള്ളവർക്ക് വാക്സിൻ നൽകണോ 70 പിന്നിട്ടവർക്ക് നൽകണോ  എന്ന  കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനാൽ, കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലായ നാഷ്മാൻ ആഷിന് മുൻപാകെ ശുപാർശ സമർപ്പിച്ചിരിക്കുകയാണ്. ഇന്നുമുതൽ മൂന്നാം ഡോസ് നല്കിത്തുടങ്ങും എന്നത് അദ്ദേഹത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. 
ഡിസംബർ 20, 2020 ന് ആരോഗ്യ പ്രവർത്തകർക്കും, 65 വയസ്സ് പിന്നിട്ടവർക്കും, ഗുരുതര രോഗങ്ങൾ അലട്ടുന്നവർക്കും വാക്സിൻ നൽകിക്കൊണ്ടാണ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് ഇസ്രായേൽ തുടക്കം കുറിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി  12 വയസ്സിനു മുകളിൽ എല്ലാവരെയും വാക്സിനേറ്റ് ചെയ്യാനുള്ള സൗകര്യം രാജ്യത്ത് സജ്ജമായി. ജൂലൈ 12,2021 ൽ  പ്രതിരോധ ശേഷി കുറഞ്ഞ മുതിർന്ന വ്യക്തികൾക്ക് രാജ്യത്ത് വാക്സിന്റെ മൂന്നാം ഡോസ് നൽകി തുടങ്ങി.

ഡെൽറ്റ വകഭേദത്തെ നേരിടാനുള്ള  കരുത്ത് ഫൈസറിന്റെ മൂന്നാം ഡോസ് വാക്സിന് ഉണ്ടെന്ന് കമ്പനി 

ഡെൽറ്റ വകഭേദത്തെ നേരിടുന്നതിൽ ഫൈസറിന്റെ മൂന്നാം ഡോസ് വളരെയധികം ഫലപ്രദമാണെന്ന് ട്രയലുകളിൽ തെളിഞ്ഞതായി കമ്പനി ബുധനാഴ്‌ച വ്യക്തമാക്കി. 18 നും 55 നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നാമത്തെ അഥവാ ബൂസ്റ്റർ ഡോസിന്റെ ഉപയോഗംകൊണ്ട് ശരീരത്തിൽ  ആന്റിബോഡിയുടെ അളവ്   മറ്റ് രണ്ടു ഡോസുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ്  വർദ്ധിക്കുമെന്നാണ് ഫൈസറിന്റെ അവകാശവാദം.65 നും 85 നും ഇടയിൽ പ്രായമുള്ളവരിൽ ആന്റിബോഡികൾ, മൂന്നാം ഡോസ് കൊണ്ട്  11 മടങ്ങ്  വർധിക്കുമെന്നും ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളെ  ചെറുക്കാൻ ഇതുകൊണ്ട് സാധിക്കുമെന്നും ഡാറ്റയിൽ പറയുന്നു. 
മൂന്നാമതൊരു ബൂസ്റ്റർ ഷോട്ടിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ മാസമാദ്യം ഫൈസർ കമ്പനി ഫെഡറൽ ആരോഗ്യ അധികൃതരെ സമീപിച്ചിരുന്നു. ഭാവിയിൽ ബൂസ്റ്റർ ഷോട്ട് വേണ്ടിവന്നേക്കാമെന്നല്ലാതെ  നിലവിൽ ഒന്ന് വേണമെന്ന് വൈറ്റ്  ഹൗസ് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ.ആന്റോണി ഫൗച്ചി ഉൾപ്പെടെ ഉള്ളവർ അഭിപ്രായപ്പെടുന്നില്ല . വിശദമായ വിശകലനങ്ങൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ. 
ഡിസംബറിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് ഇന്ന് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന  പുതിയ കോവിഡ് കേസുകളിൽ 82 ശതമാനവും എന്ന് സിഡിസി യുടെ കണക്കുകൾ പറയുന്നു.

കോവിഡിനെ അതിജീവിച്ചവർ വീണ്ടും രോഗബാധിതരായാൽ അവരിൽ നിന്ന്  വൈറസ് വ്യാപിക്കാനുള്ള സാധ്യത കുറവെന്ന് പഠനം 

ഒരിക്കൽ കോവിഡ് സുഖപ്പെട്ടവരെ വീണ്ടും രോഗം ബാധിച്ചാൽ, അവരിലൂടെ വൈറസ് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തീരെ കുറവാണെന്ന് യു കെ ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ഇവരിൽ കോവിഡ് ലക്ഷണങ്ങളും കുറവായിരിക്കുമെന്ന് പഠനത്തിൽ പറയുന്നു. ആദ്യം രോഗം വന്നപ്പോൾ ഉണ്ടായിരുന്നത്ര ക്ഷീണം അനുഭവപ്പെട്ടില്ലെന്ന് പഠനവിധേയരായവർ സാക്ഷ്യപ്പെടുത്തി.
ഒരിക്കൽ കോവിഡ് പോസിറ്റീവായി രോഗം ഭേദമായി 90 ദിവസങ്ങൾക്ക് ശേഷം വീണ്ടും പോസിറ്റീവായ 200 പേരാണ് പഠനത്തിൽ പങ്കെടുത്തത്. 
സുഖപ്പെട്ടവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത 1,00,000 ൽ 3.1 എന്ന തോതിൽ വളരെ കുറവാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഏപ്രിൽ -ജൂലൈ വരെയുള്ള കേസുകളാണ് പഠനവിധേയമാക്കിയത്. യു കെ വേരിയന്റ് സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ പുതിയ തരംഗത്തെ വിലയിരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഗവേഷണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക