America

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

Published

on

ഈ കഥ എന്റെ കോഫി ഷോപ്പിൽ പതിവായി വന്നിരുന്ന മൂന്നു പെണ്ണുങ്ങളെ കുറിച്ചാണ്. സത്യത്തിൽ കഥ പറയുന്ന ഞാനുൾപ്പെടെ പെണ്ണുങ്ങൾ നാലാണ്. എന്നാലും ആരാണ് അവരവരുടെ ജീവിതം തുറന്ന പുസ്തകമാക്കി മറ്റുള്ളവരുടെ മുന്നിൽ വെക്കുന്നത് ? മറ്റുള്ളവർക്കു കുത്തി വരക്കാനും കീറിപറിക്കാനുമുള്ളതാണോ നമ്മുടെ ജീവിതം ? അന്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനല്ലേ എല്ലാവര്ക്കും കൂടുതൽ താല്പര്യം ? എന്നാലും കഥക്ക് വേണ്ടി, കഥക്ക് വേണ്ടി മാത്രം ഞാൻ എന്നെക്കുറിച്ചു ചുരുക്കം ചില വാക്കുകൾ പറയാം.

ഞാൻ ഇരുപത്തിയെട്ടു വയസു പ്രായമുള്ള അവിവാഹിതയായ യുവതി. പേര് പൂർണിമ. എന്റെ അമ്മ നടത്തിക്കൊണ്ടു വന്ന ചെറിയൊരു കോഫി ഷോപ്പ് ഇപ്പോൾ ഞാൻ നടത്തുന്നു-നളിനീസ് കെഫേ . നളിനി എന്റെഅമ്മയാണ്. എന്നെ കൂടാതെ, സഹായത്തിനായി അടുക്കളയിൽ രണ്ടു ജോലിക്കാർ മാത്രമേ ഇവിടെയുള്ളു. നഗരത്തിലെ മറ്റു കോഫി ഷോപ്പിൽ നിന്നും വ്യത്യസ്തമായി ഈ കോഫി ഷോപ്പിനു ഒരു പത്യേകതയുണ്ട്. അത് അമ്മയിൽ നിന്നും ഈ ഷോപ്പ് ഏറ്റെടുത്തതിനു ശേഷം ഞാൻ നടപ്പിലാക്കിയതാണ് . കണ്ടില്ലേ ? സൂക്ഷിച്ചു നോക്കൂ . പുറത്തു “നളിനീസ് കെഫേ “യെന്നെഴുതിയതിനു താഴെ ഒരു ബോർഡ് തൂക്കിയിട്ടുണ്ട്-സ്ത്രീകൾക്ക് മാത്രം.

ഈ കോഫി ഷോപ്പ് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. പുരുഷന്മാരുടെ ശല്യമില്ലാതെ, തുറിച്ചു നോട്ടങ്ങളില്ലാതെ അവർക്കിവിടെ സ്വൈര്യമായി വന്നിരിക്കാം. നിങ്ങള്ക്ക് തോന്നിയേക്കാം, ഞാൻ ഒരു പുരുഷ വിദ്വേഷിയാണെന്നു. അതേ , ഞാൻ പുരുഷ വിദ്വേഷിയാണ്. വളരെ ചെറുപ്രായത്തിൽ എന്റെ അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയി. അമ്മ മിടുക്കിയായതു കൊണ്ടും പാചകത്തിൽ അഗ്രഗണ്യയായതു കൊണ്ടും ഈ കോഫി ഷോപ്പ് തുടങ്ങി. അങ്ങിനെ ആരെയും ആശ്രയിക്കാതെ 'അമ്മ എന്നെ വളർത്തി വലുതാക്കി. ഒരച്ഛന്റെ ,സഹോദരന്റെ സ്നേഹം അറിയാത്തതു കൊണ്ടാവും എനിക്ക് പുരുഷന്മാരെ വെറുപ്പാണ്. ഓ.. കഥയുടെ ആദ്യം ഞാൻ പറഞ്ഞതിൽ നിന്നും വ്യതി ചലിക്കുന്നു. മതി ,എന്നെ കുറിച്ചിത്രയുംമാത്രം നിങ്ങൾ അറിഞ്ഞാൽ മതി.

അങ്ങിനെ സ്ത്രീകൾക്ക് മാത്രമുള്ള ഈ കോഫി ഷോപ്പിൽ എന്നും പതിവായി വരുന്ന മൂന്ന് പെണ്ണുങ്ങളെ കുറിച്ചാണ് നിങ്ങളോടു പറയുന്നത് -മൂന്ന് പെണ്ണുങ്ങൾ - മൂന്ന് പ്രായത്തിൽ , മൂന്ന് ഭാവത്തിൽ , മൂന്ന് രൂപത്തിൽ.
രാവിലെ എട്ടു മണിക്ക് ഞാൻ ഷോപ്പ് തുറക്കും. സാധാരണ പതിനൊന്നു മണിയോടെ കോഫി ഷോപ്പിൽ തിരക്കു കുറയും .ആ നേരത്താണ് ഒന്നാമത്തെ പെണ്ണിന്റെ വരവ്. അവൾക്കേകദേശം പത്തൊൻപതു വയസു കാണും. അടുത്തുള്ള ഏതോ കോളേജിൽ പഠിക്കുകയാണെന്നു തോന്നുന്നു. സ്ഥിരമായി ഒരു ജീൻസും മാറി മാറി ഇടുന്ന കുറെ ടോപ്പുകളും അവളെന്റെ കോളേജ് കാലം ഓർമിപ്പിക്കും. ഞാനും ഇങ്ങിനെ തന്നെയായിരുന്നു. പണക്കാരായ കൂട്ടുകാരോട് മത്സരിക്കാൻ എത്രമാത്രം കഷ്ടപ്പെട്ടിരിക്കുന്നു? ഒടുവിൽ എനിക്ക് മനസിലായി ഉടുക്കുന്ന വസ്ത്രങ്ങളുടെ വില കൊണ്ടോ അവരുടെ കൈയിലുള്ള പണം കൊണ്ടോ അല്ല മനുഷ്യനെ അളക്കേണ്ടതെന്നു. 
ഒരു പെൺകുട്ടി ഈ പ്രായത്തിൽ സമപ്രായക്കാരോട് കൂട്ട് കൂടി നടക്കേണ്ടേ ?അല്ലെങ്കിൽ ഒരാണ്കുട്ടിയുടെ കൈ പിടിച്ചു മറൈൻ ഡ്രൈവിലോ പാർക്കിലോ പോയിരിക്കേണ്ടേ ?അതിനൊന്നും പോവാതെ അവൾ കോഫി ഷോപ്പിലേക്കാണ് വരുന്നത്. വന്നാൽ ഉടൻ വാതിലിനരികിലെ രണ്ടാമത്തെ നിരയിലെ മൂലക്കുള്ള കസേരയിൽ സ്ഥാനം പിടിക്കും. ബാഗിൽ നിന്നും ഫോൺ എടുക്കും .ഒരു ഫ്രഷ് ലൈം ഓർഡർ ചെയ്യും . ഏതാണ്ട് രണ്ടു മണിക്കൂർ അവൾ അവിടെ ഇരിക്കും. ആ രണ്ടു മണിക്കൂറിന്റെ അവസാന നിമിഷത്തിൽ മാത്രമാണ് ധൃതിയിൽ സ്ട്രൗ മാറ്റി അവൾ അത് വലിച്ചു കുടിച്ചു ,ചുണ്ടു തുടച്ചു എഴുനേറ്റു പോവുന്നത്. 

അവൾ വരുമ്പോൾ കോഫി ഷോപ്പ് മിക്കവാറും കാലിയായിരിക്കും. ഞാൻ എഴുനേറ്റു അവളുടെ മേശക്കരികിലേക്ക് നടക്കും. പക്ഷെ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല. ആ മേശക്കടുത്തുള്ള ചുവരിലെ ചിത്രങ്ങളിലെ പൊടി തുടച്ചു, അടുത്തുള്ള ടേബിൾ തുടച്ചു അവളെ ചുറ്റി നിൽക്കും. അപ്പോൾ കേൾക്കാം, പതിയെയുള്ള സംസാരവും ചിലങ്ക കിലുങ്ങുന്ന പോലുള്ള അവളുടെ ചിരിയും. ആ നേരത്തു ചുവരിലെ കണ്ണാടിയിൽ എനിക്കെന്റെ ചുവന്നു തുടുത്ത മുഖം കാണാൻ സാധിക്കും.

ഇടക്കിടെ നീണ്ട മൗനത്തിന്റെ ഇടവേളകൾ. അവൾ അപ്പുറത്തെ സംഭാഷണങ്ങൾക്ക് ചെവിയോർത്തിരിക്കുകയാണ്. 
എത്ര ബോയ് ഫ്രണ്ട്സാണവൾക്കു ? ഹരിയോടും നിഖിലിനോടും ഇമ്രാനൊടും ജോർജ് കുട്ടിയോടും അവൾ കൊഞ്ചുന്നതു ഞാൻ കേൾക്കാറുണ്ട് .ഒടുവിൽ പൈസ തന്നു എന്റെ മുഖത്തേക്ക് നോക്കാതെ അവൾ ഇറങ്ങി നടക്കും. ജാലകത്തി ന്റെ ചില്ലു പാളിയിലൂടെ അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ ഞാൻ നോക്കി നിൽക്കും. ഏതെങ്കിലും ആൺ കുട്ടികൾ കോഫി ഷോപ്പിനു വെളിയിൽ അവളെ കാറിലോ ബൈക്കിലോ കാത്തു നിൽക്കുന്നുണ്ടോ.. ഇല്ല . അങ്ങിനെയൊന്നും ഒരിക്കലും സംഭവിച്ചില്ല. ടോപ്പ് വലിച്ചിട്ടു തല കുനിച്ചു അവൾ ഒറ്റയ്ക്ക് നടന്നു നടന്നു ദൂരേക്ക് ഒരു പൊട്ടുപോലെ മറഞ്ഞു പോവും.

ഒരു വൈകുന്നേരം ക്യാഷ് കൗണ്ടറിന്റെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന ടി വിയിൽ വന്ന സായാഹ്ന വാർത്തകളിലെ പെൺകുട്ടി അവളായിരുന്നു. തലേന്ന് രാവിലെയും അവൾ അവിടെ വന്നതാണ്. പക്ഷെ വാർത്ത വന്ന ദിവസം അവൾ വന്നില്ല. എന്തെങ്കിലും അസുഖമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ വാർത്ത കേട്ടപ്പോൾ എനിക്ക് ദേഹം തളരുന്ന പോലെ തോന്നി. അവൾ എവിടെ പോയിരിക്കും ? അവളുടെ വീട്ടിൽ ആരെല്ലാമുണ്ടാവും ?എന്തായിരിക്കും അവരുടെ അവസ്ഥ ? 

മാസം നാലു കഴിഞ്ഞിട്ടും അവളെ കണ്ടുപിടിക്കാൻ പോലീസിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. അവൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ ? ആർക്കുമറിയില്ല . എന്നും പതിനൊന്നു മണിയോടെ, വാതിലിനടുത്തെ രണ്ടാമത്തെ നിരയിലെ മൂലക്കുള്ള കസേരക്കടുത്ത ചിത്രങ്ങളും മേശയും തുടച്ചു ഞാൻ നിൽക്കും.കണ്ണുകൾ അനുവാദമില്ലാതെ ഇടക്കിടെ ചില്ലു പാളികളിലൂടെ പുറത്തേക്കു പായും. നീല ജീൻസും അവൾക്കു നന്നായി ചേരുന്ന ആ ഇറക്കം കുറഞ്ഞ കറുത്ത ടോപ്പുമിട്ട് അവൾ കയറി വരുമെന്ന് പ്രതീക്ഷയിൽ. 

പതിനൊന്നു മണിയോടെ അടുക്കളയിൽ അവൾക്കായി പുറത്തെടുത്ത് വെക്കുന്ന ചെറുനാരങ്ങ പിനീട് ഞാൻ തന്നെ ഫ്രിഡ്ജിലേക്കു തിരിച്ചു വെക്കും. ഇപ്പോൾ അവളിവിടെ വന്നിരുന്നെങ്കിൽ ഞാൻ അവളെ കെട്ടിപിടിച്ചേനെ. എനിക്കവളോട് വല്ലാതെ വാത്സല്യം തോന്നുന്നു. അവളുടെ കാര്യം ഞാൻ അമ്മയോട് പറയാറുണ്ട്. അമ്മയും അവൾ തിരിച്ചു വരുന്നതിനായി പ്രാർത്ഥിക്കുന്നു. 

2

രണ്ടാമത്തെ പെണ്ണ് മുപ്പത്തിയഞ്ചുകാരിയായ സുന്ദരിയായ വീട്ടമ്മയാണ്. മൂന്നു പെണ്ണുങ്ങളിലും അവളോടാണ് ഞാൻ കൂടുതൽ സംസാരിക്കുന്നതും. അവളുടെ പേര് ശ്രീലേഖ. ലേഖയുടെ പ്രശ്‌നം ബിസിനെസ്സ്കാരനായ ഭർത്താവ് അവളെ സ്നേഹിക്കുന്നില്ല എന്നതാണ്. കൂടുതൽ സമയവും അയാൾ ടൂറിലാണ്. വീട്ടിൽ വന്നാൽ ഫോണിലും കംപ്യൂട്ടറിലും അയാൾ സമയം ചിലവിടും. .അയാൾക്ക് വേറെ കാമുകിയുണ്ടെന്നാണ് അവളുടെ വാദം. ആ കാമുകിയെ കണ്ടു പിടിക്കാൻ അവൾ ഫേസ് ബുക്കിൽ ഫേക്ക് അക്കൗണ്ടും തുടങ്ങി.” റെഡ് റോസ്” എന്ന പേരിൽ ഞാനാണത് തുടങ്ങാൻ അവളെ സഹായിച്ചത്. അവളുടെ ഭർത്താവിന് റിക്വസ്റ്റ് അയച്ചതും ഞാൻ തന്നെ. അവളുടെ സംശയം ശരിയാണെന്നു തെളിയിച്ചു കൊണ്ട് അയാൾ അവളുമായി സല്ലപിക്കാൻ തുടങ്ങി. ഏറ്റവും ഒടുവിൽ അയാൾ അവളുമായി പ്രണയത്തിലായി. എന്തൊരു വിരോധാഭാസം ! 

അമ്മ ഈയിടെയായി എന്നെ വിവാഹത്തിന് നിർബന്ധിക്കുന്നു. അമ്മയുടെ അഭിപ്രായത്തിൽ എനിക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു. പരിചയക്കാർ അമ്മയെ വല്ലാതെ ശല്യം ചെയ്യുന്നു. പൂർണിമയെ ഇങ്ങിനെ വിട്ടാൽ മതിയോയെന്നു ? ഞാനെന്താ അവരുടെ ചിലവിലാണോ കഴിയുന്നത്? പലപ്പോഴും ജീവിതം ദുസ്സഹമാക്കുന്നത് ചുറ്റുമുള്ളവർ തന്നെ. വിവാഹം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ചിന്തിക്കുന്ന ഒരുവളല്ല ഞാൻ.വിവാഹം കഴിഞ്ഞു ശ്രീ ലേഖക്ക് സംഭവിച്ച പോലുള്ള ദുരന്തങ്ങൾ തലയിലേറ്റാനും ഒരുക്കമല്ല. പുരുഷന്മാർ എത്ര വൃത്തിക്കെട്ടവന്മാരാണ്. ചുവന്ന റോസാപ്പൂവിനെ പോലും പ്രണയിക്കുന്നവർ. അവർക്കു സ്ത്രീയുടെ മുഖം പോലും കാണേണ്ട.
കഴിഞ്ഞ രണ്ടു മൂന്നു തവണയായി ശ്രീ ലേഖ എന്നോട് ഒരു കാര്യം പറയുന്നു. അവളുടെ ഭർത്താവ് അയാളുടെ പ്രണയിനിയെ നേരിൽ കാണണമെന്ന് വാശി പിടിക്കുന്നു . 

ഫേസ് ബുക്കിലെ കൂട്ടുകാരിയായി അഭിനയിച്ചു, അയാളെ പരിചയപ്പെടാൻ ശ്രീലേഖ എന്നെ നിർബന്ധിച്ചു. 
പതിവായി കോഫി ഷോപ്പിൽ വന്നു ,ഒരു കോഫിയാണ് അവർ കുടിക്കുന്നത്. ഞായറാഴ്ച ഒഴിച്ച് മിക്ക ദിവസങ്ങളിലും അവർ വരും. എന്റെ ഷോപ്പിൽ ഒരു കോഫിയുടെ വില വെറും മുപ്പതു രൂപ. കണക്കു കൂട്ടി നോക്കിയാൽ മാസത്തിൽ ശ്രീ ലേഖ തരുന്നത് കൂടി വന്നാൽ ഏകദേശം എണ്ണൂറു രൂപ. അതിനു വേണ്ടി ഇത്ര വലിയ ത്യാഗം ഞാൻ ചെയ്യണോ ? 

സാധിക്കില്ലെന്നു പറഞ്ഞപ്പോൾ ശ്രീ ലേഖയുടെ ഭാവം മാറി. ഞാൻ കോഫി ഷോപ്പ് തുടങ്ങിയത് ഇതു പോലെയുള്ള സ്ത്രീകൾക്ക് പുരുഷന്മാരുടെ ശല്യമില്ലാതെ സ്വസ്ഥമായി ഇരിക്കാനൊരിടമാണ് .അതൊരുക്കിയ എന്നിൽ നിന്നും അതിൽ കൂടുതൽ പ്രത്യുപകാരം പ്രതീക്ഷിക്കുന്നത് വകതിരിവില്ലായ്മ മാത്രമാണ്.
അതിനെ ചൊല്ലി ഞാനും ശ്രീ ലേഖയും ഒന്നും രണ്ടും പറഞ്ഞു പിണങ്ങി. 

ഭർത്താവിന്റെ മുന്നിലേക്ക് അവർ ആരെ വിട്ടു എന്നറിയാന് എനിക്കതിയായ ആകാംഷ ഉണ്ട്. പിനീടുള്ള അവരുടെ വിവാഹ ജീവിതത്തെക്കുറിച്ചറിയാൻ അതിലേറെ ആകാംഷയുണ്ട്,.പക്ഷെ ,അവരിവിടെക്കുള്ള വരവ് നിർത്തിയത് കൊണ്ട് അതറിയാനുള്ള മാർഗമില്ല.

അങ്ങിനെ രണ്ടാമത്തെ പെണ്ണും നളിനീസ് കോഫി ഷോപ്പ് വിട്ടു പോയി.

മൂന്നാമത്തെ പെണ്ണ് നാല്പതിനോടടുത്ത ഒരുത്തിയാണ് . അവരുടെ രൂപവും ഭാവങ്ങളും ഓർമിപ്പിക്കുന്നത് ഹിന്ദി സിനിമയിലെ ചില കഥാപാത്രങ്ങളെയാണ്. ഒരു പക്ഷെ സിനിമ കാണുന്നവരാണെങ്കിൽ അത്തരം കഥാപാത്രങ്ങളെ നിങ്ങളും കണ്ടു കാണും. ചുവന്ന തെരുവിൽ മാംസക്കച്ചവടം നടത്തുന്ന ഒരുവളുടെ മുഖഭാവം. ആദ്യമെല്ലാം വരുമ്പോൾ അവർ എന്നെ അടുത്തേക്ക് വിളിച്ചിരുത്തി പല ചോദ്യങ്ങളും ചോദിക്കും. കൈകളെടുത്തു വാത്സല്യത്തോടെ തടവും. അതിലെ കപടത മനസിലാക്കി ഞാൻ പെട്ടെന്ന് തന്നെ കൈ പിന് വലിക്കും .അവരുടെ ചോദ്യങ്ങൾക്കു നേരാംവണ്ണം മറുപടിയും കൊടുക്കാറില്ല. അതൊക്കെയാവണം ഇപ്പോൾ അവരെന്നെ ശ്രദ്ധിക്കാറില്ല. 

അവരെ ഞാൻ ദീദി എന്ന് സംബോധന ചെയ്തു. അതാണവർക്കു യോജിക്കുന്നത്. അവരെ കുറിച്ച് പറഞ്ഞപ്പോൾ കൂടുതൽ അടുപ്പം വേണ്ടെന്നു അമ്മയും താക്കീത് ചെയ്തു. ഒരു സ്ത്രീയെ കണ്ടാൽ അവർ നല്ലതോ ചീത്തയോ എന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിയും. അതൊരുപക്ഷേ പലരെയും ഈ ഷോപ്പിൽ കാണുന്നത് കൊണ്ടാവും.
കസവു സാരിയുടുത്തു, വലിയ പൊട്ടു കുത്തി, ലിപ്സ്റ്റിക് കൊണ്ട് ചുണ്ടു ചുവപ്പിച്ചു ആരെയും കൂസാത്ത ഭാവത്തിൽ മൂന്നാമത്തെ പെണ്ണ് കടന്ന് വരും- നല്ല തിരക്കുള്ള സമയങ്ങളിൽ. ഫോണിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും ആരോടൊക്കെയോ അവരുറക്കെ സംസാരിക്കും. അതിനിടയിൽ ഒരു ചായയോ കാപ്പിയോ ഓർഡർ ചെയ്യും. അപ്പോഴേക്കും അവരുടെ അടുത്തേക്ക് ഏതാനും സ്ത്രീകൾ ധൃതിയിൽ നടന്നെത്തും . 

ചിലപ്പോൾ കോളേജ് കുമാരികൾ, വീട്ടമ്മമാർ, ഉദ്യോഗസ്ഥകൾ. അവരുമായി ചിരിച്ചു സംസാരിച്ചു, അവർ പുറത്തു പാർക് ചെയ്തിരിക്കുന്ന ചുവന്ന കാറിൽ കയറി പോവും. അതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു. ടേബിളിൽ പാതി കുടിച്ച മട്ടിൽ അവരുടെ കോഫി കപ്പ് ഉണ്ടാവും. ധൃതിയിൽ എനിക്കടുത്തേക്കു നടന്നു വന്ന് അവർ പണം തരും. പണം വാങ്ങുമ്പോൾ ഞാൻ ആലോചിക്കുന്നത് അവർ എങ്ങോട്ടാവും യാത്ര എന്നതാവും.കൗണ്ടറിൽ നിന്നും എഴുന്നേറ്റ് ചില്ലു ജാലകത്തിലൂടെ വെറുതെയാണെങ്കിലും ഞാൻ അവരുടെ കാർ പോവുന്നത് നോക്കി നിൽക്കും-അനേകം വാഹനങ്ങൾക്കിടയിൽ ഒന്നായി അത് അലിഞ്ഞു ചേരുന്ന വരെ..

കുറച്ചു ദിവസങ്ങളായി അവരെ ഷോപ്പിലേക്ക് കാണാറില്ല. വിളിച്ചു ചോദിക്കാൻ നമ്പർ കൈവശമില്ലായിരുന്നു. ഒരിക്കൽ തിരക്കില്ലാത്ത സമയത്തു രണ്ടാമത്തെ വരിയിലെ മൂലക്കുള്ള ടേബിളിന്റെഅടുത്തുള്ള ചിത്രങ്ങൾ തുടച്ചു നിൽക്കുമ്പോൾ അവർ കോഫി ഷോപ്പിലേക്ക് വിളിച്ചു. ഒരപകടം സംഭവിച്ചു, കാലൊടിഞ്ഞു കിടക്കുകയാണെന്നും ഇന്ന് ആശുപത്രിയിൽ പോവേണ്ട ദിവസമാണെന്നും അവർക്കു തുണയായി കൂടെ ചെല്ലണമെന്നും അപേക്ഷിച്ചു. അവരുടെ ഫ്ലാറ്റിന്റെ അഡ്രസ്സു പറഞ്ഞു തന്നു. അൽപ നേരത്തേക്കെങ്കിലും കോഫി ഷോപ്പ് അടച്ചിട്ടു , അത്തരമായൊരു പ്രത്യുപകാരം ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു. വരാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അവരെന്നെ കുറെ നിർബന്ധിച്ചു. ഒടുവിൽ ,ഹിന്ദിയിൽ എന്തൊക്കെയോ പുലമ്പികൊണ്ടു ഫോൺ വെച്ചു .പിന്നെ അവർ എന്നെ വിളിച്ചില്ല. മാസങ്ങൾ കഴിഞ്ഞിട്ടും ഷോപ്പിലേക്ക് വന്നതുമില്ല. അവരുടെ കാലിനു എന്ത് പറ്റിയെന്നോ അവർ പറഞ്ഞതെല്ലാം സത്യമായിരുന്നോ എന്നൊന്നും എന്നെ ആശങ്കപെട്ടില്ല. എനിക്കവരെ ഇഷ്ടമല്ലായിരുന്നു,തീരെ.
ഈ മൂന്ന് പെണ്ണുങ്ങളും കോഫി ഷോപ്പിൽ വരാതായപ്പോഴാണ് എന്റെ ദിനങ്ങൾ വിരസങ്ങളായതു.

ഈ മൂന്ന് പെണുങ്ങളുടെ ജീവിതത്തിലേക്ക് അറിഞ്ഞും അറിയാതെയും ഞാൻ കടന്നു ചെല്ലുമായിരുന്നു. വിരസമായ എന്റെ പകലുകളിൽ അവരെ കുറിച്ച് ചിന്തിക്കുമായിരുന്നു. എന്റെ ഭാവനകളിൽ അവർക്കു വർണ്ണങ്ങൾ നൽകി, ഇടക്ക് അവരെ ചിരിപ്പിച്ചും കരയിച്ചും മുന്നോട്ട് നീങ്ങി. അവരെ കുറിച്ചുള്ള കണക്കു കൂട്ടലുകളിൽ ജീവിതം രസകരമായിരുന്നു. അതിലും രസമായിരിക്കും പുരുഷന്മാർ ഇവിടേക്ക് കടന്നു വന്നാൽ.. എന്റെ ഭാവനയുടെ ചായക്കൂട്ടുകൾ കൊണ്ട് അവരെ നിറമണിയിക്കാൻ കൊതി തോന്നി യപ്പോഴാണ് നളിനീസ് കോഫീ ഷോപ്പിന്റെ പുറത്തു സ്ഥാപിച്ചിരുന്ന ആ ബോർഡ് എടുത്തു മാറ്റിയത്. 
പുരുഷന്മാരും ഇവിടേക്ക് കടന്നു വരട്ടെ!
അതാ.. ആദ്യമായ് ഒരു പുരുഷൻ നളിനീസ് കോഫി ഷോപ്പിലേക്ക് കടന്നു വരുന്നു. ഞാനയാളെ സ്വാഗതം ചെയ്യാനായി എഴുന്നേറ്റു നിന്നു, പുഞ്ചിരിയോടെ..

 3

ഒന്നാമത്തെ പെണ്ണിനെ പോലെ ജീൻസും നെടുകെയും കുറുകെയും വരകളുള്ള ഷർട്ടുമാണ് അവന്റെ വേഷം. തോളിൽ കടും നീല നിറത്തിൽ വലിയൊരു ബാഗ് തൂക്കിയിട്ടിരിക്കുന്നു.. കണ്ടിട്ട് അവളെ പോലെ തന്നെ കോളജ് വിദ്യാർത്ഥിയാണെന്നു തോന്നുന്നു. എന്നെ അതിശയിപ്പിച്ചു കൊണ്ട് അവൻ, അവൾ ഇരുന്നിരുന്ന ഭാഗത്തേക്ക് തന്നെ നീങ്ങി. കസേരയിലേക്കിരുന്നതും പോക്കറ്റിൽ നിന്നും ഫോൺ കൈയിലെടുത്തു. ഈ ഫോൺ തന്നെയല്ലേ ഒന്നാമത്തെ പെണ്ണിന്റെയും നാശത്തിനു കാരണം..
ഇനിയവൻ കുറെ പെൺകുട്ടികളെ വിളിക്കും .ഇടക്ക് ഫോൺ എടുത്തു മെസ്സേജ് പരിശോധിക്കും .പിന്നെ ധൃതിയിൽ രണ്ടു കൈകളും ചേർത്ത് പിടിച്ചു എന്തൊക്കെയോ ടൈപ്പ് ചെയ്തു തിരിച്ചയക്കും, ഒന്നാമത്തെ പെണ്ണിനെ പോലെ തന്നെ..

മീര , സജിത , രശ്മി , ഫാത്തിമ .. .. കുറെ പെൺകുട്ടികളുടെ പേരുകൾ ഞാൻ തിടുക്കത്തിൽ ഓർത്തെടുത്തു. അവന്റെ മേശക്കരികിലെ ചുവർ ചിത്രങ്ങൾ തുടച്ചു കൊണ്ട് എനിക്കും സമയം കളയാം . അവൻ പെൺകുട്ടികൾക്ക് കൊടുക്കുന്ന ഉമ്മകളുടെ ചൂടും ചൂരും നേരിട്ടറിയാം. പുരുഷന്റെ പ്രണയലീലകൾ സ്ത്രീകളെക്കാൾ ചൂടുള്ളതാവും .അവിവാഹിതയും ഇനിയുമാരെയും പ്രണയിച്ചിട്ടു പോലുമില്ലാത്ത എന്റെ സിരകളെയും ആ സല്ലാപങ്ങൾ ഉണർത്തും.
എത്ര രസകരവും തമാശ നിറഞ്ഞതുമാണ് മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടങ്ങൾ..

ആവേശത്തോടെ ഞാൻ കൗണ്ടറിൽ നിന്നുമെഴുന്നേറ്റു.
എന്നെ കണ്ടതും അവൻ പോക്കറ്റിൽ നിന്നും ഫോൺ മേശപ്പുറത്തേക്കു വെച്ചു . ബാഗിൽ നിന്നും കറുപ്പ് നിറത്തിലെ ലാപ് ടോപ്പെടുത്തു നിവർത്തി. ഓൺ ചെയ്തതും അതിൽ നിന്നും നേർത്ത ശബ്ദത്തിൽ സംഗീതം അലയടിച്ചു തുടങ്ങി. അവൻ കാതിൽ ഇയർ ഫോൺ തിരുകി. സംഗീതം നിലച്ചത് നിരാശയോടെ ഞാനറിഞ്ഞു.
ആരെയും മയക്കുന്ന അവന്റെ ചിരി കണ്ടു, അവന്റെ അടുത്തേക്ക് നടുന്നു നീങ്ങി.. അടുക്കുന്തോറും എന്തൊരാകര്ഷണീയത!
ലാപ് ടോപ്പിൽ നിന്നും കണ്ണുകളുയർത്തി കൊതിയോടെ അവൻ എന്നെ നോക്കിയിരിക്കുന്നു. പുരുഷന്റെ കണ്ണുകൾക്ക് ഇത്ര തീഷ്ണതയോ ? വിചാരിച്ചതിലും അതി സുന്ദരനായിരുന്നു അവൻ. പ്രായം ഇരുപത്തി മൂന്നിൽ കവിയില്ല.

അവനെതിരെയുള്ള കസേരയിൽ ഇരുന്നു, കണ്ണുകളിലേക്കു നോക്കി ശബ്ദം താഴ്ത്തി ചോദിച്ചു – “എന്ത് വേണം?”
"എന്തും കിട്ടുമോ " മറുപടി ചിരിയിൽ ഒതുക്കി. 
പുരുഷന്മാർ തമാശക്കാരാണ്. മറ്റൊരു വേളയിൽ ആയിരുന്നെങ്കിൽ തീർച്ചയായും ഞാൻ ദേഷ്യപ്പെട്ടേനെ. പക്ഷെ ഇതെന്റെ കോഫി ഷോപ്പിലെത്തിയ ആദ്യ പുരുഷൻ !

" ചോദിച്ചോളൂ .. സാധിക്കുമെങ്കിൽ തരാം " 
ഞങളുടെ കണ്ണുകൾ തമ്മിൽ കോർത്തു . 

"നിങ്ങൾ വളരെ സുന്ദരിയാണ്. ഒരു കോഫി ഷോപ് ഉടമ ഇത്ര സുന്ദരിയാവാൻ പാടില്ല "

" അതെന്താ ?" അവന്റെ സംസാരം എനിക്ക് ലഹരി പകർന്നു. ആദ്യമായാണ് ഒരു പുരുഷൻ സുന്ദരിയാണെന്ന് പറയുന്നത് .അതിനുള്ള അവസരം ആർക്കും കൊടുത്തിട്ടില്ല എന്ന് പറയുന്നതാവും ശരി.

"നിങ്ങളുടെ കണ്ണുകൾ കോഫിയെക്കാൾ കടുപ്പത്തിലുള്ളവയാണ്. നിങ്ങൾ ചുവരിൽ അലങ്കരിച്ചിരിക്കുന്ന ആ ഐസ് ക്രീമിന്റെ പടം കണ്ടില്ലേ ?"അവന്റെ നോട്ടത്തെ എന്റെ കണ്ണുകൾ പിന്തുടർന്നു .
"അതിനെ അലങ്കരിച്ചിരുന്ന ചെറിപ്പഴങ്ങളെക്കാൾ ചുവപ്പുണ്ട് ചുണ്ടുകൾക്ക്. കവിളുകൾ വിളഞ്ഞു കിടക്കുന്ന ആപ്പിളിനെ ഓർമിപ്പിക്കുന്നു.പിന്നിൽ ഉയർത്തി കെട്ടിയിരിക്കുന്ന ഈ മുടി നിങ്ങൾ ഒന്ന് അഴിച്ചിടുമോ ? എന്ത് ഭംഗിയാവും !" അവൻ മുന്നോട്ടു നീങ്ങിയിരുന്നു.

പുരുഷൻമാർ ഇത്ര സുന്ദരമായി.. വശ്യമായി.. സംസാരിക്കുമോ ?
ഏതോ മന്ത്രശക്തിയിൽ അടിപ്പെട്ടതു പോലെ എഴുനേറ്റു വാഷ് റൂമിലേക്ക് നടന്നു. നീണ്ട ഇടതൂർന്ന മുടിയാണ് എനിക്കുള്ളത്. പക്ഷെ കോഫി ഷോപ്പിൽ മുടിവിടർത്തിയിടാൻ സാധിക്കില്ല. പക്ഷെ, ഇവിടെ വന്ന ആദ്യത്തെ പുരുഷന്റെ ആവശ്യം എങ്ങിനെ നിരാകരിക്കും ?
മുടി അഴിച്ചു വിരലുകൾ കൊണ്ട് കോതി ഒതുക്കുമ്പോൾ ചുവരിലെ കണ്ണാടിയിലേക്കു സൂക്ഷിച്ചു നോക്കി. അവൻ പറഞ്ഞത് പോലെ ഞാൻ സുന്ദരിയാണോ ? എന്റെ കണ്ണുകൾ കറുത്തും ചുണ്ടുകൾ ചുവന്നുമാണോ ? കവിളുകൾ ആപ്പിളിനെ ഓര്മിപ്പിക്കുമോ ? ഞാൻ എന്നെ നോക്കി ചിരിച്ചു. ആ ചിരി എന്റെ മുഖത്ത് ഞാനാദ്യം കാണുകയാണ്.

തിരികെ നടക്കുമ്പോൾ ചുണ്ടിൽ അതെ ചിരിയുണ്ടായിരുന്നു. അവനെതിരെ ഇരിക്കുമ്പോൾ ലാപ് ടോപ്പിൽ നിന്നും അവൻ വീണ്ടും കണ്ണുകൾ ഉയർത്തി-
"ഈ നാണം നിങ്ങള്ക്ക് ചേരുന്നുണ്ട് .. നിങ്ങൾ അതി സുന്ദരിയാണ് "
അപ്പോൾ ഇതാണ് നാണം ! ഒരു പുരുഷന്റെ മുന്നിൽ നാണിക്കുക .
എനിക്ക് അതും പുതിയ അനുഭവമായിരുന്നു. കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുമ്പോൾ എന്റെ മേലാസകലം പൂത്തു തരിച്ചു. ഇടക്കിടെ നാണം മൊട്ടിട്ടു. പേരറിയാത്ത വികാരങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു കൊണ്ടിരുന്നു...

ആദ്യത്തെ പുരുഷനെ കുറിച്ചുള്ള എന്റെ കണക്കു കൂട്ടലുകൾ തെറ്റായിരുന്നു. അയാൾ പ്രശസ്തനായ ഒരു ചിത്രകാരനായിരുന്നു-ജാവേദ് . കോഫി ഷോപ്പും ബിസിനസ്സും മാത്രം വശമുള്ള എനിക്ക് കലയെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും എന്തറിയാം? പുതിയ ചിത്രത്തിന് മോഡലിനെ അന്വേഷിചു നടക്കുമ്പോഴാണ് ജാവേദ് കോഫി ഷോപ്പിൽ എത്തി ചേർന്നത്. അയാളുടെ ചിത്രത്തിന് മോഡലാവാനുള്ള അവസരം എനിക്ക് നേരെ നീട്ടി . സുഹൃത്തുക്കളോട് പറഞ്ഞു സിനിമയിലും അവസരം നൽകാമെന്ന് അയാളെനിക്ക് വാഗ്ദാനം ചെയ്തു.

ആദ്യത്തെ പുരുഷൻ നൽകിയ വിസ്മയങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കുമ്പോൾ അടുത്ത അതിഥിയെത്തി..
അയാളെ സ്വീകരിക്കാൻ എനിക്കവനെ വിട്ടു മടിയോടെ എഴുന്നേൽക്കേണ്ടി വന്നു. അയാളുടെ വരവ് എനിക്കിഷ്ടമായില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ...

** 
ഇപ്പോൾ പതിവായി എന്നും ജാവേദ് കോഫി ഷോപ്പിൽ വരാറുണ്ട്. 
അവൻ അകത്തേക്ക് കടന്നു കഴിഞ്ഞാലുടൻ നളിനീസ് കോഫി ഷോപ്പിന്റെ താഴെയായി ആ ബോർഡ് ഞങ്ങൾസ്ഥാപിക്കും -
"Closed till 3 pm “
എന്റെ കഥ ഇവിടെ നിർത്തുന്നു. കാരണം അത് നിങ്ങൾ പൂർത്തിയാക്കുമെന്ന് എനിക്കറിയാം.
ഒന്നാമത്തെ പെണ്ണിനെ പോലെ, രണ്ടാമത്തെ പെണ്ണിനെ പോലെ അതോ മൂന്നാമത്തെവളുടെ പോലെയോ..
എന്തായാലും ഒന്ന് നിശ്ചയം. നിങ്ങൾ പൂർത്തിയാക്കുന്ന കഥക്ക് അനേകം നിറങ്ങളുണ്ടാവും. സ്വന്തം ജീവിതത്തിന്റെ നിറം അല്പം മങ്ങിയാലും, മറ്റുള്ളവരുടെ ജീവിതത്തിനു നിറം പിടിപ്പിക്കുന്നവരാണല്ലോ നാമെല്ലാവരും…
(The end)   സാനി മേരി ജോൺ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഭയം ( കവിത : ജിത്തു ധർമ്മരാജ് )

A light blue sky (Poem:Lebrin Paruthimoottil)

പുളവയുടെ തീർപ്പ് (ഇളപറഞ്ഞ കഥകൾ -അധ്യായം 8: ജിഷ.യു.സി)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട -6 (അവസാന ഭാഗം: ജോസഫ് ഏബ്രഹാം)

കോവിഡോണം (ഇബ്രാഹിം മൂർക്കനാട്, കവിത)

മാനസം (ജാനി, കവിത)

തീർത്ഥയാത്ര..(കഥ: നൈന മണ്ണഞ്ചേരി)

പാമ്പും കോണിയും: നിർമ്മല - നോവൽ - 65

വി. അന്തോണീസ് പുണ്യാളന്റെ കൃപ [കഥ: സിസിൽ മാത്യു കുടിലിൽ]

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ -15

ഓർമ്മയിലെ ഓണം (നജാ ഹുസൈൻ, അഞ്ചൽ)

ഓണത്തിന്നോർമ്മകൾ കുമ്മിയടിക്കുമ്പോൾ (രജനി ഹരിദാസ്-കഥ)

ഓണപ്പൊട്ടൻ (മധു നായർ-കവിത)

മൃതിയുടെ ചിരി (കവിത: അശോക് കുമാര്‍.കെ)

മനസ്സറിയാതെ (കഥ : രമണി അമ്മാൾ)

യാത്രാന്ത്യം : (കവിത : സലാം കുറ്റിച്ചിറ )

വായിക്കാത്ത കത്ത്: (കഥ, നജാ ഹുസൈൻ)

ആകാശമെന്ന വാക്ക് (കവിത: സിന്ധു ഗാഥ)

കാലമിങ്ങനെ (കവിത: ഡോ.എസ്‌.രമ)

പ്രിന്റർ (കഥ: അജയ്)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

ജാലകചില്ല് (കവിത: സണ്ണി ചെറിയാൻ, വെണ്ണിക്കുളം)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

സീതായനം (കഥ: സരിത സുനിൽ)

ഒരു പ്രണയം (ഇള പറഞ്ഞ കഥകൾ-7: ജിഷ.യു.സി)

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

മരണം (കവിത-ബീന ബിനിൽ, തൃശൂർ)

View More