Image

ലീവ് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിത കണ്ടക്ടര്‍ നിലത്തുവീണു, ഇരുവര്‍ക്കുമെതിരെ നടപടി

Published on 23 July, 2021
ലീവ് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ ശ്രമിക്കുന്നതിനിടെ  വനിത കണ്ടക്ടര്‍ നിലത്തുവീണു, ഇരുവര്‍ക്കുമെതിരെ നടപടി
തൃശൂര്‍: സഹപ്രവര്‍ത്തകയായ വനിതാ കണ്ടക്ടര്‍ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ കെഎസ്‌ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. ലീവ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് വനിതാ കണ്ടക്ടറായ എംവി ഷൈജ കെഎസ്‌ആര്‍ടിസി ഇന്‍സ്‌പെക്ടറായ കെഎ നാരായണന്റെ പുറത്തടിക്കാന്‍ ശ്രമിച്ചത്.

 നാരായണന്‍ ഒഴിഞ്ഞുമാറിയതിനാല്‍ ഷൈജ നിയന്ത്രണം വിട്ട് കമിഴ്ന്നടിച്ചുവീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെഎ നാരായണനെതിരായ നടപടി.

2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ അവര്‍ തമ്മില്‍ തര്‍ക്കമാകുകയും ഷൈജ നാരായണന്റെ പുറത്ത് കൈ കൊണ്ട് അടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അടി കൊള്ളാതിരിക്കാന്‍ നാരായണന്‍ ഒഴിഞ്ഞുമാറിയതോടെ ഷൈജ നിലത്തുവീണു. ഇതിനെതുടര്‍ന്നുണ്ടായ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ നടപടി എടുക്കുകയായിരുന്നു.

തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്‌ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക