Image

കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല; ടി.പി.ആറില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

Published on 22 July, 2021
കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല; ടി.പി.ആറില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കും. ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ് വന്നു. കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കണക്കുകുറച്ച് കാണിക്കുന്നതുവഴി നഷ്ടപരിഹാരത്തിന് അര്‍ഹരായ ഒട്ടേറെപ്പേര്‍ക്ക് ആനുകൂല്യം നഷ്ടമാവുമെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്‍.) മാര്‍ഗനിര്‍ദേശമനുസരിച്ചാണ് മരണം കണക്കാക്കുന്നതെന്നാണ് സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചത്. 

ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രിസൂപ്രണ്ടോ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കണമെന്നും അത് ജില്ലാതലസമിതി പരിശോധിച്ച് സ്ഥിരീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാലിത് കാര്യക്ഷമമല്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേ തുടര്‍ന്ന് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലാക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ ഇത് പ്രകാരം ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക