Image

പൗരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവർ (സിൽജി ജെ ടോം)

സിൽജി ജെ ടോം Published on 20 July, 2021
പൗരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവർ (സിൽജി ജെ ടോം)
 
 
പൗരന്റെ സ്വകാര്യതയിലേക്ക്  നുഴഞ്ഞുകയറി അവരെ  ഒളിഞ്ഞിരുന്ന്  നിരീക്ഷിക്കുന്ന ഏകാധിപത്യ രാജ്യങ്ങളിലെ ഭരണകൂടങ്ങളെക്കുറിച്ച്  കേട്ടിട്ടുണ്ട്  . എന്നാൽ  സ്വന്തം ജനതയുടെ ഫോണുകളും അതിലെ  സ്വകാര്യ വിവരങ്ങളുമെല്ലാം ഒരു ജനാധിപത്യ ഭരണകൂടം രഹസ്യത്തിൽ നിരീക്ഷിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവുന്ന നടപടിയല്ല, പ്രത്യേകിച്ചും ഇന്ത്യയെ പോലൊരു  രാജ്യത്ത്.. 
 
സർക്കാരിനെതിരായ നീക്കങ്ങൾ രഹസ്യത്തിൽ അറിയാനും എതിരാളികളെ ഒതുക്കാനും നിയമ വിരുദ്ധ മാർഗങ്ങൾ  സ്വീകരിക്കുന്നത്  ഒരു  സർക്കാരിനും   ഭൂഷണമല്ല.  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന്​ പേര് കേട്ട  ഇന്ത്യയിലെ സുപ്രീംകോടതി ജഡ്​ജിയുടെയും മാധ്യമപ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും പൗരാവകാശ പ്രവർത്തകരുടെയും മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയുമുൾപ്പെടെ മുന്നൂറിലേറെ ഫോണുകളിൽ ഇസ്രയേല്‍ ആസ്ഥാനമായ  എന്‍‌എസ്‌ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയർ  പെഗാസസ്  ഉപയോഗിച്ച് ചാരപ്പണി നടത്തി വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗുരുതരമാണ്​. 
 
 പെഗാസസിന്റെ നിരീക്ഷണ വലയത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ നേതാക്കളും കേന്ദ്ര മന്ത്രിമാരും വരെയുണ്ടെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതായി. നാല്പതിലേറെ മാധ്യമ പ്രവർത്തകരും നിരീക്ഷണത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 
 
നിയമപാലകര്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും മൊബൈല്‍ ഫോണുകളിലേക്കോ അവയുടെ കണ്ടന്റിലേക്കോ റിമോട്ട് ആക്സസ് നല്‍കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച  പെഗാസസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് രാജ്യ സുരക്ഷക്കു തന്നെ ഭീഷണിയാകുന്ന റിപ്പോര്‍ട്ടുകളാണ്.  
 
പെഗാസസ് ഡേറ്റാബേസിൽ മുന്നൂറ് ഇന്ത്യക്കാരുടെ പേരുകൾ ഉണ്ടെന്നത് കൊണ്ട് മാത്രം അവരുടെ ഫോണുകൾ ചോർത്തപ്പെട്ടു എന്ന്  സ്ഥിരീകരിക്കുന്നില്ലന്നാണ് സർക്കാർ അവകാശവാദമെങ്കിലും ഇത് കാര്യങ്ങളുടെ ഗൗരവം കുറക്കുന്നില്ല. 
 
ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട പലരുടെയും ഫോണുകൾ പെഗാസസ് നിരീക്ഷിച്ച ലിസ്റ്റിലുണ്ട് .  ഭരണകൂട ഭീകരതയുടെ ഇരയായി  നീതി നിഷേധിക്കപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടിവന്ന ഫാ . സ്റ്റാൻ സ്വാമിയെന്ന വന്ദ്യ പുരോഹിതന്റെ മുഖം നമ്മുടെ മുന്നിൽ നിന്ന് മാഞ്ഞിട്ടില്ലിനിയും. ഫാ.സ്റ്റാൻ സ്വാമി അടക്കമുള്ള പലരും കേസിൽ കുടുക്കപ്പെട്ടതാകാം എന്ന സംശയത്തെ അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.  

എൽഗാർ പരിഷദ്​ കേസിൽ പ്രതിചേർക്കപ്പെട്ട പലരുടെയും കമ്പ്യൂട്ടറുകളിലേക്ക്​ നുഴഞ്ഞുകയറി തെളിവുകൾ കെട്ടിച്ചമച്ചെടുക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ  വെളിപ്പെടുത്തലുകളുണ്ടായിരുന്നു. 
 
ഒരുകൂട്ടം അന്താരാഷ്​ട്ര മാധ്യമങ്ങൾ പൗരാവകാശ സംഘങ്ങളുടെ പിന്തുണയോടെ നടത്തിയ അന്വേഷണ വിശകലനങ്ങളുടെ ഫലമായാണ് 'പെഗാസസ്​ പ്രോജക്​ട്​' റിപ്പോർട്ട്  പുറത്തുവിട്ടത്. ​
 
ഒരാളുടെ അറിവില്ലാതെ അവരുടെ ഡിവൈസിലേക്ക് ആക്‌സസ് നേടുന്നതിനും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചാരപ്പണി ചെയ്യാനുമാണ് പെഗാസസ്  സ്പൈ വെയര്‍ ഉപയോഗിക്കുന്നത്. വ്യക്തികൾ അറിയാതെ തന്നെ ഈ സ്പൈ വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയാണ് .വിവരങ്ങൾ ചോർത്തുക മാത്രമല്ല , നമ്മൾ അറിയാതെ നമ്മുടെ ഫോണിലേക്ക്  വിവരങ്ങൾ ചേർക്കുവാനും ഇതിന് കഴിയും. ആളുകള്‍ പറയുന്നത് കേള്‍ക്കാനും അയാളുടെ ചുറ്റുപാടുകള്‍ കാണുന്നതിനുമായി ഫോണിന്റെ കാമറയും മൈക്രോഫോണും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
 
 ഐഫോണ്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും എവിടെയും എങ്ങനെയും നുഴഞ്ഞു കയറാന്‍ പര്യാപ്തമായ സ്പൈവെയറാണ് പെഗാസസ്. സ്പൈവെയര്‍ ബാധിച്ചു കഴിഞ്ഞാല്‍  വ്യക്തി എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് അറിയാന്‍ ജിപിഎസ് ട്രാക്ക് ചെയ്യാനും ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും 
ഫോൺ നമ്പറുകളും പാസ് വേഡുകളും ലൈവ് കോളുകളുമെല്ലാം ചോർത്താനും പെഗാസസ്  സ്പൈ വെയറിനാവും. 
 
ഒരു ലിങ്ക് ഉപയോഗിച്ചാണ് പെഗാസസ് മറ്റൊരാളുടെ ഡിവൈസിലേക്ക് കടക്കുന്നത്. മെസേജ് വഴിയാണ് ഈ ലിങ്ക് ഡിവൈസുകളില്‍ എത്തുക. ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇരയുടെ അറിവില്ലാതെ തന്നെ ഡിവൈസില്‍ പെഗാസസ്  ഡൗണ്‍ലോഡ് ആകും .  എത്ര ദൂരെ ആയിരുന്നാലും ഹാക്കറുടെ കമാന്‍ഡ് കമ്പ്യൂട്ടറുമായി കണക്ഷനില്‍ ആവുകയും ചെയ്യും.

 പെഗാസസ് സ്പൈവെയറിന് വാട്ട്‌സ്‌ആപ്പ് സന്ദേശവും  വായിക്കാന്‍ കഴിയും.
 
പെഗാസസ് നിരീക്ഷണത്തിലുള്ളതായി പറഞ്ഞ ഇന്ത്യക്കാരിൽ പത്തു പേരുടെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയതിൽ പെഗാസസ് സോഫ്റ്റ് വെയർ കണ്ടെത്തിയിട്ടുണ്ട് . ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നല്‍കുന്ന പരിരക്ഷകളെ മറികടക്കാന്‍ കഴിയുന്നവയാണ് ഇത്തരം സ്പൈവെയറുകള്‍, അതുകൊണ്ടു തന്നെ പെഗാസസ് കണ്ടെത്തുക  പ്രായോഗികമായി അസാധ്യമാണ് എന്ന് വിദഗ്ധർ പറയുന്നു.
 
ഇസ്രയേലിലെ സൈബർ കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ്  വ്യക്​തമായി പറയുന്നുണ്ട്​; ഏതെങ്കിലും സ്വകാര്യ വ്യക്​തികൾക്കുവേണ്ടി തങ്ങൾ ചാരപ്പണി ചെയ്യാറില്ലെന്നും സർക്കാറുകൾക്ക്​ മാത്രമേ സേവനങ്ങളും ഉപകരണങ്ങളും സോഫ്​റ്റ്​വെയറുകളും വിൽക്കാറുള്ളൂ എന്നും. എന്നാൽ ഈ ചാരപ്പണി സംബന്ധിച്ച്  തങ്ങൾ ഒന്നുമറിഞ്ഞില്ലെന്നാണ് ​ കേന്ദ്ര സർക്കാർ ഭാഷ്യം ​! 
 
 പെഗസസ് വാങ്ങാൻ സർക്കാരുകൾക്ക് മാത്രമേ കഴിയൂ എന്നത് ഇന്ത്യൻ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ആ വാക്കുകളെ വിശ്വസിക്കാനാവുന്നില്ല . കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെ പോലും സർക്കാർ നിരീക്ഷിച്ചിരിക്കാമെന്ന കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. 

പെഗാസസിന്റെ ലൈസന്‍സിന്  വര്‍ഷം  ഏഴ് മുതല്‍ എട്ട് ദശലക്ഷം ഡോളര്‍ വരെ ചെലവാക്കണം. 

 
2010 ജനുവരി 25 ന് ആരംഭിച്ച ഇസ്റയേല്‍ കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പാണ് പെഗസസ് സ്പൈവെയറിന്റെ ഉപജ്ഞാതാക്കള്‍. ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌ കമ്പനി സ്ഥാപകരായ നിവ് കാര്‍മി, ഷാലേവ് ഹുലിയോ, ഒമ്രി ലവി എന്നിവരുടെ പേരിന്റെ ചുരുക്കമാണ് എന്‍ എസ് ഒ. 
 
 
ആരോപണങ്ങൾ നിഷേധിച്ച്  കേന്ദ്രം 
 
 
 തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ നിലപാട് എടുത്ത  അശോക് ലവാസ, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടി എന്നിവരൊക്കെ  പെഗാസസിൽ ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ്   വിവരം.
 
 ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു പറഞ്ഞാണ് പെഗാസസ് വിവാദത്തോട് ലോക്സഭയില്‍ മറുപടി പറഞ്ഞ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ്  ആരോപണങ്ങള്‍ തള്ളിയത്. പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ നിഷേധിച്ച്‌   മന്ത്രി ചൂണ്ടിക്കാട്ടി.  വിശദമായ പരിശോധനയില്ലാതെ ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉറപ്പിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു.
 
പെഗസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഒമ്പതുപേരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നതായാണ്  വെളിപ്പെടുത്തല്‍.
 
2019 വരെ പെഗാസസിന്റെ നിരീക്ഷണ വലയത്തില്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിക്ക് പുറമെ പ്രിയങ്ക ഗാന്ധി, പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജി ഇവരുടെയൊക്കെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. .
 
ഏകാധിപത്യ രാജ്യങ്ങളിൽ നടക്കുന്നതിന്​ സമാനമായി കുറച്ചു വർഷങ്ങളായി മാധ്യമ പ്രവർത്തകരും പൗരാവകാശ പ്രവർത്തകരും ജനാധിപത്യ ഇന്ത്യയിലും സൂക്ഷ്​മ നിരീക്ഷണത്തിലും ചാരവലയത്തിലുമാണെന്ന ആക്ഷേപങ്ങൾക്ക് ബലം പകരുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. 
 
2019 ലും പെഗാസസ് ഇടപെടൽ രാജ്യത്ത് വിവാദമുയർത്തിയിരുന്നു . ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരുമടക്കം 1400 പേരുടെ ഫോൺ ചോർത്തിയെന്ന വിവരങ്ങൾ അന്നും കോളിളക്കം സൃഷ്ടിച്ചിരുന്നു. 
 
പെഗാസസിനെ സംബന്ധിച്ച ഇപ്പോഴത്തെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെങ്കിൽ, സർക്കാരിന് ഫോൺ ചോർത്തലിൽ പങ്കില്ലെങ്കിൽ, സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിച്ച്  കാര്യങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. മൗലികാവകാശങ്ങളും പൗര സ്വാതന്ത്ര്യവും ഭരണഘടനാവകുപ്പുകൾ പ്രകാരം സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് നമ്മുടേത് . ജനത്തിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. ഭരണകൂടം സ്വന്തം ജനതയുടെ ഫോണുകളിലേക്കും സ്വകാര്യതയിലേക്കും ഒളിഞ്ഞു നോക്കിക്കൂടാ .
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക