Image

ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് ഈ മാസം 31-നു സമ്മാനിക്കും

Published on 07 July, 2021
ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് ഈ മാസം 31-നു  സമ്മാനിക്കും
ന്യു യോർക്ക്: ഒന്നര വർഷത്തെ ഇടവേളക്കു ശേഷം ഇ-മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് ഈ മാസം 31-നു  സമ്മാനിക്കുന്നു. ദുരന്തത്തിന്റെ  മഹാസമുദ്രം താണ്ടി അമേരിക്ക കരകയറുമ്പോൾ  സാഹിത്യ പ്രേമികൾക്ക് വീണ്ടും ഒത്തുകൂടാൻ ഒരവസരമൊരുക്കുകയാണ് ഇ-മലയാളി. ന്യു യോർക്ക് ക്വീൻസിലെ സന്തൂർ റെസ്റ്റോറന്റിൽ (257-05 Union Tpke, Queens, NY 11004) രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി ഉച്ച ഭക്ഷണത്തോടെ  രണ്ട് മണിക്ക്  സമാപിക്കും. ആർക്കും പങ്കെടുക്കാം. 

കഴിഞ്ഞ വര്ഷം മാർച്ച് 15-നു റോക്ക്  ലാൻഡിൽ വച്ച് നടത്താനിരുന്ന സമ്മേളനമാണിത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായപ്പോഴാണ് കോവിഡ് അശനിപാതം പോലെ മനുഷ്യരാശിയുടെ മേൽ പതിച്ചത്. അതോടെ പരിപാടി മാറ്റി വയ്ക്കാൻ എല്ലാവരും നിർദേശിച്ചു.

അന്നത്തെ പരിപാടിയിൽ മുഖ്യപ്രാസംഗികൻ പ്രശസ്ത എഴുത്തുകാരനായ ജോസഫ് പടന്നമാക്കല്‍   ആയിരുന്നു.  അമേരിക്കയില്‍ 50 വര്‍ഷം എന്നത് വിഷയം. അര നൂറ്റാണ്ടിലേറേയായി തുടരുന്ന മലയാളി കുടിയേറ്റ ചരിത്രത്തിന്റെ നേർ ചിത്രം.

സമ്മേളനം മാറ്റാൻ നിർദേശിച്ചവരിൽ ഒരാൾ അദ്ദേഹമായിരുന്നു. മാർച്ച് 25  ആയപ്പോഴേക്കും അദ്ദേഹത്തിന് കോവിഡ് ബാധിച്ചു. ഏപ്രിൽ ആദ്യം അദ്ദേഹം എന്നന്നേക്കുമായി വിട പറഞ്ഞു.

അമേരിക്കയിൽ  50 വർഷം  പൂർത്തിയാക്കിയായ വെരി റവ. യോഹന്നാൻ  ശങ്കരത്തിൽ കോർ  എപ്പിസ്കോപ്പയായിരുന്നു പയനിയർ അവാർഡ് ഏറ്റു വാങ്ങേണ്ടവരിൽ ഒരാൾ. എന്നാൽ ഏതാനും നാൾ മുൻപ് അദ്ദേഹവും കാലയവനികക്കുള്ളിൽ മറഞ്ഞു. അവാർഡ് പരിപാടി ചുരുങ്ങിയ തോതിലെങ്കിലും നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചതാണ്. വരട്ടെ എന്ന് പറഞ്ഞിരുന്നപ്പോൾ ആ ധന്യ ജീവിതവും നമ്മെ കണ്ണീരിലാഴ്ത്തി വിട  പറഞ്ഞു. 

അവരുടെ ഓർമ്മകളിലാണ് ഈ ഒത്തുകൂടൽ. 

മാറ്റങ്ങൾ വേറെയും ഉണ്ടായി. അന്നത്തെ പരിപാടിയിൽ മുഖ്യ സംഘാടകരും മറ്റുമായി ഉണ്ടായിരുന്ന ചിലർ പിണങ്ങിപ്പോയി! ഒന്നര വർഷത്തിൽ എന്തെന്ത് മാറ്റങ്ങൾ.

മലയാളിയായ സെനറ്റർ കെവിൻ തോമസ് പരിപാടിയിൽ മുഖ്യാതിഥി  ആയിരിക്കും.

സാഹിത്യ അവാര്‍ഡുകള്‍ നേടിയത് താഴെപ്പറയുന്നവരാണ്:
ജനപ്രിയ എഴുത്തുകാരി: ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍
കവിത: ശ്രീമതി സീന ജോസഫ്
ലേഖനം: ശ്രീ പി.ടി.പൗലോസ്
ഇംഗ്ലീഷ് കവിത: ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം
ഇംഗ്ലീഷ് ലേഖനം: ശ്രീ ജോര്‍ജ് ഏബ്രഹാം
ഇ-മലയാളി ലൈഫ് ടൈം അച്ചീവ്മെന്റ്: ശ്രീ ജോസ് ചെരിപുറം

ഇതിനു പുറമെയാണ് സമൂഹത്തിനു വലിയ സേവനങ്ങൾ നൽകിയ പ്രശസ്ഥ എഴുത്തുകാരനും നരവംശ സാസ്ത്രജ്ഞനുമായ ഡോ. എ.കെ.ബി. പിള്ള, സാമൂഹിക-മത രംഗങ്ങളില്‍ വലിയ സംഭാവനകളര്‍പ്പിച്ച വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവർക്ക് പയനിയർ അവാർഡും പ്രഖ്യാപിച്ചത്.

മറ്റൊരു പുതുമ ആയിരുന്നു മാൻ ഓഫ്  ദി  ഇയർ അവാർഡ്. മികച്ച നേട്ടം കൈവരിച്ച ഒരു മലയാളിയേ ആദരിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഫ്ളോറിഡാ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിനിയേഴ്സ് (എഫ്.ബി.പി.ഇ) ചെയര്‍മാനായി നിയമിതനായ എഞ്ചിനീയറും വ്യവസായിയുമായ ശ്രീ ബാബു വര്‍ഗ്ഗീസിനായിരുന്നു ആദ്യത്തെ മാൻ ഓഫ് ദി  ഇയർ അവാർഡ്.  ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ്  ആണ് നിയമനം നടത്തിയത്. അത് സെനറ്റ് അംഗീകരിച്ചതോടേ നിയമനം  പ്രാബല്യത്തില്‍ വന്നു. ഫ്‌ലോറിഡയിൽ ഈ സ്ഥാനത്ത്  എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. 

ഒരു വാര്‍ത്താ പ്രസിദ്ധീകരണമെന്നതിലുപരി ഇ-മലയാളി അമേരിക്കയില്‍ മലയാള സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിന്  എക്കാലവും ശ്രദ്ധിക്കുന്നു.  

സാഹിത്യ  പുരസ്‌കാരം 2019 ല്‍ ഇ-മലയാളിയില്‍ എഴുതിയ രചനകളെ മാത്രം അടിസ്ഥാനമാക്കിയാണ്. എഴുത്തുകാരുടെ മുഴുവന്‍ കൃതികളെ വിലയിരുത്തുന്നതല്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു.

രചനകള്‍ തിരഞ്ഞെടുത്തത് ഇ-മലയാളിയുടെ പത്രാധിപ സമിതിയും സമിതി നിയോഗിച്ച അംഗങ്ങളുമാണ്. മത്സരത്തിനായി എഴുത്തുകാര്‍ തന്നെ തിരഞ്ഞെടുത്തയച്ച രചനകളും പത്രാധിപ സമിതി തിരഞ്ഞെടുത്ത രചനകളും പരിഗണിച്ചു.

സമ്മേളനത്തിലേക്ക്‌ ഏവർക്കും സ്വാഗതം. പ്രത്യേക രജിസ്‌ട്രെഷനൊന്നുമില്ല. നേരത്തെ അറിയിച്ചാൽ ഉപകാരമായിരുന്നു. editor@emalayalee.com

വിവരങ്ങള്‍ക്ക്: ജോര്‍ജ് ജോസഫ്: 917-324-4907
സുനില്‍ ട്രൈസ്റ്റാര്‍: 917-662-1122

Join WhatsApp News
Sudhir Panikkaveetil 2021-07-07 16:25:27
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ഇ മലയാളി ചെയ്യുന്ന സേവനങ്ങൾ എല്ലാ എഴുത്തുകാരും നന്ദിപൂർവം ഓർക്കും. ഇ മലയാളിക്ക് എല്ലാ വിധ നന്മകളും നേരുന്നു.
Tomy C Thomas 2021-07-10 17:24:23
Congratulations Jose Cheripuram; keep up the works.Tomy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക