Image

മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ ഇഡി ഹൈക്കോടതിയില്‍

Published on 24 June, 2021
മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ ഇഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഇഡി ഹൈക്കോടതിയില്‍.  മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി കോടതിയെ സമീപിച്ചത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി അസാധുവാക്കണം. കേന്ദ്ര അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ കോടതിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

കമ്മീഷന്റെ പരിഗണന വിഷയം നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്നാണ് കമ്മീഷന്‍ തെളിവുകള്‍ ശേഖരിക്കാന്‍ നടപടികള്‍ തുടങ്ങിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്നതടക്കമാണ് കമ്മീഷന്‍ പരിശോധിക്കുന്നത്.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക