Image

ന്യുയോർക്കിലെ കോവിഡ് അടിയന്തരാവസ്ഥ അവസാനിച്ചു; അമേരിക്കക്കാരുടെ ആയുർദൈർഘ്യം കുറയുന്നു

Published on 24 June, 2021
ന്യുയോർക്കിലെ കോവിഡ്   അടിയന്തരാവസ്ഥ അവസാനിച്ചു;   അമേരിക്കക്കാരുടെ ആയുർദൈർഘ്യം കുറയുന്നു
ന്യൂയോർക്ക്, ജൂൺ 24: കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംസ്ഥാനം ഗണ്യമായ പുരോഗതി കൈവരിച്ച സാഹചര്യത്തിൽ, നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള അടിയന്തരാവസ്ഥ വ്യാഴാഴ്ച അവസാനിക്കുമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ കോമോ അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ  ന്യൂയോർക്ക് സ്റ്റേറ്റ് 2020 മാർച്ച് ആദ്യമാണ്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എന്നാൽ,  ഫെഡറൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) നിന്നുള്ള മാർഗ്ഗനിർദ്ദേശം പ്രാബല്യത്തിൽ തുടരും.
വാക്സിൻ സ്വീകരിക്കാത്തവരും പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവരും നഴ്സിങ് ഹോമിലും അഗതിമന്ദിരത്തിലും കഴിയുന്നവരും സന്ദർശിക്കുന്നവരും മാസ്ക് ധരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകൾക്ക് മാറ്റമില്ല.
 ഏറ്റവും മോശമായ കോവിഡ്  നിരക്കുകളിൽ നിന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ രോഗനിരക്കിലേക്ക് എത്താൻ ന്യൂയോർക്കിന് സാധിച്ചത് ജനങ്ങളുടെ സഹകരണവും ജാഗ്രതയും കൊണ്ടുകൂടിയാണെന്ന് കോമോ അഭിപ്രായപ്പെട്ടു.

അമേരിക്കക്കാരുടെ ആയുർദൈർഘ്യം കുറയുന്നു; സ്ഥിതി രണ്ടാം ലോക മഹായുദ്ധത്തേക്കാൾ രൂക്ഷം
 
കോവിഡിന്റെ പരിണിതഫലമായി അമേരിക്കക്കാരുടെ  ആയുർദൈർഘ്യത്തിൽ  1.87 വർഷത്തിന്റെ  കുറവാണ് 2018 നും 2020 നും ഇടയിൽ സംഭവിച്ചിരിക്കുന്നതെന്ന് പുതിയ ഗവേഷണം  സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇങ്ങനൊരു ഇടിവ് ഉണ്ടായിട്ടില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
ആയുർദൈർഘ്യത്തിലെ ഇടിവ് വെളുത്തവരെ അപേക്ഷിച്ച് കുടിയേറ്റക്കാരായ നിറമുള്ള വിഭാഗക്കാരെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും ഗവേഷണത്തിൽ കണ്ടെത്തി.
 
2020 ൽ വെള്ളക്കാരായ അമേരിക്കക്കാരുടെ ആയുസ്സിലുണ്ടായ കുറവ്  1.36 വർഷമായിരുന്നെങ്കിൽ, കറുത്ത അമേരിക്കക്കാരിൽ ഇത് 3.25 വർഷവും ഹിസ്പാനിക് വിഭാഗത്തിൽ 3.88 വർഷവും കുറവുണ്ടായെന്ന്  ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം വെളിപ്പെടുത്തി.
കോവിഡ് മൂലം ലോകത്തിലെ ഏറ്റവും ഉയർന്ന ആളോഹരി മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. കോവിഡ് മരണങ്ങളും വെളുത്ത അമേരിക്കക്കാരെ അപേക്ഷിച്ച് കൂടുതലായി ഉണ്ടായത്  കറുത്തവർക്കും , ഹിസ്പാനിക് വിഭാഗത്തിനും ഇടയിലാണ്.

യു‌എസിലെ  കോവിഡ് മരണസംഖ്യ 600,000 കവിഞ്ഞതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കൊറോണ വൈറസ് റിസോഴ്‌സ് സെന്റർ അറിയിച്ചു.

യുഎസിലെ ആയുർദൈർഘ്യ പ്രവണതകൾ വളരെ ആശങ്കാജനകമായിരുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.കോവിഡിനെ നേരിടുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചയാണ് ഇതിന്റെ മൂലകാരണമെന്നും കുറ്റപ്പെടുത്തി.
 
 കറുത്ത വർഗക്കാരിൽ, പുരുഷന്മാരുടെ ആയുർദൈർഘ്യം 1998 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ്. ലിംഗപരമായ ഈ അസമത്വവും ഭാവിയിൽ പ്രശ്നമുയർത്താം.
ഇന്നലെ കോവിഡ് പരിശോധനയിൽ സ്റ്റേറ്റിൽ 0.34 ശതമാനം പോസിറ്റിവിറ്റി നിരക്ക് ഉണ്ടായിരുന്നു. 474 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 104 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
കോവിഡ്മൂലം 42,942 പേർ മരണമടഞ്ഞ സംസ്ഥാനത്ത്, 71.2 ശതമാനം ആളുകൾക്ക് കുറഞ്ഞത്  കോവിഡ് വാക്സിന്റെ ഒരു ഡോസ് വീതം ലഭിച്ചു.

ഹൂസ്റ്റണിൽ  വാക്സിൻ നിരസിച്ച ആശുപത്രി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു 

ഹൂസ്റ്റൺ , ജൂൺ 24: അമേരിക്കൻ നഗരമായ ഹ്യൂസ്റ്റണിലെ ഒരു ആശുപത്രിയിൽ,  കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച 153 സ്റ്റാഫുകളുടെ രാജി ആവശ്യപ്പെടുകയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്.

  ഹൂസ്റ്റൺ മെത്തഡിസ്റ്റിലെ 153 ജീവനക്കാർക്കുണ്ടായ ഈ ദുരവസ്ഥ, ടെക്സസ് ട്രിബ്യൂൺ എന്ന മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.
 ജൂൺ 7- നകം വാക്സിൻ സ്വീകരിക്കാത്തവർക്ക് ജോലിയിൽ തുടരാനാവില്ലെന്ന് ഹൂസ്റ്റൺ മെത്തഡിസ്റ്റ് ഏപ്രിലിൽ ജീവനക്കാരെ അറിയിച്ചിരുന്നു.

നിശ്ചിത കാലപരിധിയിൽ, 24,947 ജീവനക്കാർ വാക്സിനേഷൻ സ്വീകരിച്ചപ്പോൾ,കുത്തിവയ്പ്പ് എടുക്കാത്ത  178 പേരെ ആശുപത്രി സസ്പെൻഡ് ചെയ്തു. വാക്സിൻ സ്വീകരിച്ചശേഷം ജോലിയിൽ പ്രവേശിക്കാൻ രണ്ടാഴ്ച കൂടി സാവകാശവും നൽകി.എന്നാൽ, ഇവരിൽ ഇരുപത്തിയഞ്ച് പേർ മാത്രമേ ഈ അവസരത്തിൽ വാക്സിൻ എടുത്തുള്ളൂ.

ആശുപത്രിയുടെ നയം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ജീവനക്കാരിൽ ഒരാൾ ഫയൽ ചെയ്ത ഹർജി,  ഈ മാസം ആദ്യം ഫെഡറൽ ജില്ലാ കോടതി ജഡ്ജി തള്ളി.

ഹൂസ്റ്റൺ മെത്തഡിസ്റ്റിന്റെ നടപടിയെത്തുടർന്ന്, യുഎസിലെ മറ്റു  ആരോഗ്യസംരക്ഷണ സംഘടനകളും വാക്സിൻ നിർബന്ധമായി നടപ്പാക്കണമെന്ന  തീരുമാനത്തിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക