Image

ജോസഫൈന്‍ വീണ്ടും വിവാദത്തില്‍ കുരുങ്ങുമ്പോള്‍

ജോബിന്‍സ് തോമസ് Published on 24 June, 2021
ജോസഫൈന്‍ വീണ്ടും വിവാദത്തില്‍ കുരുങ്ങുമ്പോള്‍
വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഭര്‍തൃപീഡനം സംബന്ധിച്ച പരാതികള്‍ പറയാന്‍ മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയതാണ് ഇത്തവണ പണിയായത്. 

ഭര്‍ത്താവും അമ്മായിയമ്മയും പീഡിപ്പിക്കുന്നു എന്നു പരാതി പറഞ്ഞ സ്ത്രീയോട് പോലീസില്‍ പരാതിപ്പെട്ടോ എന്നു ജോസഫൈന്‍ ചോദിച്ചു ഇല്ല എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ അനുഭവിച്ചോ എന്നായിരുന്നു ജോസഫൈന്റെ മറുപടി. ഇതിനെതിരെ അതിശക്തമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 

നേരത്തെ 89 വയസ്സുള്ള ഒരു വൃദ്ധയോട് പരാതി സമര്‍പ്പിക്കാന്‍ നേരിട്ടു വരാന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിലും ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ തന്റെ പാര്‍ട്ടിക്ക് കോടതിയും പോലീസ് സ്‌റ്റേഷനും ഉണ്ടെന്ന ജോസഫൈന്റെ പ്രസ്താവനയും വിവാദമായിരുന്നു. 

ഏറ്റവുമൊടുവില്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായായിരുന്നു ജോസഫൈന്റെ പ്രതികരണം. താനും ഒരു സ്ത്രീയാണെന്നും ഒരുപാട് പരാതികള്‍ സ്ഥിരം കേള്‍ക്കുന്നുണ്ടെന്നും പറഞ്ഞ ജോസഫൈന്‍ പരാതിക്കാരിയോട് പോലീസില്‍ പരാതി കൊടുക്കണം എന്ന് മാത്രം പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞു. 

തന്നെ വനിതാകമ്മീഷന്‍ അധ്യക്ഷയാക്കിയത് യൂത്ത് കോണ്‍ഗ്രസുകാര്‍ അല്ലെന്നും സര്‍ക്കാരാണെന്നും സര്‍ക്കാരിന് എന്തു തീരുമാനവും എടുക്കാമെന്നും അവര്‍ പറഞ്ഞു. ജോസഫൈന്റെ വിവാദ പ്രസ്താവനകളില്‍ സിപിഎമ്മിനുള്ളിലും എല്‍ഡിഎഫിനുള്ളിലും അതൃപ്തിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക