Image

അതിര്‍ത്തി ലംഘിച്ച ബ്രിട്ടീഷ് കപ്പലിനെതിരെ വെടിയുതിര്‍ത്തതായി റഷ്യ; നിഷേധിച്ച് ബ്രിട്ടണ്‍

Published on 23 June, 2021
അതിര്‍ത്തി ലംഘിച്ച ബ്രിട്ടീഷ് കപ്പലിനെതിരെ വെടിയുതിര്‍ത്തതായി റഷ്യ; നിഷേധിച്ച് ബ്രിട്ടണ്‍


മോസ്‌കോ: ബ്രിട്ടീഷ് നാവികസേനയുടെ കപ്പലിന് നേരെ വെടിയുതിര്‍ത്തുവെന്ന റഷ്യയുടെ വാദം തള്ളി ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഉക്രൈന്‍ സമുദ്രമേഖലയിലൂടെ കടന്നുപോവുകയായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് എന്ന കപ്പല്‍. നിയമലംഘനം നടന്നിട്ടില്ലെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.


നിയമലംഘനം നടത്തിയ ബ്രിട്ടീഷ് കപ്പലിന് നേരെ വെടിയുതിര്‍ത്തുവെന്നായിരുന്നു റഷ്യയുടെ അവകാശവാദം. കരിങ്കടലില്‍ പട്രോളിംഗ് നടത്തുന്ന കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ താക്കീതെന്ന നിലയില്‍ വെടിയുതിര്‍ക്കുകയും നാല് ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റഷ്യയുടെ പ്രദേശമായ ക്രിമിയയിലേക്ക് അതിര്‍ത്തി ലംഘിച്ച് ബ്രിട്ടന്റെ കപ്പല്‍ കടന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ആക്രമണമുണ്ടായതോടെ ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ വഴിമാറിപ്പോയതായും റഷ്യ പറയുന്നു. എസ് യു 24 -എം വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനത്തില്‍ നിന്നും നാല് ബോംബുകള്‍ താക്കീതിന്റെ സൂചനയായി വര്‍ഷിച്ചതായാണ് റഷ്യ പറഞ്ഞു. 

എന്നാല്‍ കരിങ്കടലില്‍ റഷ്യ സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയായിരുന്നുവെന്നും അന്താരാഷ്ട്ര നാവിക വിഭാഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നുമാണ് ബ്രിട്ടന്റെ പ്രതികരണം. എച്ച്.എം.എസ് ഡിഫന്‍ഡര്‍ കപ്പലിന് നേരെ യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും നടന്നിട്ടില്ലെന്നും ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. എച്ച്.എം.എസ് ഡിഫന്‍ഡര്‍ ഒഡേസയില്‍ നിന്ന് ജോര്‍ജിയയിലേക്കുള്ള പതിവ് യാത്രയിലായിരുന്നുവെന്നും അസ്വഭാവികതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക