Image

'അയ്യോ വിജയാ ഒന്നും ചെയ്യല്ലേ' എന്നു പറഞ്ഞതുകൊണ്ട് അന്ന് സുധാകരന്‍ രക്ഷപ്പെട്ടു; മറുപടിയുമായി പിണറായി

Published on 18 June, 2021
'അയ്യോ വിജയാ ഒന്നും ചെയ്യല്ലേ' എന്നു പറഞ്ഞതുകൊണ്ട് അന്ന് സുധാകരന്‍ രക്ഷപ്പെട്ടു; മറുപടിയുമായി പിണറായി


തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശവാദത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 
സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണെന്ന് പിണറായി പരിഹസിച്ചു. തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യമാണ് സുധാകരന്‍ പറഞ്ഞത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തണമെന്ന് സുധാകരന് ആഗ്രഹമുണ്ടായിക്കാണും. എന്നാല്‍ സംഭവിച്ച കാര്യങ്ങള്‍ അങ്ങനെയല്ലെന്നും പിണറായി പറഞ്ഞു.

കെഎസ്എഫ് ഭാരവാഹിക്കാലത്തെ സംഭവമാണ് സുധാകരന്‍ പറഞ്ഞത്. രണ്ട് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സുധാകരന് തന്നോട് വിരോധം ഉണ്ടായിരിക്കാം. ഇന്നത്തെ സുധാകരനല്ല, വിദ്യാര്‍ഥിയായിരുന്ന സുധാകരനായതിനാല്‍ തന്നെ കൈയില്‍ കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും സുധാകരന്‍ മനസില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ മാത്രമല്ലേ അങ്ങനെയെല്ലാം നടന്നുവെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നും പിണറായി പരിഹസിച്ചു. 


അന്ന് കെഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയാണ് ഞാന്‍. ക്ലാസ് ബഹിഷ്‌കരണം ആഹ്വാനം ചെയ്ത ദിവസമായിരുന്നു അത്. അന്നൊരു പരീക്ഷയുണ്ടായിരുന്നു. ഞാനും അത് എഴുതേണ്ട ആളായിരുന്നു. എന്നാല്‍ ക്ലാസ് ബഹിഷ്‌കരണ സമയമായതിനാല്‍ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ കോളേജില്‍ പോയില്ലെങ്കില്‍ അസൂഖം കാരണമാണ് പരീക്ഷയ്ക്ക് എത്താതിരുന്നതെന്ന് കരുതും. അതുകൊണ്ട് കോളേജില്‍ പോയി പരീക്ഷ എഴുതാതിരുന്നു.  സമരം നടക്കുന്നതിനിടെ കെഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായി. ഞാന്‍ കോളേജ് വിട്ട സമയമായിരുന്നു അത്. അതിനാല്‍ കോളേജിലെ വിദ്യാര്‍ഥി അല്ലെന്ന പരിമിതയുണ്ടായിരുന്നു. ഇക്കാര്യം മനസില്‍ വെച്ചാണ് നിന്നിരുന്നത്. വാക്കുതര്‍ക്കം വലിയ സംഘര്‍ഷത്തിലേക്ക് മാറി. ഇതിനിടെയാണ് സുധാകരനെ ആള്‍ക്കൂട്ടത്തിനിടയില്‍ കാണുന്നത്. അന്ന് സുധാകരനെ തനിക്ക് പരിചയവുമില്ല.

കോളേജ് വിദ്യാര്‍ഥി അല്ലാത്തതിനാല്‍ കോളേജിലെ ഒരു സംഘര്‍ഷത്തില്‍ ഉള്‍പ്പെടെരുതെന്നായിരുന്നു മനസിലുണ്ടായിരുന്നത്. എന്നാല്‍ സംഗതി കൈവിട്ടു പോയതോടെ സുധാകരനെതിരേ പ്രത്യേക രീതിയിലുള്ള ആക്ഷന്‍ എന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ സുധാകരന്റെ ശരീരത്തില്‍ തൊടുകയോ ഒന്നു ചെയ്യുകയോ ചെയ്തില്ല. രണ്ടും കൈയും കൂട്ടിയിടിച്ചു. ഇതില്‍ വല്ലാത്ത ശബ്ദമുണ്ടായി. സ്വാഭാവികമായി ഇതിന്റെ പിന്നാലെ ദേഷ്യത്തോടെ ചില വാക്കുകളും സുധാകരനോട് പറഞ്ഞു. 

ഇതിനിടെ സുധാകരന്റെ നേതാവായ ബാബു എന്നെ വന്നുപിടിച്ചു. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു. ആരാണ് ഇവന്‍, പിടിച്ചുകൊണ്ടുപോടാ എന്ന വാചകമാണ് അന്ന് ബാബുവിനോട് പറഞ്ഞത്. ഉടന്‍ തന്നെ അവരെല്ലാം സുധാകനെ അവിടെനിന്നും പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് അന്ന് അവിടെ സംഭവിച്ചതെന്നും പിണറായി വിശദീകരിച്ചു. 

ബ്രണ്ണന്‍ കോളേജ് വിട്ട ഒരാളായതുകൊണ്ടാണ് മാത്രമാണ് ആ പ്രശ്നം അന്നവിടെ അവസാനിച്ചതെന്ന് സുധാകരന്‍ മനസിലാക്കണമെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക