Image

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരേ നിലയില്‍ തുടരുന്ന സാഹചര്യം; ലോക്ഡൗണ്‍ നീട്ടിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

Published on 11 June, 2021
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ഒരേ നിലയില്‍ തുടരുന്ന സാഹചര്യം; ലോക്ഡൗണ്‍ നീട്ടിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലും ലോക്ക്ഡൗണ്‍ നീട്ടിയത് എന്തിനാണെന്ന സംശയം പൊതുസമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയില്‍ തുടരുന്ന സാഹചര്യം ഉണ്ടായതാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വൈറസ് സാന്ദ്രത കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ രോഗവ്യാപനം വീണ്ടും ഉയരാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗം വ്യാപിക്കാനുള്ള സാധ്യത കേരളത്തില്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ വൈറസ് സാന്ദ്രത കുറച്ചുകൊണ്ടുവരേണ്ടത് അതിപ്രധാനമാണ്. അതുകൊണ്ടാണ് ലോക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ടാം തരംഗവും മൂന്നാം തരംഗവും തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളിലും പല തരത്തിലുള്ള ദൈര്‍ഘ്യമാണ് ഉണ്ടായിട്ടുള്ളത്. ബ്രിട്ടനില്‍ രണ്ട് മാസത്തെ ഇടവേള ഉണ്ടായി. ഇറ്റലിയില്‍ 17 മാസവും അമേരിക്കയില്‍ 23 ആഴ്ചയും ആയിരുന്നു ഇടവേള. കേരളത്തില്‍ മൂന്നാം തരംഗത്തിന് മുമ്പുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കുന്ന തരത്തിലുള്ള നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പെട്ടെന്നുതന്നെ അടുത്ത തരംഗം ഉണ്ടാവുകയും അത് ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്താല്‍ മരണങ്ങള്‍ വര്‍ധിക്കും. അതുകൊണ്ട് ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് ശ്രദ്ധാപൂര്‍വം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയില്‍ ലഭിക്കുന്ന സമയത്തിനുള്ളില്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക