Image

സാഹിത്യച്ചുവയില്ലാത്ത കണക്കുകള്‍ മാത്രം പറയുന്ന കന്നി ബജറ്റ്

ജോബിന്‍സ് തോമസ് Published on 04 June, 2021
സാഹിത്യച്ചുവയില്ലാത്ത കണക്കുകള്‍ മാത്രം പറയുന്ന കന്നി ബജറ്റ്
ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയിലവതരിപ്പിച്ചത് 16,910.12 കോടിയുടെ കമ്മി ബജറ്റാണ്. ബജറ്റിലെ ഈ ധനക്കമ്മി മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലും പ്രതിഫലിച്ചു. ചരിത്രത്തിലെ ഏറ്റവും നീളം കുറഞ്ഞ ബജറ്റുകളിലൊന്നാണ് ഈ ബജറ്റ് എന്നതില്‍ സംശയമില്ല. കേവലം ഒരു മണിക്കൂര്‍ കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് സഭയുടെ മേശപ്പുറത്ത് വച്ചത്. 

കേരളത്തിന് കണ്ടു പരിചയമുള്ള ബജറ്റുകള്‍ ഇങ്ങനെയല്ല. സാമ്പത്തീക പ്രതിസന്ധികളിലും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കൂട്ടിക്കിഴിക്കലുകള്‍ക്കിടയിലും അല്പം സാഹിത്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ശ്രവണസുഖമുള്ള ആസ്വാദ്യകരമായ ബജറ്റുകളായിരുന്നു ഇക്കഴിഞ്ഞ കാലങ്ങളില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 

ബജറ്റവതരണത്തില്‍ എന്നും തനത് ശൈലി കാത്തു സൂക്ഷിച്ചിട്ടുള്ള മാണിസാറും തോമസ് ഐസക്കുമൊക്കെ ബജറ്റവതരണം ഒരാഘോഷമാക്കുകയായിരുന്നു ഇക്കഴിഞ്ഞ കാലങ്ങളില്‍ ചെയ്തത്. ഇത്ര ദൈര്‍ഘ്യം കുറഞ്ഞ ഒരു ബജറ്റ് അവര്‍ക്ക് സ്വപ്‌നം കാണാനേ സാധിക്കുമായിരുന്നില്ല എന്നാണ് കരുതുന്നത്. 

കാരണം അവരുടെ ബജറ്റുകള്‍ പലതും മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമേറുന്നവയായിരുന്നു. മഹാന്‍മാരായ പല സാഹിത്യകാരന്‍മാരുടേയും ഉദ്ധരണികളിലോ കവിതകളിലോ ആയിരുന്നു ബജറ്റ് പ്രസംഗങ്ങള്‍ തുടങ്ങുക. പിന്നിടങ്ങോട്ട് പുട്ടിന് തേങ്ങ പോലെ ഇടയില്‍ ഉദ്ധരണികളും കവിതകളും വന്നുകൊണ്ടേയിരിക്കും. കൊച്ചുകുട്ടികളുടേതടക്കം പല കവിതങ്ങളും ഇതിനടയില്‍ കയറിയിറങ്ങിപ്പോകും. 

എന്നാല്‍ ബാലഗോപാലിന്റെ ബജറ്റ് കാര്യങ്ങള്‍ മാത്രം പറഞ്ഞ് കുറഞ്ഞ സമയത്തിനുള്ളില്‍ അവസാനിപ്പിച്ചു. ഈയടുത്ത കാലങ്ങളില്‍ കേരളം കേട്ടുപരിചയിച്ച പ്രാസവും താളവും സാഹിത്യവും ഇടകലര്‍ന്നൊരു ബജറ്റായിരുന്നു ഇന്നും പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അവര്‍ നിരാശരായി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക