Image

ഇസ്രയേലില്‍ അധികാരമാറ്റത്തിന്റെ അലയൊലികള്‍ മുഴങ്ങുമ്പോള്‍

ജോബിന്‍സ് തോമസ് Published on 03 June, 2021
ഇസ്രയേലില്‍ അധികാരമാറ്റത്തിന്റെ അലയൊലികള്‍ മുഴങ്ങുമ്പോള്‍
ബെഞ്ചമിന്‍ നെതന്യാഹു എന്ന അതിശക്തനായ നേതാവിന്റെ പടിയിറക്കത്തിനാണ് ഇസ്രയേല്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും കേവലഭൂരിപക്ഷം നേടാനാവാത്തതാണ് നെതന്യാഹുവിന് തിരിച്ചടിയാകുന്നത്. പ്രതിപക്ഷനിരയിലെ പാര്‍ട്ടികളില്‍ ഐക്യം കൊണ്ടുവരാന്‍ കഴിഞ്ഞ യെയര്‍ ലപീഡാണ് ഈ ഭരണമാറ്റത്തിന് വഴിയൊരുക്കാന്‍ പ്രധാന കാരണക്കാരന്‍. മാധ്യപ്രവര്‍ത്തകന്‍ എന്ന റോളില്‍ നിന്നും രാഷ്ട്രീയത്തിലേയ്‌ക്കെത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. 

യെയര്‍ ലപീഡിന്റെ പാര്‍ട്ടയായ യെഷ് അതിഡിന് 17 അംഗങ്ങള്‍ മാത്രമാണ് 120 അംഗ പാര്‍ലമെന്റില്‍ ഉള്ളത്. തീവ്ര വലത് കക്ഷിയായ യമിന പാര്‍ട്ടിയുടെ പിന്തുണയാണ് ലപീഡിന് കരുത്തായത്. എന്നാല്‍ ആദ്യ രണ്ട് വര്‍ഷം യമിന പാര്‍ട്ടി നേതാവ് നഫ്ത്താലി ബെന്നറ്റിന് പ്രധാനമന്ത്രി പദം നല്‍കികൊണ്ടായിരുന്നു ലപീഡ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഈ സമയത്ത് ലപീഡ് വിദേശകാര്യ മന്ത്രിയാകും ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയാവുക. 

അറബ് ഇസ്ലാമിക് കക്ഷിയായ അറബ് ഇസ്ലാമിസ്‌ററ് റാമിന്റെ പിന്തുണയും ലപീഡിനുണ്ട് ഇവിടെയാണ് പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന നഫ്ടാലി ബെന്നറ്റ് അതിതീവ്ര വലതുപക്ഷക്കാരനാണ്. ഏഴു സീറ്റാണ് ബെന്നറ്റിന്റെ പാര്‍ട്ടിക്കുള്ളത്. പാലസ്തീന്റെ രാജ്യപദവിയെ ശക്തമായി എതിര്‍ക്കുന്ന ബെന്നറ്റ് വെസ്റ്റ് ബാങ്കിന്റെ മുഴുവന്‍ഭാഗവും ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന് വാദിക്കുന്ന നേതാവാണ്. അറബ് ഇസ്ലാമിക് പാര്‍ട്ടിയും ഇദ്ദേഹവും എങ്ങനെ ഒത്തു പോകും എന്നതും ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. നേരത്തെ മതകാര്യമന്ത്രി, പ്രതിരോധമന്ത്രി എന്നീ ചുമതലകള്‍ ബെന്നറ്റ് വഹിച്ചിട്ടുണ്ട്.

മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്‍കുന്ന അറബ് ഇസ്ലാമിസ്റ്റ് റാമിന് നാല് അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. ജൂത വംശജര്‍ നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിയായതില്‍ ഇദ്ദേഹത്തിനെതിരെ എതിര്‍പ്പ് ശക്തമാണ്. എന്നാല്‍ നെതന്യാഹുവിനെ പുറത്താക്കാനാണ് താന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 

പാലസ്തീന് അനുകൂലമായ നിലപാടുകളാവും അറബ് ഇസ്ലാമിക് പാര്‍ട്ടി സ്വീകരിക്കുക എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ബെന്നറ്റിന്റെ തീവ്രനിലപാടുകളോട് ഇതെങ്ങനെ ചേര്‍ന്നു പോകും എന്നതും പ്രസക്തമാണ്.  ഇതായിരിക്കും യെയര്‍ ലപീഡിന് കീറാമുട്ടിയാകുന്നതും.  

ഇസ്രയേലിന്റെ നിലപാടുകള്‍ ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന കാലഘട്ടത്തിലാണ് തീവ്രവലതുപക്ഷ നേതാവ് അറബ് ഇസ്ലാമിക് പാര്‍ട്ടിയുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ എത്രത്തോളം സ്ഥിരതയുള്ള സര്‍ക്കാരായിരിക്കും ഉണ്ടാവുക എന്നതും ശദ്ധേയമാണ്. 

12 വര്‍ഷമായി നെതന്യാഹുവാണ് പ്രധാനമന്ത്രിയായി തുടരുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷി നെതന്യാഹുവിന്റെ പാര്‍ട്ടിയാണ്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഭിച്ച അവസരത്തില്‍ അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ല. പുതിയ സഖ്യത്തിന് ഒരാഴ്ചയാണ് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം. ഇതിനകം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേയ്ക്കായിരിക്കും നീങ്ങുക. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക