Image

ന്യൂനപക്ഷ ക്ഷേമം; കോടതി ഉത്തരവ് നടപ്പിലായാല്‍

Published on 02 June, 2021
ന്യൂനപക്ഷ ക്ഷേമം; കോടതി ഉത്തരവ് നടപ്പിലായാല്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിലെ 80 : 20  അനുപാതം നിര്‍ത്തലാക്കണമെന്നും ജനസംഖ്യാനുപാതികമായി ഈ ആനുകൂല്ല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുമുള്ള ഹൈക്കോടതി വിധി ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ് ഇപ്പോള്‍. 

കോടതി വിധി എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകളും  വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകളുമാണ് രംഗത്തുള്ളത്. എന്നാല്‍ കാര്യങ്ങള്‍ പഠിച്ചശേഷം അടുത്ത നടപടിയിലേയ്ക്ക് കടക്കാം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

ഈ വിധി നടപ്പിലായാല്‍ നിലവിലെ സ്‌കോളര്‍ഷിപ്പുകളില്‍ എന്താവും സംഭവിക്കുക. എന്നാണ് ഇവിടെ പരിശോധിക്കുന്നത്. നിലവില്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് ആനുകൂല്ല്യങ്ങള്‍ ഓരോ വിഭാഗത്തിനും എത്ര കൂടും എത്ര കുറയും ?. 

ജനസംഖ്യാനുപാതികമായി വരുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതിലും മൂന്നുകോടിയിലേറെ രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ അധികം ലഭിക്കും. 12.68 കോടി രൂപയാണ് ഇപ്പോള്‍ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് 9.27 കോടി രൂപയായി കുറയും.

ക്രൈസ്തവരിലെ രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമായി ഇപ്പാള്‍ ലഭിക്കുന്ന 3.16 കോടി രൂപ എല്ലാ വിഭാഗങ്ങള്‍ക്കുമായി 6.41 കോടി രൂപയായി ഉയരും. ഓരോ വര്‍ഷവും 15.81 കോടി രൂപയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. 14398 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 

മുസ്ലീം വിഭാഗത്തിന് മുമ്പ് ലഭിച്ചു കൊണ്ടിരുന്ന 80 ശതമാനമെന്നത് 58.67 ശതമാനമായി കുറയുകയും മുമ്പ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന 20 ശതമാനത്തില്‍ നിന്നും 40.60 ശതമാനമായി ഉയരുകയും ചെയ്യും. 0.73 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കും. 

എന്തായാലും വിധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.എന്നാല്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും മുസ്ലീംലീഗ് അടക്കമുള്ള സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക് വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിധിയായിരിക്കും അവസാന വാക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക