Image

ഇന്ത്യയിൽ  കണ്ടെത്തിയ  ബി.1.617.2 വകഭേദം യു എസിൽ അതിവേഗം വ്യാപിക്കുന്നു 

Published on 01 June, 2021
ഇന്ത്യയിൽ  കണ്ടെത്തിയ  ബി.1.617.2 വകഭേദം യു എസിൽ അതിവേഗം വ്യാപിക്കുന്നു 

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബി.1.617.2  എന്ന വ്യാപനശേഷി കൂടിയ കോവിഡ് വകഭേദം യു എസിൽ അതിവേഗം പടരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിലെ പുതിയ കേസുകളിൽ 7  ശതമാനവും ഈ വകഭേദം മൂലമാണ്. 
യു എസിൽ മേയ് 1 ന് പ്രസ്തുത വേരിയന്റ് കൊണ്ടുണ്ടായ രോഗതോത് പുതിയ കേസുകളുടെ ഒരു ശതമാനം മാത്രമായിരുന്നു. ഒരു മാസം കൊണ്ട് വ്യാപനം കൂടിയെന്നാണ് ഡാറ്റയിൽ നിന്ന് മനസിലാകുന്നത്. ബി.1.617.2 വകഭേദത്തിന്  കോവിഡിനെക്കാൾ 60% അധിക വ്യാപനശേഷി ഉണ്ട്.
നിലവിൽ ആഗോള തലത്തിൽ ഭീഷണി ഉയർത്തുന്ന വകഭേദം ഇതാണെന്ന് കഴിഞ്ഞ ആഴ്‌ച ലോകാരോഗ്യസംഘടന വിലയിരുത്തിയിരുന്നു.
ഇന്ത്യയിൽ രണ്ടാം തരംഗം രൂക്ഷമായത് ഈ വേരിയന്റ് മൂലമാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ  ബി.1.617.2 മൂലം 28  മില്യണിലധികം രോഗബാധിതർ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം അനുസരിച്ച് ഈ വകഭേദം മൂലം 331000- ത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരങ്ങളുടെ പേര് നൽകും: ലോകാരോഗ്യസംഘടന 

ജനീവ:  കോവിഡ്  വകഭേദങ്ങളെ നാമകരണം ചെയ്യുന്നതിൽ നിലവിലുള്ള ആശങ്കയ്ക്ക് വിരാമം. ഗ്രീക്ക് അക്ഷരങ്ങളിലൂടെ വകഭേദങ്ങൾ അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന
  പ്രഖ്യാപിച്ചു.  ആദ്യം സ്ഥിരീകരിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരിൽ  വകഭേദം അറിയപ്പെടുന്നതിനെ തുടർന്ന് വംശീയ അക്രമങ്ങൾ അടക്കം നിരവധി സംഭവ വികാസങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ,  ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത് അങ്ങേയറ്റം സ്വാഗതാർഹമാണ്. രാജ്യങ്ങളുടെ പേര് കളങ്കപ്പെടുന്നത്  ഒഴിവാക്കാനും ഈ തീരുമാനം സഹായകമാകും.

ലോകാരോഗ്യസംഘടന വിളിച്ചുചേർത്ത  വിദഗ്ധസംഘമാണ് പുതിയ പേരുകൾ  ശുപാർശ ചെയ്തത്. സംഘടന നാല് വകഭേദങ്ങൾക്ക് നാമകരണം ചെയ്തു.

ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ വകഭേദത്തെ  'ആൽഫാ' എന്നും ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയതിനെ  'ബീറ്റാ ' എന്നും  ബ്രസീലിൽ  തിരിച്ചറിഞ്ഞത് 'ഗാമ' എന്നും 
 ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്  'ഡെൽറ്റ' എന്നും  അറിയപ്പെടും.

കോവിഡ് അവസാനിച്ചിട്ടില്ലെന്നും സാമൂഹിക അകലം പാലിക്കുന്നതും , കൈ കഴുകുന്നതും , മാസ്ക്  ധരിക്കുന്നതും, വാക്സിനുകൾ സ്വീകരിക്കുന്നതും ഉൾപ്പെടെ എല്ലാ മുൻകരുതലുകളും കൈക്കൊള്ളണമെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ നിർദ്ദേശിച്ചു.

സമ്പന്ന രാജ്യങ്ങൾ കൂടുതൽ അളവിൽ  വാക്സിനുകൾ വാങ്ങി  യുവാക്കളെയും ആരോഗ്യമുള്ളവരെയും കുത്തിവയ്ക്കുന്നതിനെ  ലോകാരോഗ്യ സംഘടന വിമർശിച്ചു,  ദരിദ്ര രാജ്യങ്ങളിൽ ആരോഗ്യ പരിപാലന തൊഴിലാളികൾക്കും അപകടസാധ്യതയുള്ളവർക്കും  മതിയായ ഷോട്ടുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മനുഷ്യത്വപരമായ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇനിയൊരു മഹാമാരി കൂടി ഉണ്ടായാൽ,  ലോകം പകച്ചുനിൽക്കാതെ അതിനെ മികച്ച രീതിയിൽ നേരിടാൻ  തയ്യാറാണെന്ന്  ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള  'പാൻഡെമിക് ഉടമ്പടിയുടെ' പ്രവർത്തനം  നവംബറിൽ ആരംഭിക്കുമെന്ന്  യോഗത്തിൽ പങ്കെടുക്കുന്നവർ  സമ്മതിച്ചു. അടുത്ത ആരോഗ്യ പ്രതിസന്ധിയിൽ മികച്ച സഹകരണം ഉറപ്പാക്കാൻ വേണ്ടിയാണ് ഉടമ്പടി.

യു എസിൽ പകുതിയിലേറെ ആളുകൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവധിക്കാല ഒത്തുചേരലിന് കൂടുതൽ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ 


 മെമ്മോറിയൽ ഡേ അമേരിക്കക്കാർ ആവേശപൂർവംആഘോഷിച്ചു കഴിഞ്ഞു. ജനസംഖ്യയിൽ പകുതിയിലേറെ ആളുകളും ഒരു ഡോസ് വാക്സിൻ വീതം  സ്വീകരിച്ചിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന അവധിക്കാല ഒത്തുചേരലുകൾക്ക് മുന്നോടിയായി ജനങ്ങൾ കോവിഡിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സിഡിസി യുടെ കണക്കനുസരിച്ച് അമേരിക്കയിൽ 50.5% പേർ ഒരു ഡോസ് വാക്സിൻ നേടുകയും 40.7 % ആളുകൾ വാക്സിനേഷൻ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലുള്ള അമിതമായ വിശ്വാസംകൊണ്ട് നല്ലൊരു വിഭാഗം ആളുകൾ, നിലവിൽ  സാമൂഹിക അകലം പാലിക്കുന്നില്ല. ബീച്ചിലും വിമാനത്താവളങ്ങളിലും എല്ലാം കോവിഡിന് മുൻപ് എങ്ങനെ ആയിരുന്നോ, ആ രീതിയിലെ തിരക്കാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇത്,കോവിഡിന്റെ  മറ്റൊരു കുതിപ്പിലേക്ക് കൊണ്ടെത്തിക്കുമോ എന്ന് ആരോഗ്യ വിദഗ്ധർക്ക് ആശങ്കയുണ്ട്. ജൂലൈ 4 -നുള്ളിൽ ജനസംഖ്യയുടെ 70 ശതമാനത്തിന് വാക്സിൻ ഒരു ഡോസ് വീതം നൽകണം എന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ലക്‌ഷ്യം. കൂടുതൽ പേർ വാക്സിനിലേക്ക് ആകൃഷ്ടരാകാൻ ഒഹയോ, ന്യൂയോർക്ക് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങൾ ലക്ഷക്കണക്കിന് ഡോളറുകളുടെ സമ്മാനപദ്ധതിയും ഒരുക്കിയിട്ടുണ്ട്.
അപകടനില തരണം ചെയ്തതായി കരുതി, കൂടുതൽ ഇളവുകളിലേക്ക് കടന്ന രാജ്യങ്ങളൊക്കെയും പിന്നീട് അതിന്റെ പ്രത്യാഘാതം അനുഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ-ജനറൽ ഓർമ്മപ്പെടുത്തി.
ആഗോളതലത്തിൽ കോവിഡ് കേസുകളും മരണനിരക്കും കുറഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് ഇല്ലാതായിട്ടില്ല. ഈ മഹാമാരി മനുഷ്യർക്ക് മുൻപിൽ കീഴ്‌പ്പെടാൻ അധിക സമയം കാത്തിരിക്കേണ്ടി  വരില്ലെന്ന് കരുതാമെങ്കിലും കോവിഡ് അവസാനിച്ചു എന്നമട്ടിൽ സാധാരണജീവിതത്തിലേക്ക് ഇപ്പോൾ തന്നെ കടക്കുന്നത് ദോഷം ക്ഷണിച്ചുവരുത്തും. അതുകൊണ്ട് ജാഗ്രത പുലർത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക