Image

ചെന്നിത്തലയ്‌ക്കെതിരെ പരസ്യപ്പോരിന് എ ഗ്രൂപ്പ്

ജോബിന്‍സ് തോമസ് Published on 31 May, 2021
ചെന്നിത്തലയ്‌ക്കെതിരെ പരസ്യപ്പോരിന് എ ഗ്രൂപ്പ്
 കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ഒന്നിച്ച് നിന്ന് പൊരുതുമ്പോളും ചില വിഷയങ്ങളില്‍ ഇപ്പോളും ഗ്രൂപ്പുകള്‍ അഭിപ്രായ വിത്യാസത്തില്‍ തന്നെയാണ്. ഏറ്റവുമൊടുവില്‍ രമേശ് ചെന്നിത്തല സോണിയാഗാന്ധിക്കച്ച കത്താണ് പ്രശ്‌നം. ഇതില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ചെന്നിത്തലയ്‌ക്കെതിരെ എ ഗ്രൂപ്പില്‍ പ്രതിഷേധം ശക്തമാണെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. ഈ പ്രതിഷേധം ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. 

ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായി എന്ന് ചെന്നിത്തല സോണിയാ ഗാന്ധിയോട് പരാതിപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. ഇങ്ങനെയൊരു കത്ത് അയച്ചിട്ടുണ്ടോ എന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ കെ.സി ജോസഫാണ് രംഗത്തു വന്നിരിക്കുന്നത്. ഭൂരിപക്ഷ വോട്ടല്ല പ്രതീക്ഷിച്ചതുപോലെ ന്യൂനപക്ഷ വോട്ടാണ് യുഡിഎഫിന് ലഭിക്കാതെ പോയതെന്ന ഒളിയമ്പും ജോസഫ് ചെന്നിത്തലയ്‌ക്കെതിരെ എയ്തു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും പ്രശ്‌നമുള്ള സ്ഥലങ്ങളിലെല്ലാം ഓടിയെത്തി പ്രശ്‌നം പരിഹരിച്ച് അവിടങ്ങളില്‍ വിജയം നേടിയെടുക്കാനും ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞതായി വയനാട് , ഇരിക്കൂര്‍ എന്നി സ്ഥലങ്ങളെ എടുത്തു പറഞ്ഞ് കെ.സി. ജോസഫ് സമര്‍ത്ഥിച്ചു. 

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിയെ കെട്ടിയേല്‍പ്പിക്കാനുള്ള നീക്കമാണ് ഐ ഗ്രൂപ്പ് നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് സോണിയാ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തിലെ ഈ ആരോപണമെന്നുമാണ് എ ഗ്രൂപ്പ് വാദം. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളെ പരസ്യമായി തന്നെ എതിര്‍ക്കാനാണ് ഇവരുടെ തീരുമാനം. ഇതിനാണ് ഇപ്പോള്‍ കെ.സി ജോസഫ് തുടക്കം കുറിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക