Image

സുരേഷിനെ ഇറക്കി സുധാകരന് ബ്ലോക്ക് പറയുമ്പോള്‍

ജോബിന്‍സ് തോമസ് Published on 31 May, 2021
സുരേഷിനെ ഇറക്കി സുധാകരന് ബ്ലോക്ക് പറയുമ്പോള്‍
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പുകളെ അവണിച്ച് തീരുമാനമെടുക്കുകയും തലമുറമാറ്റം എന്ന ആവശ്യം നടപ്പിലാക്കുകയും ചെയ്തപ്പോള്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ ഒതുങ്ങും എന്നു കരുതിയ ഹൈക്കമാന്‍ഡിന് തെറ്റി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി പൂര്‍വ്വാധികം ശക്തിയോടെയാണ് ഗ്രൂപ്പുകള്‍ ചരടുവലി തുടങ്ങിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് ആരാവണം എന്നതല്ല സുധാകരനായിരിക്കരുത് എന്നതു മാത്രമാണ് ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളുടെ ലക്ഷ്യം. കാരണങ്ങള്‍ പലതുണ്ട്. 

ഒന്നാമത്തെ കാരണം വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്നാവശ്യപ്പെട്ടവര്‍ തന്നെയാണ് കെ.സുധാകരനായും രംഗത്തെത്തിയിരിക്കുന്നത് എന്നതാണ്. ഇവരുടെ വാദം വിജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും പരാജയമാകും. രണ്ടാമത്തെ കാരണം വി.ഡി. സതീശനൊപ്പം സുധാകരനും കൂടി തലപ്പത്തേയ്‌ക്കെത്തിയാല്‍ പിന്നീടുള്ള കളികള്‍ ഗ്രൂപ്പുകളുടെ കോര്‍ട്ടിലായിരിക്കില്ല നടക്കുക. കാരണം നിലപാടുകളിലും തീരുമാനങ്ങളിലും ഇവര്‍ രണ്ടു പേരും ഗ്രൂപ്പുകളെ ഗൗനിയ്ക്കില്ല. മാത്രമല്ല ഇവര്‍ക്ക് താഴേത്തട്ട് മുതലുള്ള അണികളുടെ പിന്തുണയുമുണ്ട്. മൂന്നാമത്തെ കാരണം ഇനിയൊരു ഹൈക്കമാന്‍ഡ് തീരുമാനം തങ്ങള്‍ അംഗീകരിക്കില്ല എന്ന ഗ്രൂപ്പുകളുടെ വാശിയാണ്. 

കാര്യങ്ങള്‍ എ,ഐ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് ഹൈക്കമാന്‍ഡിനെ അറിയിക്കും അവര്‍ അംഗീകരിക്കും എന്ന ഈ അടുത്ത കാലം വരെയുണ്ടായിരുന്ന കീഴ്‌വഴക്കം മതി ഇനിയും എന്ന ഗ്രൂപ്പുകളുടെ വാശിയാണ് മറ്റൊരു കാരണം. മാത്രമല്ല കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തങ്ങളെ അനുസരിക്കാത്ത ഒരാളെത്തിയാല്‍ ഡിസിസി അടക്കം താഴേയ്ക്കുള്ള പുനസംഘടനകളിലും ഇതു ബാധിക്കും ഇവിടെയും ഗ്രൂപ്പുകള്‍ തഴയപ്പെടും. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലെടുത്ത നയം ഹൈക്കമാന്‍ഡ് ഇവിടെയുമെടുത്താല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളില്‍ പോലും മുന്‍കാലത്തെപ്പോലുള്ള വീതം വയ്ക്കലുകള്‍ നടക്കില്ല എന്നും ഗ്രൂപ്പുകള്‍ ഭയക്കുന്നു. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് ഗ്രൂപ്പുകള്‍ രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിനു മുതിരുന്നത്. 

സോഷ്യല്‍ മീഡിയയിലും മറ്റും അണികള്‍ സുധാകരനായി ശക്തമായി വാദിക്കുമ്പോഴും കൊടിക്കുന്നില്‍ സുരേഷിനെതിരെ പ്രതിഷേധിക്കുമ്പോഴും ഇവയെല്ലാം മറികടക്കാന്‍  ' ദളിത് ' കാര്‍ഡാണ് ഗ്രൂപ്പുകള്‍ പുറത്തെടുക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചാല്‍ അത് ദളിത് അവഗണനയായി വരുത്തി തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇത് ഹൈക്കമാന്‍ഡിനെയും ആശയക്കുഴപ്പത്തിലാക്കി കഴിഞ്ഞു. കെ. സുധാകരന്റെ പ്രായം , പ്രവര്‍ത്തന ശൈലി, തീവ്ര നിലപാട് എന്നിവയാണ് ഗ്രൂപ്പുകള്‍ എതിര്‍പ്പിനായി പറയുന്ന മറ്റു കാരണങ്ങള്‍. 

സുധാകരന് നേതൃപാടവമില്ലെന്ന വിചിത്രമായ വാദത്തിനൊപ്പം കണ്ണൂരിലെ തോല്‍വിക്ക് കാരണം സുധാകരനാണെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുണ്ട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സ്വീകരിച്ചത് പോലെ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പിണക്കിക്കൊണ്ട് ഇനിയും തീരുമാനം എടുക്കണൊ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിനും ആശങ്കയുണ്ട്.

എന്തായാലും കെ.സുധാകരനാണ് അമരത്തേയ്‌ക്കെത്തുന്നതെങ്കില്‍ ഗ്രൂപ്പുകളുടെ പ്രതിഷേധവും കൊടിക്കുന്നില്‍ സുരേഷാണ് പ്രസിഡന്റാവുന്നതെങ്കില്‍ സാധാരണക്കാരായ അണികളുടെ പ്രതിഷേധവും ഉറപ്പാണ് ഇവരില്‍ ആരുടെ പ്രതിഷേധത്തിനാണ് ഹൈക്കമാന്‍ഡ് വില നല്‍കുന്നതെന്ന്  ഈ ഒരു തീരുമാനത്തിലൂടെ അറിയാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക