Image

കോവിഡ് വാക്‌സിന്‍ : പ്രവാസികളെ ചേര്‍ത്തുനിര്‍ത്തി കേരള സര്‍ക്കാര്‍

Published on 29 May, 2021
കോവിഡ് വാക്‌സിന്‍ :  പ്രവാസികളെ ചേര്‍ത്തുനിര്‍ത്തി കേരള സര്‍ക്കാര്‍
കേരളത്തിന്റെ പ്രധാന സാമ്പത്തീക സ്രോതസ്സുകളിലൊന്നാണ് പ്രവാസിപ്പണം. അതു കൊണ്ട് തന്നെ പ്രവാസികള്‍ക്ക് ജോലി നഷ്ടമുണ്ടായാല്‍ ഇത് സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതിയെത്തന്നെ ബാധിക്കും. സംസ്ഥാനത്തിന്റെ പൊതുവായ നഷ്ടത്തിനപ്പുറം ഒരുപാട് കുടുംബങ്ങളെ  കടക്കണെയിലും കണ്ണീരിലുമാക്കുന്ന അവസ്ഥയാണ് വിദേശത്തുനിന്നുള്ള ജോലി നഷ്ടം. ഇതിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടു തന്നെ സംസ്ഥാനസര്‍ക്കാര്‍ ഉചിതമായതും അഭിനന്ദനാര്‍ഹവുമായ തീരുമാനം എടുത്തിരിക്കുകയാണ്. വിദേശത്ത് ജോലിക്കൊ പഠനത്തിനോ പോകുന്നവര്‍ക്ക് ആദ്യ ഡോസിന് മുന്‍ഗണന നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 

അപ്പോഴും രണ്ടാം ഡോസിന്റെ കാര്യത്തില്‍ നിലനിന്ന അനിശ്ചിത്വത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. വിദേശത്ത് പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനാണ് എടുക്കേണ്ടത്. ഇതിന്റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി ആദ്യ ഡോസ് എടുത്ത ശേഷം 84 ദിവസമാണ്. ചില വിദേശ രാജ്യങ്ങളില്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തശേഷമേ ജോലിക്കോ പഠനത്തിനോ പ്രവേശിക്കാനാവൂ. ഇതിനാല്‍ തന്നെ രണ്ടാം ഡോസിനായുള്ള മൂന്നുമാസത്തോളം വരുന്ന കാത്തിരിപ്പ് പലരുടേയും ജോലി നഷ്ടമാക്കുകയും ഒപ്പം പഠനത്തിന് ലഭിച്ച അഡ്മിഷന്‍ നഷ്ടമാകാനും കാരണമാകും. 

ഈ സാഹചര്യത്തിലാണ് വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ക്ക് ആദ്യ ഡോസിന് ശേഷം നാല് മുതല്‍ ആറ് ആഴ്ച്ചയ്ക്കകം രണ്ടാമത്തെ ഡോസ് എടുക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി പുതിയ സര്‍ട്ടിഫിക്കറ്റും നല്‍കും അതാത് ജില്ലകളിലെ ഡിഎംഒ മാര്‍ക്കാണ് ഇതിന്റെ ചുമതല. ഇന്ത്യയിലെ കോവിഷാല്‍ഡ് വാക്‌സിന്‍ വിദേശത്ത് അസ്ട്രാസെനക് എന്നാണ് അറിയപ്പെടുന്നത്. ഇതിനാല്‍ തന്നെ അസ്ട്രാനെക് എന്ന പേരുകൂടി പ്രവാസികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തും. നിലവില്‍ വാക്‌സിനുമായി ബന്ധപ്പെട്ട കോവിന്‍ വെബ്‌സൈറ്റില്‍ കോവീഷീല്‍ഡ് ആദ്യ ഡോസ് എടുത്തശേഷം 84 ദിവസം കഴിഞ്ഞാലെ രണ്ടാം ഡോസ് രേഖപ്പെടുത്താനും സര്‍ട്ടിഫിക്കറ്റ് എടുക്കാനുമാവൂ ഇതിനാലാണ് രണ്ടാം ഡോസ് നേരത്തെയെടുക്കുന്ന പ്രവാസികള്‍ക്കായി പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

എന്തായാലും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഏറെ കൈയ്യടി നേടിയിരിക്കുകയാണ്. പ്രവാസികള്‍ക്കുള്ള വാക്‌സിന്‍ നയത്തില്‍ അനുകൂലമായി മാറ്റങ്ങള്‍ വരുത്തിയതോടെ ആശങ്കയിലായിരുന്ന ഏറെ പ്രവാസികള്‍ക്കാണ് ഇത് ആശ്വാസമായി മാറിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക