Image

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കെ. സുധാകരനായി നീക്കങ്ങള്‍ ശക്തം

ജോബിന്‍സ് തോമസ് Published on 27 May, 2021
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കെ. സുധാകരനായി നീക്കങ്ങള്‍ ശക്തം
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ കെപിസിസി പ്രസിഡന്റിനായി കേരളത്തിലും കേന്ദ്രത്തിലും ചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷ നേതൃ സ്ഥാനത്തേയ്ക്ക് വിഡി സതീശനെ പിന്തുണച്ചവര്‍ അധികവും കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റാകട്ടെ എന്ന നിലപാടിലാണ്. ഹൈക്കമാന്‍ഡ് സമിതികള്‍ക്ക് മുമ്പില്‍ ഇവര്‍ സുധാകരനായി ശക്തമായി വാദിക്കുന്നുണ്ടെന്നാണ് വിവരം.

കണ്ണൂരില്‍ സിപിഎമ്മിനോട് പടവെട്ടി പാര്‍ട്ടിയെ തളരാതെ കാക്കുന്നത് സുധാകരനാണെന്നാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന വാദം. മാത്രമല്ല വിഡി സതീശന് പൂര്‍ണ്ണ പിന്തുണ കൊടുത്ത് മുന്നോട്ട് പോകാന്‍ ഗ്രൂപ്പ് നോമിനികള്‍ക്ക് കഴിയില്ലെന്നും ഇവര്‍ പറയുന്നു. ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തമായി നിലപാട് എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് സുധാകരനെന്നാണ് സുധാകര പക്ഷത്തിന്റെ മറ്റൊരു വാദം. 

ഇത്രയും നാള്‍ എഐ ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന നേതാക്കള്‍ തന്നെയാണ് ഗ്രൂപ്പ് പരിഗണനകളില്ലാതെ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിക്കാന്‍ മുഖ്യപങ്ക് വഹിച്ചത്. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഏറണാകുളം ലോബി ശക്തമായി ഇതാനായി വാദിച്ചിരുന്നു. ഇരുവിഭാഗത്തിലേയും സമാന അഭിപ്രായവും പരാജയത്തില്‍ അതൃപ്തിയുമുള്ള നേതാക്കള്‍ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും തള്ളി ഒരു കുടക്കീഴില്‍ വരുന്നു എന്നതും ശ്രദ്ധേയമാണ് ജനപ്രതിനിധികള്‍ അടക്കമുള്ള ഈ നേതാക്കളാണ് സുധാകരന് വേണ്ടി വാദിക്കുന്നത് ഇത് പാര്‍ട്ടിക്ക് വളരെ വേഗത്തില്‍ തള്ളിക്കളയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സതീശനെ പരിഗണിച്ച രീതികള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ സുധാകരന്‍ തന്നെ കെപിസിസ നേതൃസ്ഥാനത്തെത്തും എന്നുറപ്പാണ്. 

 എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ട് പോയ സ്ഥിതിക്ക് കെപിസിസി പ്രസിഡന്റ് പദമെങ്കിലും തങ്ങളുടെ നോമിനിയുടെ കൈയ്യില്‍ എത്തിക്കാനാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് ലഭിക്കട്ടെയെന്ന് ചെന്നിത്തലയും സമ്മതിച്ച കാര്യമാണ് ഈ ധാരണയുടെ പുറത്തായിരുന്നു ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്കായി ശക്തമായി വാദിച്ചത്. കെസി ജോസഫ് , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹന്നാന്‍ ഇവരുടെ പേരുകളാണ് എ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യമായി ആരുടേയും പേര് നിര്‍ദ്ദേശിക്കില്ല. ഇങ്ങനെ നിര്‍ദ്ദേശിച്ച് തള്ളിയാല്‍ അത് തിരിച്ചടിയാകും അതുകൊണ്ട് തന്നെ തങ്ങള്‍ക്കൊപ്പമുള്ള നേതാക്കളിലൂടെ ഹൈക്കമാന്‍ഡില്‍ താത്പര്യമുള്ളവരുടെ പേരെത്തിക്കാനായിരിക്കും ഇവര്‍ ശ്രമിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക