Image

അറസ്റ്റിലായപ്പോള്‍ പുറത്ത് വരുന്നത് അധ്യാപകന്റെ ലീലാവിലാസങ്ങള്‍

ജോബിന്‍സ് തോമസ് Published on 26 May, 2021
അറസ്റ്റിലായപ്പോള്‍ പുറത്ത് വരുന്നത് അധ്യാപകന്റെ ലീലാവിലാസങ്ങള്‍
മാതാ പിതാ ഗുരു ദൈവം എന്നാണ് ഭാരതീയദാര്‍ശങ്ങള്‍ പറഞ്ഞു തരുന്നത്. എന്നാല്‍ ഈ സ്ഥാനം ഒരധ്യാപകന്‍ മനസ്സിലാക്കാതെ വന്നാല്‍ എത്രത്തോളം അധപതിക്കുമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. എ.ആര്‍ റഹ്‌മാനടക്കം തമിഴ്‌നാട്ടിലെ പല പ്രമുഖരും പഠിച്ച ചെന്നൈയിലെ പദ്മശേഷാദ്രി സ്‌കൂളിലെ പ്ലസ് ടൂ അധ്യാപകനായ രാജഗോപാലനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 

സ്‌കൂളിലെ പെണ്‍കുട്ടികളക്കമുള്ളവര്‍ക്ക് ഓണ്‍ലെന്‍ ക്ലാസ് എടുക്കാന്‍ ഇയാള്‍ ഓണ്‍ലൈനിലെത്തിയത് തോര്‍ത്ത് മാത്രമുടുത്തായിരുന്നു. സംഭവം വിവാദമായപ്പോളാണ് അറസ്റ്റ് നടന്നത്. അര്‍ദ്ധനഗ്നനായി അധ്യാപകന്‍ ക്ലാസെടുക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു പെണ്‍കുട്ടി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മോഡലുമായ കൃപാലിക്ക് അയച്ച് കൊടുക്കുകയായിരുന്നു.

ഇത് സോഷ്യല്‍ മീഡിയില്‍ വൈറലാവുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് പോലീസ് വീട്ടിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി എത്തിയതോടെയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ ഇയാള്‍ക്ക് സംഭവിച്ചത് അബദ്ധമല്ലെന്നും പെണ്‍കുട്ടികളെ ശല്ല്യം ചെയ്യുന്നത് സ്ഥിരം കലാപരിപാടിയായിരുന്നെന്നും പുറം ലോകം അറിയുന്നത്. 

പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണിലേയ്ക്ക് പോണ്‍ സൈറ്റുകളുടെ ലിങ്ക് അയച്ചു കൊടുക്കുക, ഇത് കാണാന്‍ പ്രേരിപ്പിക്കുക, പുറത്ത് പറഞ്ഞാല്‍ മാര്‍ക്ക് കുറച്ച് തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക ഇതൊക്കെയായിരുന്നു ഇയാളുടെ തൊഴില്‍.

അവധി ദിവസങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറങ്ങാന്‍  പോവാന്‍ ഇയാള്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചിരുന്നതായും പരാതി ഉണ്ട്. മുമ്പ് ചില കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന പരാതിയുമുണ്ട്. ഇപ്പോള്‍ പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക