Image

ഡോ.കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

Published on 25 May, 2021
ഡോ.കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.   നിലവില്‍ കിഫ്ബി സി ഇ ഒ ആണ് കെ എം എബ്രഹാം. കിഫ്ബി അഡീഷണല്‍ സി ഇ ഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു.

 1982 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഡോ. കെ എം എബ്രഹാം. കേരള സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെകും കാണ്‍പൂര്‍ ഐ ഐ ടിയില്‍നിന്ന് എം ടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ എബ്രഹാം 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു.

അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സി എം.രവീന്ദ്രന്‍ തന്നെ തുടരും. സി എം രവീന്ദ്രന്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സി എം രവീന്ദ്രനെ ചോദ്യം ചെയ്‌തിരുന്നു.

എ.രാജശേഖന്‍ നായര്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാകും. ദിനേശ് ഭാസക്കര്‍, പി ഗോപന്‍ എന്നിവരും അഡിഷണല്‍പ്രൈവറ്റ് സെക്രട്ടറിമാരാകും.

ഇതിനിടെ, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.  മാധ്യമ ഉപദേഷ്ടാവായിരുന്ന എന്‍. പ്രഭാവര്‍മ്മയെ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി നിയമിച്ചു.ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം.  മുന്‍ രാജ്യസഭാംഗം കെ.കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തെ നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു.

ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയിരിക്കുന്നത്. 

പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരന്‍ നായര്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. സിഎം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്. വിഎം സുനീഷാണ് പേഴ്സണല്‍ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണല്‍ പിഎയാണ്.

അതേസമയം, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി രാമചന്ദ്രന്‍ നായരെ നിയമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക