Image

എട്ടുകോടി തട്ടിയ സംഭവം; ഉദ്യോഗസ്ഥര്‍ സീറ്റില്‍നിന്നു മാറുമ്പോള്‍ തട്ടിപ്പ്

Published on 18 May, 2021
എട്ടുകോടി തട്ടിയ സംഭവം; ഉദ്യോഗസ്ഥര്‍ സീറ്റില്‍നിന്നു മാറുമ്പോള്‍ തട്ടിപ്പ്
പത്തനംതിട്ട : തട്ടിപ്പിനെത്തുടര്‍ന്ന് ഫെബ്രുവരി 14ന് കാനറ ബാങ്ക് നല്‍കിയ പരാതിയിലാണ് വിജീഷ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്.2002 മുതല്‍ 2017 ജൂലൈ വരെ നേവിയില്‍ പെറ്റി ഓഫിസറായിരുന്ന വിജീഷ് വിരമിച്ച ശേഷം 2017 സെപ്റ്റംബറിലാണ് കൊച്ചിയില്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രബേഷനറി ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് പല ശാഖകളില്‍ ജോലി ചെയ്ത ശേഷം പത്തനംതിട്ട ശാഖയില്‍ എത്തി.

2019 ഏപ്രില്‍ 1ന് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിച്ചു.ഇവിടെ സ്ഥിരനിക്ഷേപങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വിജീഷ് ആയിരുന്നു. കാലാവധിയുള്ള ഡിപ്പോസിറ്റുകള്‍ കണ്ടെത്തി, മേല്‍ ഉദ്യോഗസ്ഥന്‍ സീറ്റില്‍നിന്നു മാറുന്ന സമയത്ത് അനുമതി നല്‍കി പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബാങ്കിലെ സിസിടിവിയില്‍നിന്ന് ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

പല ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ മിടുക്കനായിരുന്നു പ്രതി. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളുടെ ഉടമകള്‍ അന്വേഷിച്ചുവരുമ്പോള്‍ മേലുദ്യോഗസ്ഥരെ അറിയിക്കാതെ കരുതല്‍ അക്കൗണ്ടില്‍നിന്നു (പാര്‍ക്കിങ് അക്കൗണ്ട്) പുതുതായി ഫിക്സഡ് അക്കൗണ്ട് തുടങ്ങി പണം കൈമാറ്റം ചെയ്താണ് പ്രശ്നം പരിഹരിച്ചിരുന്നത്. ഇതിനായി പല അക്കൗണ്ടുകളും ക്ലോസ് ചെയ്ത് കരുതല്‍ അക്കൗണ്ടില്‍ പണം സൂക്ഷിച്ചിരുന്നു. അവകാശികളില്ലാത്ത സേവിങ്സ് അക്കൗണ്ടുകളിലും കൃത്രിമം നടന്നു. വാഹനാപകട ക്ലെയിം ഇനത്തില്‍ ബാങ്കിലെത്തിയ പണവും പ്രതി മാറ്റി.

ഫെബ്രുവരി 11ന് കാനറ ബാങ്കിലെ മറ്റൊരു ജീവനക്കാരന്‍, തന്റെ ഭാര്യയുടെ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്തതായി കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍, കുറ്റം സമ്മതിച്ച ഇയാള്‍ പണം തിരികെ അടച്ച് പ്രശ്നം പരിഹരിക്കാമെന്നു സമ്മതിച്ചു ബാങ്കില്‍ നിന്നു പോയശേഷം മുങ്ങുകയായിരുന്നു.

പ്രതി ബെംഗളൂരുവില്‍ ഉണ്ടെന്നുറപ്പിച്ചതോടെ 3 ദിവസം മുന്‍പാണ് പത്തനംതിട്ടയില്‍നിന്നുള്ള പൊലീസ് സംഘം അവിടെയെത്തിയത്. ഒരാഴ്ച മുന്‍പ് വിജീഷ് കൊല്ലത്ത് വന്നുപോയെന്നും ചില ബന്ധുക്കളെ ഫോണില്‍ വിളിച്ചെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കര്‍ണാടകയില്‍ ലോക്ഡൗണ്‍ ആയതിനാല്‍ ലോക്കല്‍ പൊലീസിന്റെ സഹായം തേടിയിരുന്നു. വാടകവീട്ടില്‍ കഴിയുന്നത് വിജീഷും കുടുംബവുമാണെന്ന് ഉറപ്പിച്ച ശേഷം പിടികൂടുകയായിരുന്നു.14 മാസം കൊണ്ട് 191 ഇടപാടുകള്‍ വഴി 8,13,64,539 രൂപയാണ് വിജീഷ് തട്ടിയെടുത്തത്. കാലാവധി പൂര്‍ത്തിയായിട്ടും പിന്‍വലിക്കാത്ത സ്ഥിര നിക്ഷേപങ്ങളില്‍ നിന്നാണ് പ്രധാനമായും പണം അപഹരിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക