Image

സര്‍ക്കാരിന്റെ വീഴ്ചകള്‍ കോവിഡ് സാഹചര്യം ഗുരുതരമാക്കി; രാജ്യവ്യാപകമായ ലോക്ഡൗണ്‍ അനിവാര്യം: പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Published on 07 May, 2021
സര്‍ക്കാരിന്റെ വീഴ്ചകള്‍ കോവിഡ് സാഹചര്യം ഗുരുതരമാക്കി; രാജ്യവ്യാപകമായ ലോക്ഡൗണ്‍ അനിവാര്യം: പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്


ന്യൂഡല്‍ഹി: കോവിഡ് 19നെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന് വ്യക്തമായ ഒരു വാക്സിനേഷന്‍ പദ്ധതി ഇല്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായ ലോക്ഡൗണ്‍ അനിവാര്യമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ പദ്ധതിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. കോവിഡ് പ്രതിരോധത്തിനും വാക്സിനേഷനുമുള്ള വ്യക്തവും ഉചിതവുമായ പദ്ധതി കേന്ദ്രസര്‍ക്കാരിന് ഇല്ല. കോവിഡ് രാജ്യത്ത് അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും വൈറസിനെ രാജ്യം അതിജീവിച്ചെന്ന അമിതാത്മവിശ്വാസം പ്രകടിപ്പിച്ചതും ഇന്ത്യയെ ഇന്നത്തെ ഗുരുതര സ്ഥിതിയിലേക്കെത്തിച്ചു. ഇപ്പോള്‍ നമ്മുടെ എല്ലാ സംവിധാനങ്ങളെയും മറികടന്ന് രോഗം സ്ഫോടനാത്മകമായി വളരുകയാണ്. മഹാമാരി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ പരാജയം മറ്റൊരു ലോക്ക്ഡൗണ്‍ അനിവാര്യമാക്കിയിരിക്കുന്നു., രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കോവിഡ് സുനാമി നിയന്ത്രിക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാന്‍ നിര്‍ബന്ധിതനായത്. ഇത്തരമൊരു അഭൂതപൂര്‍വമായ പ്രതിസന്ധിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ ആയിരിക്കണം പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ താങ്കളുടെ എല്ലാ അധികാരവും ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.- രാഹുല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക