-->

EMALAYALEE SPECIAL

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

Published

on

സ്ഥാനാർത്ഥികൾക്കെന്ന പോലെ, സജീവമായി പിന്തുണയ്ക്കുന്നവർക്കും പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും തിരഞ്ഞെടുപ്പ് പ്രചരണം ഒരുപോലെ ആനന്ദവും  ആവേശവും പകരുമെന്നതിൽ സംശയമില്ല. പ്രചാരണത്തിന്റെ  ഭാഗമായപ്പോൾ എനിക്കും അതുതന്നെ  അനുഭവപ്പെട്ടു. സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിച്ചതിന് പുറമേ,  വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളും കാഴ്ചപ്പാടുകളുമുള്ള ആളുകളുമായി സംവദിക്കാനും അവസരമുണ്ടായി. മുതിർന്ന നേതാക്കളോടൊപ്പം ഇരുന്ന്, രാഷ്ട്രീയ  വീക്ഷണങ്ങളും ആശയങ്ങളും  പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഹൃദയത്തോട് ചേർന്നുനിൽക്കുന്നത്.

പ്രൊഫസർ പി. ജെ. കുര്യനുമായി സമയം ചിലവഴിക്കാൻ കഴിഞ്ഞത്  അത്തരത്തിൽ വിലമതിക്കാനാകാത്ത അനുഭവമാണ്. കേരളത്തിലേക്കുള്ള യാത്രകളിൽ ഞാൻ പലപ്പോഴും അദ്ദേഹത്തെ  സന്ദർശിക്കാറുണ്ട്. അപ്പോഴൊക്കെയും  പരാതികൾ സമർപ്പിക്കാനെത്തുന്നവരുടെയും പലവിധ ശുപാർശകൾ  തെറ്റി വരുന്നവരുടെയും തിരക്കുണ്ടാകുന്നതുകൊണ്ട്  ഒരുപാട് നേരം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇത്തവണ വലിയ ആൾക്കൂട്ടമൊന്നും വീടിന് മുൻപിൽ ഉണ്ടായിരുന്നില്ല. ഒരു പ്രാദേശിക ആശുപത്രിയിൽ  ഐസിയു കിടക്ക സജ്ജീകരിക്കുന്നതിന്  അദ്ദേഹത്തിന്റെ സഹായം തേടിയെത്തിയ കുറച്ച് ആളുകളെ  മാത്രമേ അവിടെ കണ്ടുള്ളു. ചുറ്റുവട്ടത്തെ  സമ്പന്നരായ  ഇടവകക്കാരിൽ നിന്ന് ഇതിനായി ഫണ്ട് സ്വരൂപിക്കാമായിരുന്നില്ലേ എന്ന്  അദ്ദേഹം അവരെ ഉപദേശിക്കുന്നത് കേട്ടു. കേരളത്തിലെ ഒരു പ്രവണതയാണത്. ഏതെങ്കിലും പ്രോജക്ട് തുടങ്ങുമ്പോൾ,  വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്നതിനെക്കുറിച്ചേ നമ്മുടെ ആളുകൾ ചിന്തിക്കൂ. കേരളത്തിൽ തന്നെ നമുക്കുചുറ്റും ഒരുപാട് സമ്പന്നരുണ്ട്, കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള സ്വന്തം നാട്ടുകാരോട് സഹായം ചോദിക്കാൻ മറന്നിട്ടാണ് ഇക്കൂട്ടർ എല്ലായ്‌പോഴും ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക്   തിരിയുന്നത്.

ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ഞാൻ  സംഭാഷണം ആരംഭിച്ചത്. നന്ദി പറഞ്ഞ ശേഷം, ജന്മദിനം ആഘോഷിക്കുന്നതിലൊന്നും അത്ര തല്പരനല്ലെന്ന്  അദ്ദേഹം  തനതുശൈലിയിൽ പ്രതികരിച്ചു, മാതൃഭൂമി  പത്രത്തിലെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും  80-ാം ജന്മദിനത്തെക്കുറിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചതായും പറഞ്ഞു.  1941 മാർച്ച് 31 ന് പടുതോട് പള്ള
ത്ത്  പി ജി ജോസഫിന്റെയും  റേച്ചലമ്മയുടെയും  മകനായി ജനിച്ച അദ്ദേഹം ,1980 മുതൽ 1999 വരെ ആറ് തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2005 മുതൽ 2018 വരെ രാജ്യസഭാംഗം. 2012-18 കാലയളവിൽ രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർമാനായിരുന്നു.  രണ്ടുതവണ  കേന്ദ്രമന്ത്രിയായി. വ്യവസായം, ഊർജ്ജകാര്യം, വാണിജ്യം എന്നീ  വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം, ലോക്സഭയിൽ രണ്ടുതവണ കോൺഗ്രസ് പാർട്ടിയുടെ  ചീഫ് വിപ്പ്  ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിഷ്പക്ഷമായി തുറന്ന  മനസ്സോടെ ഏത് വിഷയത്തെയും സമീപിച്ചുകൊണ്ട് കാര്യങ്ങൾ വിലയിരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള അനിതരസാധാരണമായ കഴിവിന്റെ പേരിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും അദ്ദേഹം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്കുള്ള  അദ്ദേഹത്തിന്റെ നാമനിർദ്ദേശം, കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ സ്വീകാര്യമായതും ഈ കാരണം കൊണ്ടാണ്. ബിജെപിയുടെ വീക്ഷണങ്ങൾക്ക്  അനുകൂലമായ സമീപനം കൈക്കൊണ്ടതിന്റെ പേരിൽ ചില സമയങ്ങളിൽ അദ്ദേഹത്തിനുനേരെ  വിമർശകർ ആഞ്ഞടിച്ചിട്ടുണ്ട്.

രാജ്യസഭയുടെ പ്രിസൈഡിങ് ഓഫീസർ എന്ന നിലയിൽ അദ്ദേഹം ചെയ്തതാണ് ശരിയെന്ന് വസ്തുനിഷ്ഠമായി  വിശകലനം ചെയ്‌താൽ മനസ്സിലാകും. സ്വന്തം പാർട്ടിയോടുള്ള  ചായ്‌വോ വിധേയത്വമോ തന്റെ തീരുമാനത്തിൽ നിഴലിക്കുന്നത്  തെറ്റാണെന്ന് അദ്ദേഹം വ്യക്തമായി മനസ്സിലാക്കിയിരുന്നു.
 ഇരുപാർട്ടികൾക്കിടയിൽ  അഭിപ്രായ ഭിന്നത കൊടുംപിരി കൊള്ളുന്ന അവസരങ്ങളിൽ, രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ അനുരഞ്ജന ശ്രമങ്ങൾ പ്രശംസനീയമാണ്. വകുപ്പ് മന്ത്രിയെയും പ്രതിപക്ഷത്തെയും വിളിച്ചുവരുത്തി ചർച്ച നടത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള പ്രത്യേക വൈഭവം അദ്ദേഹം പലകുറി പ്രകടിപ്പിച്ചിട്ടുണ്ട്.

നെഹ്‌റൂവിയൻ പ്രത്യയശാസ്ത്രത്തോടും ഗാന്ധിയൻ തത്വങ്ങളോടുമുള്ള തന്റെ പ്രതിബദ്ധത കൊണ്ടാണ്  ബിജെപി ഉന്നത പദവികൾ  വാഗ്ദാനം ചെയ്ത  അവസരങ്ങളിലെല്ലാം അദ്ദേഹമത് നിരസിച്ചത്.

പ്രൊഫസർ കുര്യനിൽ  എന്നെ ഏറ്റവും ആകർഷിച്ച ഘടകം, രാഷ്ട്രം അഭിമുഖീകരിക്കുന്ന ഏത് വിഷയവും ചർച്ച ചെയ്യാനുള്ള അദ്ദേഹത്തിന്റെ  കഴിവുതന്നെയാണ്. വളവും തിരിവുമില്ലാതെ നേരെ മനസ്സിൽ വരുന്ന കാര്യങ്ങൾ അദ്ദേഹം തുറന്നു പറയും. കേരളത്തിലെ  മിക്ക രാഷ്ട്രീയ നേതാക്കളും, നമ്മൾ പറയുന്നത് കേൾക്കുന്നുവെന്ന് നടിക്കുകയും  തല കുലുക്കുകയും ചെയ്തുകൊണ്ട് മറ്റു കാര്യങ്ങളിൽ വ്യാപൃതരാകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, പ്രൊഫ. കുര്യനിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് എനിക്ക് ഉണ്ടായത്. നമ്മൾ പറയുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കുകയും കൃത്യമായി പ്രതികരിക്കുകയും ചെയ്യുന്ന അദ്ദേഹവുമായി സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല. തർക്കിക്കേണ്ട ഇടങ്ങളിൽ തർക്കിച്ചും നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചും പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അംഗീകരിച്ചും ഗൗരവപൂർവമാണ് ഓരോ വാക്കും അദ്ദേഹം ശ്രവിക്കുന്നത്.

തിരഞ്ഞെടുപ്പിനെക്കുറിച്ച്  ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായി. അധികാരത്തിനായി മത്സരിക്കുന്ന രണ്ട് ഗ്രൂപ്പുകളല്ലാതെ കേരളത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ കോൺഗ്രസിനെ കാണാൻ കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. താൻ കൂടി അംഗമായ തിരഞ്ഞെടുപ്പ് കമ്മിറ്റിയെക്കുറിച്ചൊരു  ഉദാഹരണവും  അദ്ദേഹം കൂട്ടിച്ചേർത്തു . സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു മീറ്റിംഗും കമ്മിറ്റി നടത്തിയിരുന്നില്ലത്രെ!
'നിങ്ങൾ കോന്നി എടുത്താൽ , ഞങ്ങൾക്ക് ആറന്മുള വേണം' എന്ന മട്ടിൽ ഗ്രൂപ്പുനേതാക്കൾ ബാലിശമായി സ്ഥാനാർത്ഥികളെ തീരുമാനിച്ച് ജനങ്ങളെ മണ്ടന്മാരാക്കുക ആയിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യസഭയിൽ ഒരിക്കൽ കൂടി സീറ്റ് ലഭിക്കാത്തതിന്റെ നിരാശ അദ്ദേഹത്തിനുണ്ടായിരിക്കാം. ലഭിച്ചിരുന്നെങ്കിൽ,  ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ തുടർച്ചയായി നിഷ്പക്ഷമായ  പ്രകടനം കാഴ്ചവച്ചതിന്റെ പേരിൽ അദ്ദേഹത്തിന്  പിന്തുണ ലഭിക്കുമായിരുന്നു. അദ്ദേഹം മുൻപ് നടത്തിയ ഒരു  പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്  രാജ്യസഭാ സീറ്റ് നഷ്ടമാകാനുള്ള ഒരു  കാരണം. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഭാവി കണക്കിലെടുക്കുമ്പോൾ, രമേശ് ചെന്നിത്തല അടുത്ത നേതാവും മുഖ്യമന്ത്രിയുമാകുവാൻ യോഗ്യനാണെന്ന് പ്രൊഫസർ ഒരിക്കൽ പറഞ്ഞു. അക്കാലത്ത് പാർട്ടിയിൽ  കരുത്തനായിരുന്ന  ഉമ്മൻ ചാണ്ടിക്ക്  അത്തരമൊരു പ്രസ്താവന അരോചകമായി തോന്നിയിരിക്കുമെന്നത്  വ്യക്തമാണ്.

ഡൽഹിയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് കുര്യനെ  വിദഗ്ധമായി ഒഴിവാക്കാൻ കോൺഗ്രസ് (എ) ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന്  അടിയന്തിരനീക്കം ഉണ്ടാകാനും ഇത്  ഇടയാക്കി. ഗ്രൂപ്പിന്റെ  താത്പര്യങ്ങൾ സംരക്ഷിക്കുന്നവർക്കായിരുന്നു മുൻഗണന. കുര്യന്റെ  രാജ്യസഭാ സീറ്റിന്റെ  കാലാവധി അവസാനിക്കുമ്പോൾ, വീണ്ടും അവസരം നല്കാതിരിക്കാനുള്ള കരുക്കൾ അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് കാബിനറ്റ് പദവിയിൽ എത്തിച്ചേരുകയും  ഭരണകക്ഷിയുമായി ഫലപ്രദമായ ബന്ധം ഊട്ടി ഉറപ്പിക്കുകയും ചെയ്ത ഒരേയൊരു നേതാവായിരുന്നു അദ്ദേഹം എന്നതുപോലും തുണച്ചില്ല.

കോട്ടയത്തു നിന്ന് ലോക്സഭയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മണിയെക്കൊണ്ട് രാജിവയ്‌പിച്ച് , വരാനിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക്  മത്സരിക്കാൻ കേരള കോൺഗ്രസ് (എം) യുമായി ചേർന്ന് ഈ സമയം ഗൂഢാലോചന നടന്നു.

ആരോഗ്യമോ മറ്റ് പ്രശ്നങ്ങളോ അലട്ടുന്നു എന്ന കാരണം കൊണ്ടല്ലാതെ,  തിരഞ്ഞെടുക്കപ്പെട്ട ഒരു ലോക്സഭാ അംഗം രാജിവച്ച് ഒരു വർഷമോ അതിൽ കൂടുതലോ സീറ്റ് ഒഴിച്ചിടുന്നത് ന്യായമല്ല. ജനങ്ങൾ അയാളിൽ അർപ്പിച്ച വിശ്വാസ്യതയെ ആ പ്രവൃത്തി പ്രതിക്കൂട്ടിൽ നിർത്തും. ജനങ്ങളെ സേവിക്കുന്നതിന് പ്രാധാന്യം കല്പിക്കുന്ന ഒരു പ്രതിനിധി അങ്ങനൊരു നിലപാട് കൈക്കൊള്ളില്ല എന്നത് മറ്റൊരു കാര്യം.

ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെ മാനിക്കുന്നതിനേക്കാൾ കുര്യനെ പുറത്താക്കുക എന്ന  അവരുടെ നിക്ഷിപ്ത താല്പര്യമാണ്  പ്രധാനമെന്നു  വ്യക്തം. ജോസ് കെ മണിക്ക് ഈ ആശയത്തോട് ആദ്യം വലിയ ഭ്രമമൊന്നും തോന്നിയിരുന്നില്ലെങ്കിലും, ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾക്കു വേണ്ടി ആ വഴിയേ സഞ്ചരിക്കാൻ നിർബന്ധിതനാവുകയായിരുന്നെന്ന്  അന്ന് പരക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പ്രൊഫ. പി.ജെ. കുര്യന് എന്തുകൊണ്ടാണ് സീറ്റ് നിഷേധിക്കേണ്ടതെന്ന് ഹൈക്കമാൻഡ് ചോദിച്ചപ്പോൾ അവസാന പഴുതും അടച്ചുകൊണ്ടുള്ള മറുപടി ഒരുങ്ങിക്കഴിഞ്ഞിരുന്നു.  രാജ്യസഭയിലേക്ക് കുര്യന് ഒരു സീറ്റ് നൽകുന്നതാണോ  കേരള കോൺഗ്രസിന്റെ (എം) സഹായത്തോടെ ആറ് ലോക്സഭാ സീറ്റുകൾ നേടുന്നതാണോ വേണ്ടതെന്ന  മറുചോദ്യത്തിൽ ഹൈക്കമാൻഡ് ഫ്ലാറ്റ്.  നരേന്ദ്ര മോദിക്കെതിരെ    ഓരോ സീറ്റും നിർണായകമായ   സാഹചര്യത്തിൽ ഹൈക്കമാൻഡിന് മറ്റു നിർവ്വാഹമില്ലായിരുന്നു.

ഇപ്പോൾ ചരിത്രം മാറി. അതെ ജോസ് കെ മണി വീണ്ടും രാജ്യസഭയിൽ നിന്ന് രാജിവെക്കുക മാത്രമല്ല, കൂടുതൽ സാധ്യതയുള്ള മേച്ചിൽപ്പുറങ്ങൾ തേടിക്കൊണ്ട്  യുഡിഎഫിനെ  ഉപേക്ഷിക്കുകയും ചെയ്തു.

കോൺഗ്രസ് പാർട്ടിയിലെ ചിലരുടെ  പതനം അവരുടെ അപക്വമായ നിലപാടുകളിൽ നിന്ന് മുൻകൂട്ടി അറിയാൻ കുര്യന് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ശാശ്വതമായ സൗഹൃദമോ ആജന്മ ശത്രുതയോ ഇല്ലെന്നും അപ്പപ്പോഴുള്ള താല്പര്യങ്ങൾ നേടിയെടുക്കുന്നതിന് മാത്രമാണ് പ്രാധാന്യമെന്നും വീണ്ടും തെളിയുന്നു. ഇന്നലെ എതിർത്തവർ തമ്മിൽ നാളെ തോളിൽ കയ്യിട്ട് നടന്നെന്നു വരാം. ആവശ്യത്തിന്  ഉപകരിച്ചവനെ നിഷ്കരുണം തള്ളിപ്പറഞ്ഞാലും അതിശയിക്കാനില്ല. രാഷ്ട്രീയം നെറികെട്ട ഒരു കളിയായി മാറി. ചാണക്യതന്ത്രങ്ങൾ കൃത്യമായി പയറ്റുന്നവർക്കാണിവിടെ വിജയം.

പ്രൊഫ. കുര്യനെ സംബന്ധിച്ച്‌  ഖേദിക്കേണ്ട കാര്യമേയില്ല. അധികാരത്തിന്റെയും പദവിയുടെയും ഉയരങ്ങളിലേക്ക് അദ്ദേഹം എത്രയോ തവണ കൊതിതീരെ പറന്നു. ആ അവസരങ്ങൾ സമ്മാനിച്ച  കോൺഗ്രസ് പാർട്ടിയോട് അദ്ദേഹം കടപ്പെട്ടിരിക്കും.

ഇലക്ഷന് മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ, അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കാലെടുത്തുവച്ചിരുന്നെങ്കിൽ കൂടി, ആലസ്യം ഗ്രസിച്ചിരുന്നില്ല. അടുത്തുള്ള ആശുപത്രികളിൽ  ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കുന്നതിനും, ദരിദ്രരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ  സൗകര്യങ്ങൾ ഒരുക്കുന്നതിനും അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് രാജീവ് ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

യുഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന  വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. അടുത്തുള്ള നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിനിറങ്ങുകയും  വോട്ട് അഭ്യർത്ഥിക്കുകയും  ചെയ്യുന്നത് കണ്ടപ്പോൾ,  അദ്ദേഹത്തിലെ  യോദ്ധാവിന്റെ മനോഭാവത്തെ പ്രായം തെല്ലും ബാധിച്ചിട്ടില്ലല്ലോ എന്ന് ഞാൻ അത്ഭുതം കൂറി.

എൺപതിന്റെ നിറവിലും , പ്രൊഫസർ കുര്യനെ രാഷ്ട്രീയകേരളത്തിന് ആവശ്യമുണ്ട്.

Facebook Comments

Comments

  1. M. A. ജോർജ്ജ്

    2021-05-08 03:53:52

    ലേഖനത്തിൽ ജോസ് K. മാണി രാജ്യസഭാ സ്ഥാനം രാജി വെച്ച് പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടി UDF വിട്ടു പോയി എന്നെഴുതിക്കണ്ടു. അതു ശരിയല്ല. UDF ൽ നിന്ന് കേരള കോൺഗ്രെസിനെ പുറത്താക്കിയ വിവരം ലേഖകൻ അറിയാഞ്ഞിട്ടാണോ അതോ സൗകര്യപൂർവ്വം മറച്ചുവെച്ചതാണോ? KM മാണിയുടെ മരണത്തിനു ശേഷം കേരള കോൺഗ്രസിനെ UDFൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ LDFൽ ചേരുന്നതിന് തൊട്ട് മുമ്പാണ് ജോസ് K മാണി തന്റെ MP സ്ഥാനം രാജി വെച്ചത്. Mr.കുര്യനെ പ്രശംസിക്കുവാൻ ഒരു ലോപവും കാണിക്കാത്ത ലേഖകൻ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളിലുള്ള നിജസ്ഥിതി എങ്ങനെ മറന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

View More