Image

കാലം ചെയ്ത ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം വ്യാഴാഴ്ച

Published on 05 May, 2021
കാലം ചെയ്ത ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം വ്യാഴാഴ്ച
തിരുവല്ല: കാലം ചെയ്ത ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ െ്രെകസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. െ്രെകസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാള്‍ കൂടിയാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

ഇരവിപേരൂര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ 1944ലെ പുതുവര്‍ഷ ദിനത്തില്‍ ശെമ്മാശപ്പട്ടവും അതേ വര്‍ഷം ജൂണ്‍ മൂന്നിനു വൈദികനുമായി. 1944ല്‍ ബെംഗളൂരു ഇടവക വികാരി. 1948ല്‍ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ല്‍ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മേയ് 20ന് റമ്പാന്‍ സ്ഥാനവും 23ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു. 1953ല്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ, തോമസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്‌കോപ്പയായി അവരോധിക്കപ്പെടുന്നത്.

1953–54 കാലത്ത് കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളജില്‍ ഉപരിപഠനം. 1954ല്‍ കോട്ടയം– കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതല്‍ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ പദവി വഹിച്ചു. 1954ല്‍ അഖിലലോക സഭാ കൗണ്‍സില്‍ ഇവാന്‍സ്റ്റന്‍ സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ല്‍ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകന്‍. 1963ല്‍ മിഷനറി ബിഷപ്. 1968ല്‍ അടൂര്‍–കൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ല്‍ അഖിലലോക സഭാ കൗണ്‍സില്‍ ഉപ്‌സാല സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭാ പ്രതിനിധി. 1975ല്‍ വീണ്ടും മിഷനറി ബിഷപ്.

1978 മേയ് മാസം സഫ്രഗന്‍ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയര്‍ത്തപ്പെട്ടു. 1980ല്‍ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ല്‍ റാന്നി– നിലയ്ക്കല്‍, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂര്‍– തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍. 1999 മാര്‍ച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബര്‍ 23ന് സഭയുടെ പരമാധ്യക്ഷനായ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബര്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക