Image

കൗമാരക്കാർക്കു  ഫൈസർ വാക്സിൻ അടുത്ത ആഴ്ച ആദ്യം എഫ്ഡിഎ അംഗീകരിച്ചേക്കും 

Published on 04 May, 2021
കൗമാരക്കാർക്കു  ഫൈസർ വാക്സിൻ അടുത്ത ആഴ്ച ആദ്യം എഫ്ഡിഎ അംഗീകരിച്ചേക്കും 

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാർക്ക്    ഫൈസർ-ബിയോൺടെക് കോവിഡ് -19 വാക്സിൻ  അനുമതി നൽകാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തയ്യാറെടുക്കുന്നു  

ഈ വാർത്ത വളരെയധികം പ്രതീക്ഷയോടെയാണ് അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്. കൗമാരക്കാരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങൾ ഫൈസർ പ്രഖ്യാപിച്ചതുപ്രകാരം,  മുതിർന്നവരിലേതുപോലെ  മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 16 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവരിൽ കാണപ്പെടുന്ന തരത്തിലുള്ള  പാർശ്വഫലങ്ങൾ മാത്രമേ 12 -15 വയസ്സുകാരെ പരീക്ഷണവിധേയമാക്കിയപ്പോഴും പ്രകടിപ്പിച്ചിരുന്നുള്ളു എന്ന് കമ്പനി മാർച്ച് അവസാനം അറിയിച്ചിരുന്നു. കൗമാരക്കാർക്ക് കൂടി  പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്, ജനസംഖ്യയുടെ കൂടുതൽ ശതമാനം ആളുകളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും  കോവിഡ് മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനും  പ്രധാനമാണ്.

 ഫെഡറൽ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഈ ആഴ്ച തന്നെ അംഗീകാരം ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. എഫ്ഡിഎ  അനുവദിക്കുകയാണെങ്കിൽ, ക്ലിനിക്കൽ ട്രയൽ ഡാറ്റ അവലോകനം ചെയ്യുന്നതിനും കൗമാരക്കാരിൽ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) വാക്സിൻ ഉപദേശക പാനൽ ചേരും  

 അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ്  കുട്ടികൾക്ക് മരുന്ന് ലഭ്യമാകണമെന്നാണ് കരുതുന്നത്.

യുഎസിൽ  സ്വാഭാവിക പ്രതിരോധത്തിനുള്ള  സാധ്യതയില്ലെന്ന് വിദഗ്ദ്ധർ

മഹാമാരിയുടെ  തുടക്കത്തിൽ, കൊറോണ വൈറസിനുള്ള വാക്സിനുകൾ ഇത്രവേഗം സാധ്യമാകുമെന്ന് വ്യക്തത ഇല്ലാതിരുന്ന സമയത്ത് ആരോഗ്യ വിദഗ്ദ്ധർ പ്രതീക്ഷ പങ്കുവച്ചിരുന്നത് 'സ്വാഭാവിക പ്രതിരോധം' എന്ന പ്രതിഭാസത്തിനായിരുന്നു. ഒരു സമൂഹത്തിലെ കൂടുതൽ പേർക്കും രോഗം പിടിപ്പെടുകയും അവർ അതിനെ അതിജീവിക്കുമ്പോൾ സ്വയം പ്രതിരോധശക്തി ഉടലെടുക്കുന്നതോടൊപ്പം സമൂഹത്തിനൊന്നാകെ പ്രതിരോധശേഷി കൈവരുമെന്നും അങ്ങനെ കോവിഡ് ഭീതിക്ക് അന്ത്യം കുറിക്കാമെന്നുമാണ് അന്ന് പറഞ്ഞിരുന്നത്-ഹെർഡ് ഇമ്മ്യുണിറ്റി 

ഇപ്പോൾ, വാക്സിൻ  യാഥാർഥ്യമായിരിക്കുന്നു.  16 വയസ് പിന്നിട്ട പകുതിയിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു കഴിഞ്ഞു. എന്നാൽ, ഈ അനുകൂല സാഹചര്യത്തിലും സ്വാഭാവിക രോഗപ്രതിരോധ ശേഷി കൈവരിക്കാനാവില്ലെന്നാണ്  ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയിൽ എന്നല്ല, ഒരുപക്ഷേ ഒരിക്കലും അത് നടന്നേക്കില്ല.

 വൈറസ് വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതും  പുതിയ വകഭേദങ്ങൾ വളരെ എളുപ്പത്തിൽ പടരുന്നുവെന്നതും കണക്കിലെടുക്കുമ്പോൾ,  വാക്സിൻ വിതരണം മുന്നേറുന്നുണ്ടെങ്കിൽ പോലും ഉടനെ സ്വാഭാവിക പ്രതിരോധശേഷി ലഭ്യമാകില്ലെന്ന് വ്യക്തമാണ്.

' പ്രായം,  ആരോഗ്യസ്ഥിതി എന്നിവ കാരണം ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് രോഗത്തിന്റെ  തീവ്രത പരിമിതപ്പെടുത്തുന്നതിൽ നിർണായക സ്ഥാനമാണ് വാക്സിനുകൾക്കുള്ളത്. എന്നാൽ, അതുവഴി വൈറസിനെ ഉൻമൂലനം ചെയ്യാൻ ആകില്ല.' അറ്റ്ലാന്റയിലെ എമോറി സർവകലാശാലയിലെ ശാസ്ത്രജ്ഞനായ റസ്റ്റോം ആന്റിയ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക