Image

ഇനിയെങ്കിലും മാറി ചിന്തിക്കൂ കോണ്‍ഗ്രസേ(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 04 May, 2021
ഇനിയെങ്കിലും മാറി ചിന്തിക്കൂ കോണ്‍ഗ്രസേ(ജോബിന്‍സ് തോമസ്)
കേരളത്തില്‍ ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ശക്തമായിത്തന്നെ ഉണ്ടാവണമെന്നാണ്. എന്നാല്‍ എതിരാളികളുടെ പോലും ആ ആഗ്രഹം ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തനിക്കും സ്വന്തം ഗ്രൂപ്പിലുള്ളവര്‍ക്കും സ്ഥാനമാനങ്ങളും പാര്‍ട്ടിയില്‍ മേല്‍ക്കൈയും വേണമെന്ന ആഗ്രഹം ഇവിടെ ഗ്രൂപ്പ് മാനേജര്‍മാരായ നേതാക്കള്‍ ഉപേക്ഷിച്ചാല്‍ മാത്രമെ കേരളത്തിലെ കോണ്‍ഗ്രസിനു രക്ഷയുള്ളു. കോണ്‍ഗ്രസിന് പരമ്പരാഗത വോട്ടുകളും എന്തിനും കൂടെ നില്‍ക്കാന്‍ മനസ്സുള്ള അണികളുമുള്ള നാടാണ് കേരളം.

ഗ്രൂപ്പുകള്‍ക്കപ്പുറം കഴിവും ജനകീയതയുമുള്ള നേതാക്കളെ പാര്‍ട്ടിയിലും നിയമസഭയിലും തലപ്പത്തേയ്ക്ക് കൊണ്ടുവന്നാല്‍ മാത്രമെ കോണ്‍ഗ്രസിന് ഇനി മുന്നോട്ടു പോകാന്‍ കഴിയൂ. ഇപ്പോള്‍ തന്നെ വി.ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തും കെ സുധാകരനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും എത്തിക്കണമെന്നുള്ള ആവശ്യം അണികള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഗ്രൂപ്പ് വീതം വയ്ക്കലില്‍ ഇവയൊക്കെ തമസ്‌ക്കരിക്കപ്പെടാനാണ് സാധ്യത.

ഗ്രൂപ്പ് വീതം വെയ്ക്കല്‍ അവസാനിപ്പിച്ച് അണികളുടെ മനമറിഞ്ഞുള്ള ഒരു അഴിച്ചുപണി കോണ്‍ഗ്രസില്‍ അനിവാര്യമാണ്. രാഹുല്‍ ഗാന്ധിക്ക് പോലും ഇക്കാര്യങ്ങളില്‍ താത്പര്യം ഉണ്ടെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ സമ്മതിക്കാത്തതാണ് കാരണം.

സാമാന്യം ഭേദപ്പെട്ടതും താരതമ്യേന പരാതികള്‍ കുറവുള്ളതുമായ സ്ഥാനാര്‍ത്ഥിപ്പട്ടിക ആയിരുന്നു കോണ്‍ഗ്രസ് ഇത്തവണ അവതരിപ്പിച്ചത്. മികച്ചതും സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നെങ്കിലും അവരെ വേണ്ട വിധത്തില്‍ മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ല. മാത്രമല്ല കേന്ദ്രത്തില്‍ ഉള്ള നേതാക്കന്‍മാരടക്കം കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പന്‍ ഭൂരിപക്ഷത്തിന്റെ അമിത ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ടായിരുന്നു.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നി്ന്നും പാഠമുള്‍ക്കൊള്ളാതെ അത് മറച്ചു വയ്ക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്. അധികാരമോഹവും ഗ്രൂപ്പിസവും അവസാനിപ്പിച്ച് അണികളുടെ അഭിപ്രായം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോയാല്‍ അതിശക്തമായി തിരിച്ചുവരാന്‍ ത്രാണി ഇനിയും അവശേഷിക്കുന്ന പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസ്.

ഇനിയെങ്കിലും മാറി ചിന്തിക്കൂ കോണ്‍ഗ്രസേ(ജോബിന്‍സ് തോമസ്)
Join WhatsApp News
M. A. ജോർജ്ജ് 2021-05-04 17:20:07
കോൺഗ്രസ്സിന് തതതായ ഒരു വ്യക്തിത്വം ഉണ്ടാവണം. നിലവിലുള്ള സഖ്യം ഇല്ലാതെ കോൺഗ്രസ്സ് തനിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. കോൺഗ്രസ്സിനുള്ളിലാണ് സഖ്യം ഉണ്ടാവേണ്ടത്. പഴയ കോൺഗ്രസ്സിന്റെ ദേശീയ മുഖം ഉണ്ടാവണമെങ്കിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തനമാണാവശ്യം. നേതാക്കന്മാരുടെ ബാഹുല്യം കോൺഗ്രസ്സിനെ പലദിക്കുകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നതിനേക്കാൾ രാജ്യത്തിന്റെ ഭരണo കൈകാര്യം ചെയ്യുന്ന ദേശീയ പാർട്ടിയുടെ ഉത്തരവാദിത്വം അതിന്റെ അർത്ഥത്തിൽ തന്നെ ഏറ്റെടുക്കുക. ജനങ്ങളെ വിശ്വാസത്തിലെടുക്കുക. ധീരമായ നിലപാട് എടുക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക