Image

ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനം വൈകും

Published on 20 June, 2012
ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനം വൈകും
കയ്റോ: ഈജിപ്തില്‍ സൈനികഭരണകൂടം പുതിയ പ്രസിഡന്റിനു അധികാരം കൈമാറുന്നതു ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഫലം പ്രഖ്യാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാളെ ഫല പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു അടുത്തയാഴ്ച വരെ കാത്തിരിക്കണമെന്ന് സൈനികഭരണകൂടം അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയും മുബാറക്കിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന എതിര്‍സ്ഥാനാര്‍ഥി അഹമ്മദ് ഷെഫീക്കും വിജയം അവകാശപ്പെട്ട സാഹചര്യത്തിലാണ് ഫല പ്രഖ്യാപനം വൈകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരാതികള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഇതിനു ശേഷം ഔദ്യോഗികമായി ഫലം പുറത്തുവിടുമെന്നും സുപ്രീം പ്രസിഡന്റ് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ജസ്റീസ് ഫറൂഖ് സുല്‍ത്താന്‍ അധ്യക്ഷനായുള്ള ഇലക്ഷന്‍ കമ്മീഷനാണ് ഫല പ്രഖ്യാപനം വൈകിപ്പിക്കാനുള്ള തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 400 പരാതികളാണ് ഇതുവരെ കമ്മീഷനു ലഭിച്ചിട്ടുള്ളത്. ഇരു സ്ഥാനാര്‍ഥികളുടെയും അഭിഭാഷകരുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, മുസ്ലിം ബ്രദര്‍ഹുഡ് ഇന്നലെ സൈനികഭരണകൂടത്തിന് എതിരേ കയ്റോയില്‍ വന്‍ പ്രകടനം നടത്തി. തഹ്റീര്‍ ചത്വരത്തില്‍ പതിനായിരത്തോളം പേര്‍ തടിച്ചുകൂടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച തങ്ങളുടെ സ്ഥാനാര്‍ഥി മുര്‍സിക്ക് അധികാരം കൈമാറണമെന്നാണ് അവരുടെ ആവശ്യം. ഈയിടെ ഇടക്കാല ഭരണഘടന പ്രഖ്യാപിച്ച് സൈനിക ഭരണകൂടം അമിതാധികാരം കൈയടക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക